Image

തിരിച്ചറിവ്  (കവിത:  മഞ്ജുള ശിവദാസ്‌)

Published on 24 May, 2022
തിരിച്ചറിവ്  (കവിത:  മഞ്ജുള ശിവദാസ്‌)

ഇരുപകലുകൾ ചേർന്നൊരു-
കനവിൻ തേരുതെളിച്ചൊരു നാൾ.
ഇരവിനുമിനി നമ്മെയടർത്താൻ-
കഴിയില്ലെന്നോർത്തൂ..

നിൻമിഴികളിലുലകം കണ്ടൊരു-
നാളുകളിൽ ഞാനും,
ഇടനെഞ്ചിലെ തുടിതാളം നീ-
യെന്നു നിനച്ചേ പോയ്‌...

ഒരു നാഴിക പാതിയിലേ നിൻ-
വാക്കുകളൊഴുകിപ്പോയ്,
തുടിതന്നെത്തോണ്ടിയെടുത്തു-
കടന്നുകളഞ്ഞൂ നീ..

നീ ചെയ്തപരാധ ഫലത്തി-
ലൊടുങ്ങുവതെന്തിനു ഞാൻ,
ചതിവോർമ്മകളൂതി പുകച്ച-
ഴലുണ്ണുവതെന്തിനു ഞാൻ.

ഇനിയോർമ്മകളെന്നെ-
തിരഞ്ഞു വരുന്നൊരു നാളേക്കായ്,
ഈ ചതിയുടെ കനലു-
കെടാതെക്കാത്തിടുമെന്നുള്ളിൽ...

എൻ ചിന്തകളൊരുപടി-
മുന്നോട്ടാഞ്ഞു കുതിച്ചീടാൻ,
നീ കോറിയ മുറിവുകള-
ങ്ങിനെ നീറിപ്പുകയട്ടെ...


നേരില്ലാത്തൊരുവനെ-
നെഞ്ചിൽ കൊണ്ടുനടന്നതിനും,
വേരില്ലാ സ്നേഹച്ചെടിയുടെ
തണലു കൊതിച്ചതിനും,

നാൾവഴിയിലെ വ്യർത്ഥദിന-
ങ്ങളെയോർത്തു തപിയ്ക്കുന്നൂ,
ഇനി നാളുകളർത്ഥം -
നേടാനായി കുതിയ്ക്കുന്നു...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക