
കാലം തന്നത് കണ്ണീരു മാത്രം
കരളിനെ കാരിരുമ്പാക്കി
വേദന കടിച്ചമർത്തി ചിരിച്ചു നിന്നു
ചുറ്റുമെന്തെന്നറിയാതെ ചുവരുകൾക്കുള്ളിൽ ലോകം തീർത്തവൾ
കുടുംബം കൂരിരുട്ടായ് തോന്നി
കുടുംബിനി കുരുടിയായ്
ബധിരയായ് മൂകയായ്
എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നും
കേൾക്കാത്ത പോലെ നടിച്ചു
സഹിച്ചു ക്ഷമിച്ചു മറക്കുവാൻ പഠിച്ചു
ഭൂമിയോളം താണു കുല സ്ത്രീയായ്
മാറി മോഹങ്ങളെ കുഴിച്ച് മൂടി
പഠിച്ച പാഠങ്ങൾ പൊടി പിടിച്ചു
പുതിയ പാഠങ്ങൾ അടുക്കളയിൽ
അകത്തളങ്ങളിൽ മാത്രമായ്
അരിയുടെ വേവും കറിയുടെ ഉപ്പും
അവളുടെ ദിനങ്ങളെ വെളുത്തതും കറുത്തതുമാക്കി
പരിഭവങ്ങളും പരാതികളും പറയാൻ
ആരുമില്ലാതായി എല്ലാവരും ഉയർന്നു
അവൾ മാത്രം തളർന്നു
തന്റെ മക്കൾ തന്നോളമെത്തി
താനവർക്കൊരു പോരാത്തവളായി
പുതിയ ലോകത്തെ അറിയാത്തവളായി
ഉദ്യോഗമില്ലാത്തവൾ
ഉപയോഗമില്ലാത്തവളും
അവൾ സ്വയം പഴിച്ചു
താലി തന്നെ തളച്ചിട്ടു
ചിറകുകളെ വെട്ടി വീഴ്ത്തി
പുകയുന്ന മനസ്സുമായ് അവൾ എരിഞ്ഞടങ്ങി ഒപ്പം
ഒരു പെണ്ണിന്റെ നോവുകളും.