കിനാവും കണ്ണീരും ; ജീവിതം അവസാനിപ്പിക്കാൻ ധൈര്യം കിട്ടാൻ പ്രാർത്ഥന
കെ.സി ഉമ , മണർകാട്, കോട്ടയം
ജീവിതം അവസാനിപ്പിക്കാനും വേണ്ടേ ഒരു ധൈര്യം? ആ ധൈര്യം കിട്ടാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. ഒരു യുവതിയുടെ കണ്ണീർക്കഥ...
ഞാൻ ഉമ, കാമുകൻ ഉപേക്ഷിച്ചതിന്റെ ഷോക്കിൽ ആദ്യം വിവാഹാലോചനയുമായി വന്ന മനുഷ്യന്റെ വരണമാല്യം അണിഞ്ഞതാണ് എന്റെ തെറ്റ്. കോട്ടയത്തിനടുത്ത മണർകാടാണ് എന്റെ വീട്. അച്ഛന് ആശാരിപ്പണി, അമ്മ ചെറുപ്പത്തിലേ മരിച്ചു. രണ്ട് അനിയന്മാരും ഒരു കൊച്ചനുജത്തിയുമുണ്ട്. ഞങ്ങളെ തനിയേ ആക്കി ക്ഷയരോഗിയായ അമ്മ കടന്നു പോയതോടെ ഞാനായി താഴെയുള്ളവരുടെയെല്ലാം അമ്മയുടെ റോളിൽ. കുഞ്ഞുങ്ങളെയെല്ലാം സ്‌കൂളിലയച്ച് ഒരുക്കി ഞാൻ തുന്നൽ പണിക്ക് പോകും. എട്ടാംക്ലാസിലേ ഞാൻ പഠനം നിർത്തിയിരുന്നു.
അങ്ങനെയിരിക്കെ ഞങ്ങളുടെ തുന്നൽക്കടയിൽ കണ്ണൂരിലെ ശ്രീകണ്ഠാപുരത്തു നിന്നൊരു ചേട്ടൻ വന്നു. നല്ല തടിമിടുക്കുള്ള ചെറുപ്പക്കാരൻ. ഞങ്ങൾ പെൺകുട്ടികളുടെ ഇടയിൽ അയാൾ താരമായി. അതിനിടെ അയാൾ ശ്രീകണ്ഠാപുരത്തെ വലിയൊരു കുടുംബത്തിലെ പുള്ളിയാണെന്നും വീട്ടിൽ നിന്ന് പിണങ്ങി പോന്നതാണെന്നുമായി ശ്രുതി.
ഞങ്ങളുടെ തുന്നൽക്കടയിൽ ഒരു റെഡിമെയ്ഡ് വിഭാഗമുണ്ട്. അതിലേക്ക് ഓർഡർ പിടിക്കുന്നത് ഈ ചേട്ടനാണ്. ചേട്ടൻ വന്നതോടെ ഓർഡനുസരിച്ച് കുട്ടികളുടെ ഫാഷൻ ഡ്രസ്സുകൾ തുന്നിക്കൊടുക്കാൻ പറ്റാത്തത്ര ഡിമാൻഡ്. ഇതോടെ രവിയേട്ടനെ മുതലാളി അസിസ്റ്റന്റ് മാനേജരാക്കി. യാത്ര ചെയ്യാൻ ഒരു സ്‌കൂട്ടറും നൽകി.
ഒരു ദിവസം ജോലിചെയ്തു വീട്ടിലേക്ക് മടങ്ങുമ്പോൾ സ്‌കൂട്ടറിന്റെ കീ കീ... ഒച്ച. അത് രവിയേട്ടനായിരുന്നു.
"പിന്നിലോട്ട് കയറി ഇരുന്നോ, വീട്ടിലെത്തിച്ചു തരാം ".
മധുരമുള്ള ഓഫർ.
" രവിയേട്ടാ , ഞാൻ നടന്നു തന്നെ പോകും, ഓഫറിന് നന്ദി ".
രവിയേട്ടൻ ചിരിച്ചു കൊണ്ട് മുന്നോട്ട് പോയി. പിറ്റേന്ന് മുതൽ എന്നോട് അടുപ്പം കാണിക്കാൻ തുടങ്ങി .
" അനിയനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തോ ? "അനിയത്തികുട്ടിക്ക് മാല വാങ്ങിയത് ഏത് സ്വർണ്ണക്കടയിൽ നിന്നാ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളുമായി ഇഷ്ടം കൂടുന്നത് കണ്ടതോടെ കൂട്ടികാരികൾ പ്രോത്സാഹിപ്പിക്കാനും തുടങ്ങി.
രവിയേട്ടൻ ഒരു ദിവസം സിനിമയ്ക്ക് ക്ഷണിച്ചു. പിന്നെ ചെറിയൊരു യാത്ര പോകാമെന്നായി. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ വരാമോ എന്നായി. ഒടുവിൽ സ്‌കൂട്ടറിന്റെ പിന്നിൽ കയറാമോ എന്നായി . എല്ലാമാവാം എല്ലാം കല്യാണം കഴിഞ്ഞു മാത്രം - ഞാൻ അങ്ങനെ ഒരു നിബന്ധന വച്ചത് രവിയേട്ടന് ഇഷ്ടമായില്ല. അതൊക്കെ രവിയേട്ടനിലുള്ള വിശ്വാസക്കുറവാണെന്നായി അദ്ദേഹം. കക്ഷി പിണങ്ങി നടന്നു. പിന്നെ ഒരാഴ്ച രവിയേട്ടൻ ലീവായിരുന്നു.
അതിനിടെ രവിയേട്ടന്റെ കല്യാണക്കുറി തുന്നൽക്കടയിലെത്തി. മട്ടന്നൂരുള്ള ഒരു ഗോപിനാഥന്റെ മകൾ ദമയന്തിയുമായുള്ള ക്ഷണപത്രിക എനിക്കും രാവിലെ ഏട്ടന്റെ കൈപ്പടയിൽ തന്നെ കിട്ടി. രവിയേട്ടനെ പിണക്കി വിട്ടത് ഞാനാണെന്ന് കൂട്ടുകാരികളെല്ലാം കുറ്റപ്പെടുത്തിയെങ്കിലും രവിയേട്ടന്റെ ചതിയിൽ നിന്ന് കഷ്ടിച്ചെങ്കിലും രക്ഷപ്പെട്ടല്ലോ എന്നായിരുന്നു എന്റെ മനസ്സ് പറഞ്ഞത്. ജീവിതത്തിൽ ആദ്യം നാമ്പിട്ടൊരു പ്രണയവും അതോടൊപ്പം കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരവും ചിതറിത്തെറിച്ചു . അപ്പോഴും രവിയേട്ടൻ വിരിച്ച വലയിൽ വീണില്ലല്ലോയെന്ന ചിന്ത ആശ്വാസമുണർത്തി അതോടെ , ഒരു വിവാഹജീവിതത്തിന് എന്റെ മനസ്സ് ഒരുങ്ങി.
അപ്പോഴാണ് ഭാര്യ ഉപേക്ഷിച്ചു പോയ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കല്യാണാലോചന വരുന്നത്. അച്ഛനും അമ്മാവനും അന്വേഷിച്ചു ഉറപ്പിച്ച വിവാഹം. നല്ലൊരു കുടുംബജീവിതം പ്രതീക്ഷിച്ചു പടി കയറിയ അന്ന് തന്നെ ഭർത്താവ് ഒരു സംശയരോഗിയാണെന്ന് തിരിച്ചറിഞ്ഞതായിരുന്നു , രണ്ടാമത്തെ ഷോക്ക് !
ആദ്യരാത്രി തന്നെ വിചാരണയായിരുന്നു. സിനിമയിലെ കോടതി സീനുകളെ ഓർമ്മിപ്പിക്കും വിധം എന്റെ അതുവരെയുള്ള ജീവിതം സ്കാൻ ചെയ്തായിരുന്നു കക്ഷിയുടെ ചോദ്യം ചെയ്യൽ. എല്ലാം കഴിഞ്ഞപ്പോഴാണ്
മൂന്നാമത്തെ ഷോക്ക് : ആ മനുഷ്യന് ലൈംഗിക ശേഷിയില്ല !
വീട്ടിലുള്ള അച്ഛനെയും സഹോദരങ്ങളെയും വിഷമിപ്പിക്കേണ്ടന്ന് കരുതി അയാൾക്കൊപ്പം ജീവിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ, ആ മനുഷ്യനുണ്ടോ സംശയം തീരുന്നു. വഴിയിൽ പോകുന്നവരെ കൂട്ടികെട്ടിയുള്ള ചോദ്യം ചെയ്യൽ നിത്യേനയായി. ചില ദിവസങ്ങളിൽ ശിക്ഷ വിധിക്കാനും തുടങ്ങി . അങ്ങനെ പല ദിവസവും ഞാൻ പട്ടിണിയിലാണ്. മരിക്കാൻ ധൈര്യം കിട്ടാൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.അങ്ങനെ ഒരു ധൈര്യം വന്നാൽ ഞാനും എന്റെ സങ്കടങ്ങളും അതോടെ തീരുമല്ലോ.