Image

നാളെ... (കവിത: സിന്ധു ഗാഥ)

Published on 04 October, 2023
നാളെ... (കവിത: സിന്ധു ഗാഥ)

മഴക്കാടുകളില്‍
തീപിടിക്കുന്നതും
വെയിലരുവിയില്‍
മഞ്ഞുറയുന്നതും

നനവു തോര്‍ത്തിയ
പുഴകളൊക്കെയും
പാതിരാക്കാറ്റിന്റെ
ഗദ്ഗദമാകുന്നതും

വിലയേറും വായുവും
വിലകുറയും സ്നേഹവും

ഞാനും നീയും
മാത്രമായകലുന്ന
കാലത്തിലേക്കുള്ള
കുതിച്ചോട്ടത്തില്‍
ഞെരിഞ്ഞമരുന്ന
പ്രണയവും

മഴമുകിലുകളില്‍
നിന്നുതിര്‍ന്നു വീഴുന്ന
ജലകണികകള്‍
വീണു പൊള്ളുന്ന
അമ്മതന്‍ മാറിടം

നാളെയുടെ നീളനിടനാഴിയില്‍
മറുവാക്കു പറയാതെ
മറുനോട്ടമെറിയാതെ
പോയ്മറയുന്ന ജീവിതം

നഷ്ടദൂരങ്ങളില്‍ മായുന്ന നാളെ ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക