
മനസ്സിന്റെ കോവിലിലെന്നും ജ്വലിക്കുന്ന,
മണിവിളക്കാണെന്റെയമ്മ!
മാറോടണച്ചെന്നെയെന്നും തഴുകുന്ന,
മായാപ്രപഞ്ചമെന്നമ്മ!
മന്ദഹാസംതൂകി താരാട്ടുപാടുന്ന,
മധുരമാമോർമ്മയെന്നമ്മ!
മലയാളമണ്ണിന്റെ മണമോതുംശൈലികൾ,
മനസ്സിൽനിറച്ചൊരെന്നമ്മ!
മാമലനാടിന്റെ കഥകൾ പറഞ്ഞെന്നെ,
മനുജനായ് തീർത്തോരെൻ പുണ്യം!
മധുവൂറും അമ്മിഞ്ഞപാലിന്റെ നൈർമ്മല്യം,
മങ്ങാതെ കാത്തിടും ഞാനും!
ജീവിതയാത്രയിൽ മുന്നിൽ തെളിയുന്ന
സ്നേഹസ്വരൂപിയാം ദേവിയമ്മ!
പലനാളിൽ മക്കൾ മറന്നിടും വേളയിൽ
പരിഭവമില്ലാതെ, തേങ്ങുമമ്മ!
കാലചക്രങ്ങൾ തിരിഞ്ഞൊരാനാളൊന്നിൽ,
അമ്മയായ് തീർന്നിടും കാലം.
അമ്മതൻ വാത്സല്യദുഗ്ദ്ധത്തിൻ മഹാത്മ്യം,
എന്തെന്നറിയുന്നു ഞാനും!!
വർണ്ണിക്കാൻ വാക്കുകളില്ലാത്തസുന്ദര-
ബന്ധത്തിൻ കാതലാണമ്മ!
മനസ്സിന്റെ കോവിലിൽ എന്നും ജ്വലിക്കുന്ന
മണിവിളക്കാകുമെന്നമ്മ!