Image

ഉള്ളൊഴുക്ക് - അപൂർവ ദൃശ്യാനുഭവം : പി.സീമ

Published on 05 July, 2024
ഉള്ളൊഴുക്ക് - അപൂർവ ദൃശ്യാനുഭവം : പി.സീമ

ആർഭാടങ്ങളോ അലങ്കാരങ്ങളോ പ്രണയരംഗങ്ങളോ തട്ട് പൊളിപ്പൻ സംഗീതമോ,   കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമോ  ഇല്ലാതെ നിസ്സഹായതയുടെ ഉള്ളുരുകി ഒഴുകിയ "ഉള്ളൊഴുക്കു "മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. അഭിനയത്തിന്റെ ഉച്ചകോടിയിൽ ഉർവശിയും പാർ വ്വ തിയും മത്സരിച്ച് അഭിനയിച്ച ചിത്രം.  ചില നിസ്സഹായതകൾ നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നത് ഇത്തരം ചില അവസ്ഥകളിൽ തന്നെ ആണ്.  ഏറെ നാളുകൾക്കു ശേഷം സ്ത്രീ കഥാപാത്രങ്ങൾക്ക് സ്വന്തമായി ഒരു ഇടം നൽകിയ സിനിമ.   പുതു സംവിധായകൻ പ്രതീക്ഷക്കു വക നൽകുന്നു.  ഉള്ളുറപ്പുള്ള തിരക്കഥയിൽ  വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ നീറുമ്പോൾ ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണുകൾ പിൻവലിക്കാതെ, ഓരോ കഥാപാത്രത്തിലുമുള്ള അവരുടേതായ ന്യായങ്ങളും, എന്നാൽ സൂക്ഷ്മമായി ഹൃദയത്താൽ ഉഴിഞ്ഞു ആഴത്തിൽ ചെന്ന് തൊട്ടാൽ നമ്മളാൽ തന്നെ നീതീകരിക്കപ്പെട്ടുപോകുന്ന ചില അന്യായങ്ങളും, കണ്ണീരുമുണ്ട് ഇതിൽ.
 

പെയ്തു തോരാത്ത ഒരു പെരുമഴയായി പ്രേക്ഷകർക്കുള്ളിലും അവ പെയ്യുന്നു.  ഈയിടെ കണ്ടു മടുത്തുപോയ ചില പുതിയ ചിത്രങ്ങൾ സമ്മാനിച്ച,  കഥ പോലും എന്തെന്ന് പിന്നീട് ഓർത്തെടുക്കാൻ പറ്റാതെ പോയ വിരസതയുടെ ഭൂമികയിൽ നിന്നും  ചുട്ടെരിക്കുന്ന ഒരു തരം നൊമ്പരത്തിലേക്കു   ഈ ചിത്രം കാണുമ്പോൾ കാണികളും ഉള്ളുരുകി ഒഴുകുന്നു.   കഥാന്ത്യം ഒരു നിയോഗം പോലെ നമ്മുടെയും ഉള്ളിന്റെയുള്ളിൽ ഒരു മുൻവിധി  പോലെ മോഹിച്ചു പോയ ഒന്നാകുമ്പോൾ ആ കാഴ്ച കരയാകെ കവരുന്ന  സ്നേഹത്തിന്റെ...അതിർ കാണാത്ത നോവിന്റെ,  ആത്മാവിൽ ചെന്ന് തൊടുന്ന സാന്ത്വനത്തിന്റെ കടലാകുന്നു. കണ്ടറിയേണ്ടവ കഥ പറഞ്ഞ് അറിയിച്ചു കൂടല്ലോ. സ്നേഹത്തെ  സ്നേഹം കൊണ്ടു പൊതിയുന്ന, എന്നാൽ മനുഷ്യസഹജമായ ദൗർബല്യങ്ങളുടെ നിഴലും, സഹനത്തിന്റെ നിലാവും മാറി മാറി മനസ്സിൽ വരഞ്ഞിടുന്ന  ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നുണ്ട്..പോയി കാണുക.. ആ "ഉള്ളൊഴുക്കി"  ന്റെ ഒരു ചെറു തിരയിളക്കത്തെ തീർച്ചയായും മനസ്സിലേക്ക് ആവാഹിക്കാൻ കഴിയും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക