
പതിനൊന്നു വർഷത്തിനുശേഷം രാച്ചിയമ്മയെ കണ്ടപ്പോൾ, അവളിൽ പ്രത്യക്ഷപ്പെട്ട മാറ്റത്തിലല്ല അത്ഭുതം, അവൾക്കു മാറ്റങ്ങൾ വന്നിരിക്കാമെന്ന് അതേവരെ ഓർക്കാതിരുന്നതിലാണ്.
നീലഗിരിയിൽ നിന്നും പോന്നതിനുശേഷം പലപ്പോഴും ഞാൻ രാച്ചിയമ്മയെപ്പറ്റി ഓർത്തിട്ടുണ്ട്. കരിങ്കൽ പ്രതിമപോലെയുള്ള ആ ശരീരവും ആ ചങ്കൂറ്റവും മനസ്സിൽ നിന്ന് ഒരിക്കലും മായുമെന്ന് വിചാ രിച്ചില്ല. പക്ഷേ, കാലമെന്ന ആ വലിയ തമാശയ്ക്കിടയിൽ എല്ലാം മാഞ്ഞുമാഞ്ഞു പോകുന്നു. എന്നാലും വല്ലപ്പോഴുമൊക്കെ ഓർക്കാ തിരുന്നിട്ടില്ല.
ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നുവരുന്ന രാച്ചിയമ്മയെ കണ്ടറിയുക വയ്യ. കേട്ടറിയാം, കൈകളിലെ അയഞ്ഞ വെള്ളിവളകൾ പൊട്ടിച്ചിരിക്കും. ഇളംനീലവർണ്ണമായ ആകാശത്തിനു ചുവട്ടിൽ അലംഭാവത്തോടെ കിടക്കുന്ന പച്ചക്കുന്നുകളുടെ കരുത്തും കമനീയതയും രാച്ചിയമ്മ എപ്പോഴും ഓർമ്മപ്പെടുത്തി.
ആ രാച്ചിയമ്മയാണോ മുമ്പിൽ നില്ക്കുന്നത്?
ഞാൻ ഒരിക്കൽക്കൂടി ഊന്നി നോക്കി. കറുത്തുനീണ്ട വിരൽത്തു മ്പുകളിലെ അമ്പിളിത്തുണ്ടുകൾക്ക് ഇന്നും തിളക്കവും ശുചിത്വവു മുണ്ട്. മൂക്കും കണ്ണുമെല്ലാം അതേപോലെതന്നെ. ടോർച്ചടിക്കുന്നതി പോലെയുള്ള ചിരിക്കും വ്യത്യാസമില്ല. ടോർച്ചിലെ ബാറ്ററിക്ക് സ്വല്പം ശക്തിക്ഷയം പെട്ടിട്ടുണ്ടെന്ന് തോന്നി...(രാച്ചിയമ്മ - ഉറുബ്)
മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്‌ചയും വായനുഭവവുമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വ്വമായ അന്വേഷണങ്ങള്‍കൊണ്ടുകൂടിയാണ്.