
"ഇപ്പോൾ നിങ്ങൾ എന്താണ് എന്നുള്ളതല്ല, 25 വർഷത്തിനു ശേഷമുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ നിങ്ങൾ എന്തായിരിക്കും എന്നതാണ് ആലോചിക്കേണ്ടത്."
അവസാന വർഷ ക്ലാസിലെ അവസാനദിവസം ജോൺ സാർ പറഞ്ഞ ആ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
കൂടെ പഠിച്ചവർ ഇന്ന് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോൾ, അടച്ചുകെട്ടിയ അടുക്കള വരാന്തയിലെ അരിപ്പെട്ടിയിലിരുന്നുകൊണ്ട് ഞാൻ ചിന്തിച്ചു. ഞാൻ എന്തായിത്തീർന്നു…
അന്ന് അവസാന ക്ലാസ് ദിവസം കോളേജ് മുറ്റത്തെ വാകമരത്തണലിൽ ഇരുന്ന് ജോണി പറഞ്ഞു:
"ഞാൻ അടുത്തമാസം തന്നെ US ലേക്ക് പോകും. ഇനി വരുന്നത് നിന്നെയും കൂടെ കൊണ്ടുപോകാനായിരിക്കും."
"അപ്പോൾ ഇനി വരില്ല എന്നർത്ഥം അല്ലേ?"
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
അവന് വരേണ്ടി വന്നില്ല. അധികം താമസിയാതെ ഒരു മെക്സിക്കൻ പെൺകുട്ടിയുമായി അവൻ ജീവിതം ആരംഭിച്ചു.
വീട്ടുകാർ കണ്ടെത്തിയ ഒരു സർക്കാർ ജീവനക്കാരനുമായി എന്റെ വിവാഹവും നടന്നു.
ഒരിക്കൽ അമ്മ പറഞ്ഞു:
" നിനക്കിപ്പോൾ എന്താണ് കുഴപ്പം?. വീടിനടുത്തുള്ള ആശുപത്രിയിൽ ജോലി. സർക്കാർ ജോലിയുള്ള ഭർത്താവ്. ആവശ്യത്തിന് കൃഷിയും. ജീവിതം സുഖമായില്ലേ."
ശരിയായിരുന്നു …എല്ലാം ശരിയായിരുന്നു …
കുട്ടി ഉണ്ടായതോടെ പ്രൈവറ്റ് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു. മോളെ സ്കൂളിൽ വിടാറായപ്പോഴേക്കും ഇവിടത്തെ അച്ഛൻ കിടപ്പിലായി. അധികം താമസിയാതെ അമ്മയും. വീട്ടിൽ തന്നെ ഒരു നേഴ്സ് ഉള്ളപ്പോൾ ഹോം നേഴ്സിനെയും ജോലിക്കാരെയും ഒന്നും വയ്ക്കേണ്ട കാര്യമില്ലല്ലോ!
അങ്ങനെ രാവിലെ അഞ്ചു മുതൽ രാത്രി പത്തു മണി വരെയുള്ള ജോലികളുമായി പൊരുത്തപ്പെട്ടു. ജീവിതം മൂന്നുമുറികളിലായി ഒതുങ്ങി…
പഴയ കൂട്ടുകാരിൽ നഴ്സിംഗ് ജോലി വിട്ട് പത്രപ്രവർത്തനത്തിന് ഇറങ്ങിയ ജാൻസിയുമായി മാത്രമാണ് ബന്ധമുള്ളത്. ജോലിയിലെ അലച്ചിലും ബുദ്ധിമുട്ടുകളും ഒക്കെ പറഞ്ഞ് ഇടയ്ക്ക് അവൾ വിളിക്കും. അപ്പോഴാണ് മറ്റ് കൂട്ടുകാരുടെ വിവരങ്ങൾ അറിയുന്നത്.
എല്ലാവർഷവും തന്നെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താറുണ്ടെങ്കിലും ആദ്യത്തെ ഏതാനും വർഷം മാത്രമേ പോകാനായുള്ളൂ. ഈ ഓണം കേറാമൂലയിലേക്ക് എത്തുവാൻ അവർക്കും താല്പര്യം ഉണ്ടാവില്ല.
കൂടുതൽ പേരും വിദേശരാജ്യങ്ങളിൽ ആണ്. അവർ വരുമ്പോൾ നഗരത്തിലെ ഏതെങ്കിലും സ്റ്റാർ ഹോട്ടലിൽ വച്ചാവും ഇപ്പോൾ കൂടിച്ചേരലുകൾ.
ഞായറാഴ്ച പള്ളിയിൽ പോകുന്നതല്ലാതെ മറ്റെങ്ങും പോകാൻ പറ്റാത്ത ഞാൻ ഈ കൂടിച്ചേരലുകൾക്ക് വിളിച്ചാലും പോകാറില്ല. ഇപ്പോൾ ആരും വിളിക്കാറുമില്ല.
ഇപ്രാവശ്യം വന്നേ പറ്റൂ എന്ന ജാൻസിയുടെ നിർബന്ധത്തിനും ഞാൻ വഴങ്ങിയില്ല. ജോൺ സാർ പറഞ്ഞതുപോലെ 25 വർഷം കഴിഞ്ഞുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുവാൻ ഞാൻ ആരുമായില്ലല്ലോ…
ഇപ്പോൾ കൂടിച്ചേരലുകൾ കഴിഞ്ഞിട്ടുണ്ടാവാം. വീണ്ടും ഒത്തുകൂടാനായി അടുത്ത സ്ഥലവും തീയതിയും തീരുമാനിച്ച് അവർ പ്രതീക്ഷയോടെ പിരിഞ്ഞിട്ടുണ്ടാവും. ജീവിതത്തിൽ എങ്ങും എത്താതെ പോയ എന്നെ അവർ ഓർമ്മിക്കണം എന്നില്ലല്ലോ…
പെട്ടെന്ന് ഒന്നിന് പിറകെ ഒന്നായി കാറുകൾ മുറ്റത്ത് വന്ന് നിന്നു. ആർക്കോ വഴിതെറ്റിയതാണോ? ഇങ്ങോട്ടേക്ക് ഇങ്ങനെ വരുവാൻ തക്ക ബന്ധുക്കളാരുമില്ലല്ലോ?
ജാൻസിയാണ് ആദ്യം ഇറങ്ങിയത്. പിന്നീട് ഇറങ്ങിയവരെ മനസ്സിലാക്കാൻ സമയമെടുത്തു. വർഷങ്ങൾ കൂടെ പഠിച്ചവരെ മറക്കുന്നത് എങ്ങനെ…
കാച്ചിയ എണ്ണയുടെയും കുഴമ്പിന്റെയും ഗന്ധമുള്ള മുറിയിലേക്ക് അവർ കടന്നുവന്നു. കിടപ്പിലായ അമ്മയെയും അച്ഛനെയും കണ്ട് നിശബ്ദരായി അവർ പുറത്തുവന്നു.
കുശാലാന്വേഷണങ്ങൾക്കു ശേഷം ആലിസ് പറഞ്ഞു തുടങ്ങി:
"25 വർഷങ്ങൾക്കു മുൻപ് ഈ കൂട്ടായ്മ രൂപീകരിക്കാൻ മുൻകൈയെടുത്തതും ഏറ്റവും ബുദ്ധിമുട്ടിയതും നീയായിരുന്നു. ആദ്യത്തെ മൂന്നുവർഷം നീ നൽകിയ നേതൃത്വം ആണ് ഈ കൂട്ടായ്മയെ ഇന്നും നിലനിർത്തുന്നത്."
അവൾ തുടർന്നു:
"ഈ രജത ജൂബിലി വർഷത്തിൽ ആ ഓർമ്മയ്ക്കായി ഞങ്ങൾ ഈ ഗിഫ്റ്റ് നിനക്ക് തരികയാണ്."
ഒരു കാറിന്റെ കീ നീട്ടിക്കൊണ്ട് റോസി പറഞ്ഞു.
"എന്തിന്! എനിക്ക്!"
വാക്കുകൾ കിട്ടാതെ ഞാൻ കുഴഞ്ഞു.
"ഇതു നീ വാങ്ങിയേ ഒക്കൂ . ഞങ്ങൾ നോക്കിയപ്പോൾ നീ മാത്രമേ കാർ വാങ്ങാതെ ഉള്ളൂ. അതുകൊണ്ട് ഗിഫ്റ്റായി കാർ ആകാമെന്ന് തീരുമാനിച്ചു." ആലിസ് പറഞ്ഞു.
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്തൊക്കെയോ വികാരങ്ങൾ മനസിലൂടെ കടന്നുപോയി…
കുറേ മധുര പലഹാരങ്ങളും നൽകി അവർ പിരിയുമ്പോഴും, ഭർത്താവ് ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല.
മുറ്റത്ത് കിടക്കുന്ന പുതിയ കാർ കാണുമ്പോൾ, കാര്യം അറിയുമ്പോൾ, അദ്ദേഹം സന്തോഷിക്കുമെന്ന് ഞാൻ വെറുതെ മോഹിച്ചു…
"നമുക്ക് എന്തിനാണ് ഇപ്പോൾ ഒരു കാർ? നമ്മെ ധിക്കരിച്ച് ഇറങ്ങിപ്പോയ മകൾക്ക് കൊടുക്കാനോ? അതോ വീടിന് മുൻപിലെ അലങ്കാരത്തിനോ?"
ഞാൻ ഒന്നും പറഞ്ഞില്ല.
വൈകുന്നേരം പുറത്തിറക്കി വിടാത്തത് കൊണ്ടാവാം കൂട്ടിൽ കിടന്ന നാടൻ നായ കുരച്ചു കൊണ്ടേയിരുന്നു…
STORY THANKACHAN PATHIYAMOOLA