Image

കൊച്ചി കപ്പല്‍ നിര്‍മ്മാണശാല; മലയാളിയുടെ അഭിമാനം, രാജ്യത്തിന്റെ അന്തസ്സ്(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 29 April, 2022
കൊച്ചി കപ്പല്‍ നിര്‍മ്മാണശാല; മലയാളിയുടെ അഭിമാനം, രാജ്യത്തിന്റെ അന്തസ്സ്(ദുര്‍ഗ മനോജ് )

മഹത്തായ സേവനത്തിന്റെ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുകയാണു നമ്മുടെ കൊച്ചിന്‍ ഷിപ്പ് യാഡ്. വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് അടക്കം നൂറിലേറെ കപ്പലുകളാണു കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും നീരണിഞ്ഞത്. വെല്ലുവിളിയുടേയും പ്രതിസന്ധിയുടേയും കോട്ടകള്‍ തകര്‍ത്താണ് ഇത്ര ദൂരം കപ്പല്‍ നിര്‍മ്മാണശാല മുന്നേറിയത്.1972 ഏപ്രില്‍ 29ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.1976 ഫെബ്രുവരി 11ന് ആദ്യ കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചു. നാവിക സേനാ താവളവും, തുറമുഖവും വാണിജ്യകേന്ദ്രങ്ങും ഉള്ള കൊച്ചിയെ ആണ് അന്ന്, ഒരു കപ്പല്‍ നിര്‍മ്മാണശാലയുണ്ടാക്കണം എന്ന ചിന്ത വന്നപ്പോള്‍ കേന്ദ്രവിദഗ്ധ സംഘം തിരഞ്ഞെടുത്തത്. 

കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പല്‍, റാണി പത്മിനി ആയിരുന്നു. ആദ്യ കപ്പലിനു കീലിട്ടതും ഇന്ദിരാഗാന്ധി ആയിരുന്നു. പൊതുമേഖലയില്‍, രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ ശാലയായി കൊച്ചിന്‍ ഷിപ്പ് യാഡ് ഉയര്‍ന്നതു റാണി പത്മിനിയുടെ നിര്‍മ്മാണത്തോടെ ആയിരുന്നു. അതിലേക്കു മുന്നേറാന്‍ ഏറെ പ്രതിസന്ധികളെ നേരിടേണ്ടതുണ്ടായിരുന്നു. 150 ടണ്‍ ശേഷിയുള്ള കൂറ്റന്‍ ഗാന്‍ട്രി ക്രെയിന്‍ ലഭിക്കാന്‍ വന്ന താമസം കപ്പല്‍ നിര്‍മ്മാണം വൈകാന്‍ കാരണമായി. ക്രെയിന്‍ ലഭിക്കാന്‍ വൈകിയതു മൂന്നു വര്‍ഷമാണ്. പിന്നീട്, ഇ. ശ്രീധരനെ കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറും ആയി നിയമിച്ച ശേഷമാണു കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പുണ്ടായത്. ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കായി 32 കോടി രൂപ ചെലവിട്ട ചരക്കു കപ്പല്‍ പണി തീര്‍ക്കാന്‍ എടുത്തത് 5 വര്‍ഷമാണ്. 75000 ടണ്‍ കേവു ഭാരവും 245.36 മീറ്റര്‍ നീളവും 31. 21 മീറ്റര്‍ വീതിയുമുള്ള ഒരു ബള്‍ക്ക് കാരിയര്‍ ആയിരുന്നു അത്. എഴുപതുകളില്‍ അതൊരു അത്ഭുതമായിരുന്നു. അതു വഴി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടി പോലും ലോകോത്തര നിലവാരത്തിലുള്ള യാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചു. ഇന്നിപ്പോള്‍ ഓട്ടോമേറ്റഡ് ഇലക്ട്രിക് യാനങ്ങളും, വിമാനവാഹിനികള്‍വരേയും ഇവിടെ നിര്‍മ്മിക്കുന്നു. ആദ്യ കപ്പല്‍ നീരണിയാന്‍ 5 വര്‍ഷം വേണ്ടി വന്നപ്പോള്‍ ഇന്നു 34 കപ്പലുകള്‍ വരെ വര്‍ഷംതോറും പുറത്തിറങ്ങുന്നു.

നാലായിരം കോടി രൂപയുടെ വാര്‍ഷിക വരുമാനമെന്ന നേട്ടം സ്വന്തമാക്കിയ ഈ വേളയില്‍ മികവിന്റെ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന കൊച്ചിയിലെ നമ്മുടെ സ്വന്തം കപ്പല്‍ നിര്‍മ്മാണശാലയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക