ചിക്കാഗോ: സാമൂഹ്യ സംഘടനകളുടെ പ്രസക്തിയും
പ്രാധാന്യവും എന്ന വിഷയത്തെ ആസ്പദമാക്കി ചിക്കാഗോയില്‍ നടത്തപ്പെട്ട
സിമ്പോസിയത്തില്‍ അമേരിക്കയിലെ മലയാള സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ
പ്രവര്‍ത്തനങ്ങളിലും അംഗത്വ പങ്കാളിത്തത്തിലും ഉണ്ടായിട്ടുള്ള ശോഷണത്തില്‍
പരക്കെ ആശങ്ക പ്രകടിപ്പിയ്ക്കപ്പെട്ടു. ചിക്കാഗോ മലയാളി അസോസിയേഷന്റെ 40-ാം
മത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്
മേരീസ് ക്‌നാനായ കാത്തലിക് പാരീഷ് ഹാളില്‍ വച്ച് ജൂണ്‍ 23 ശനിയാഴ്ച
നടത്തപ്പെട്ടതാണ് ഈ സിമ്പോസിയം. ഫോക്കാനാ - ഫോമാ പ്രസിഡന്റ് മാര്‍
ഉള്‍പ്പെടെ അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക, മത, മാധ്യമ, പ്രൊഫഷണല്‍,
രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സമുന്നത നേതാക്കള്‍
സിമ്പോസിയത്തില്‍ സജീവമായി പങ്കെടുത്തു സംസാരിച്ചു.
സിമ്പോസിയത്തില്‍ ആമുഖ പ്രസംഗം നടത്തിയ ചിക്കാഗോ മലയാളി അസോസിയേഷന്‍
പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഭാരതത്തിന്റ സമ്പന്നമായ സംസ്‌ക്കാരവും,
പൈതൃകവും, കലകളും അമേരിക്കയിലും പരിപോഷിപ്പിയ്ക്കുന്നതില്‍ സാമൂഹ്യ
സാംസ്‌ക്കാരിക സംഘടനകള്‍ വഹിച്ചിട്ടുള്ള നിര്‍ണ്ണായക പങ്ക് എടുത്തു പറഞ്ഞു.
വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന സാമൂഹ്യ സംഘടനകളെ ഒരു
കുടക്കീഴില്‍ അണിനിരത്തി ദേശീയ പ്രസ്ഥാനങ്ങളായ ഫോക്കാനാ - ഫോമാ എന്നിവയുടെ
പ്രവര്‍ത്തനഫലമായാണ് ഇരട്ട പൗരത്വം, ഒ.സി.ഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് ഫീ
നിര്‍ത്തലാക്കല്‍ പ്രവാസി വോട്ടവകാശം, ഇന്‍ഡ്യയില്‍ നേഴ്‌സിംഗ് എക്‌സാം
സെന്റര്‍ സ്ഥാപിയ്ക്കല്‍ എന്നിങ്ങനെയുള്ള നിരവധി സുപ്രധാന പൊതു
വിഷയങ്ങളില്‍ ഇന്‍ഡ്യയിലേയും അമേരിക്കയിലേയും ഭരണകൂടങ്ങളില്‍ നിന്ന് അനുകൂല
സമീപനം സ്വീകരിപ്പിയ്ക്കുവാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മുന്‍ ഫോക്കാനാ പ്രസിഡന്റും, സാമൂഹ്യ- സാംസ്‌ക്കാരിക, സാമുദായിക വ്യവസായ
രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ മന്മഥന്‍ നായര്‍
സിമ്പോസിയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രാദേശിക, ദേശീയ മലയാളി
സംഘടനകള്‍ക്കൊപ്പം അമേരിക്കയിലെ ഇന്‍ഡ്യന്‍ സംഘടനകളിലും മൂന്ന്
പതിറ്റാണ്ടിലധികം സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് സാമൂഹ്യ
സംഘടനകളുടെ പ്രസക്തിയേക്കുറിച്ചും അവയെ ശക്തിപ്പെടുത്തുന്നതിന്റെ
ആവശ്യകതയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. സമൂഹത്തെ
ഒന്നിപ്പിയ്ക്കുന്നതിലും അമേരിക്കയിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ പൊതുവായ
താല്പര്യങ്ങള്‍ക്കൊപ്പം നമ്മുടെ മാതൃരാജ്യമായ ഇന്‍ഡ്യയുടേയും
താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സാമൂഹ്യസംഘടനകള്‍ പ്രശംസനീയമായ പങ്ക്
വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 100 അംഗങ്ങളുള്ള അമേരിക്കന്‍
സെനറ്റിലെ 37 സെനറ്റര്‍മാരേയും, 435 അംഗങ്ങളുള്ള പ്രതിനിധി സഭയിലെ 107
അംഗങ്ങളേയും ഇന്‍ഡ്യന്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമാക്കുന്നതിനും അതുവഴി
ആണവകരാര്‍ പോലുള്ള സുപ്രധാന വിഷയങ്ങളില്‍ ഇന്‍ഡ്യയ്ക്കും അനുകൂലമായൊരു
നിലപാട് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അംഗീകരിപ്പിയ്ക്കുവാന്‍ കഴിഞ്ഞത്
നമ്മുടെ കൂട്ടായ പ്രയത്‌നം മൂലമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിനായി
അനേകായിരം ഇന്‍ഡ്യന്‍ വംശജര്‍ ഈ- മെയില്‍ സന്ദേശത്തിലൂടെ കോണ്‍ഗ്രസ്സ്
അംഗങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച നടപടിയ്ക്ക് നേതൃത്വം നല്‍കിയത്
സാമൂഹ്യസംഘടനകളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലക്ഷ്യബോധത്തോടും, കാര്യക്ഷമവുമായി പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയിലെ
മലയാളി സാമൂഹ്യ സംഘടനകളില്‍ ചിലതിന് ലക്ഷ്യബോധ്യം നഷ്ടപ്പെട്ടുവോയെന്ന്
മന്മഥന്‍ നായര്‍ സംശയം പ്രകടിപ്പിച്ചു. സ്ഥാനമോഹങ്ങളും, സ്വാര്‍ത്ഥ
താല്പര്യങ്ങളും ഫോക്കാനായിലുണ്ടായതുപോലെ വിവിധ നഗരങ്ങളിലെ മലയാളി
സംഘടനകളിലുണ്ടായ പിളര്‍പ്പുകള്‍ക്കും, കുന്നുപോലെ മുളയ്ക്കുന്ന അലക്ഷ്യ
സംഘടനകളുടെ ബാഹുല്യത്തിനും കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മത,
സാമുദായിക, പ്രാദേശിക, തൊഴിലധിഷ്ഠിത സംഘടനകളുടെ ആവിര്‍ഭാവവും സാമൂഹ്യ
സംഘടനകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. എന്നാല്‍ ഇത്തരം സംഘടനകള്‍
വ്യക്തമായ ലക്ഷ്യബോധത്തോടും, ദര്‍ശനത്തോടു കൂടിയും രൂപീകരിയ്ക്കുകയും
അവയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി മാത്രം
പരിമിതപ്പെടുത്തുകയും ചെയ്താല്‍ സമൂഹത്തിനും,സംഘടനയിലെ അംഗങ്ങള്‍ക്കും
പ്രയോജനപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മത, സാമുദായിക, പ്രാദേശിക,
തൊഴിലധിഷ്ഠിത സംഘടനകള്‍ വിശാലമായ വീക്ഷണത്തോടും, ലക്ഷ്യങ്ങളോടു കൂടിയും
പ്രവര്‍ത്തിയ്ക്കുന്ന സാമൂഹ്യസംഘടനകളുടെ പ്രവര്‍ത്തന മണ്ഡലത്തിലേയ്ക്ക്
കടന്നുകയറ്റം നടത്തരുതെന്ന് മന്മഥന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
ആഗോളവത്ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ നമ്മുടെ കുട്ടികളെ ആന്താരാഷ്ട്ര
തലത്തില്‍ മത്സരിപ്പിയ്ക്കുവാനും, വിജയിപ്പിയ്ക്കുവാനും അവരുടെ
മനസ്സിനേയും, ചിന്തകളേയും, സ്വപ്നങ്ങളേയും, അറിവിനേയും
വികസിപ്പിയ്ക്കണമെന്ന് മന്മഥന്‍ നായര്‍ ഉത്‌ഘോഷിച്ചു. അമേരിക്കയിലെ
രാഷ്ട്രീയത്തിലും, പൊതുരംഗത്തും കടന്നുവരുവാനും, ഈ ദേശത്ത് ലഭ്യമായിട്ടുള്ള
നിരവധി അവസരങ്ങള്‍ നമ്മുടെ വരുംതലമുറയ്ക്ക് ലഭ്യമാക്കുന്നതിനും സമൂഹത്തെ
ഒന്നിപ്പിയ്ക്കുന്ന ഘടകമായ സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ കൂടി
മാത്രമേ സാധ്യമാകുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
വിലപ്പെട്ട ആശയങ്ങളും, ശ്രദ്ധേയമായ നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയുള്ള
മന്മഥന്‍ നായരുടെ പ്രഭാക്ഷണം ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു.
സിംബോസിയത്തില്‍ പ്രസംഗിച്ച മറ്റ് പ്രഥമ വ്യക്തികളില്‍ പലരും
അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ വിവിധ
ക്രൈസ്തവ മതവിഭാഗങ്ങളേ പ്രതിനിധീകരിച്ച് സംസാരിച്ച ശ്രേഷ്ഠ വൈദികര്‍
വ്യക്തികളുടെ ആദ്ധ്യാത്മികവും, സാമൂഹ്യവുമായുള്ള ഉന്നമനത്തിനായി
പ്രവര്‍ത്തിയ്ക്കുന്ന സഭകളും, സമുദായ സംഘടനകളും പൊതു സമൂഹത്തിന്റെ
താല്പര്യങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതം സൃഷ്ടിക്കുകയില്ലെന്ന്
അറിയിച്ചു. തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുകയെന്ന മഹത്തായ
യേശു പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് എളിയവനായ ആ വ്യക്തിയെ സേവിയ്ക്കുകയും,
സ്‌നേഹിക്കുകയും, ആദരിയ്ക്കുകയും ചെയ്യുമ്പോള്‍, സാമൂഹ്യ പ്രതിബന്ധതയുടെ
ഉത്തമമയൊരു മാതൃകയാണ് അവിടെ പ്രകടമാകുന്നതെന്ന് ചിക്കാഗോ എക്യുമെനിക്കല്‍
കൗണ്‍സില്‍ പ്രസിഡന്റ് റവ: നൈനാന്‍ വി ജോര്‍ജ്ജ് പറഞ്ഞു. അമേരിക്കയിലെ
വിവിധ നഗരങ്ങളില്‍ മലയാളി സമൂഹത്തിനായി സ്‌കൂളുകളും, റിട്ടയര്‍മെന്റ്
ഫോമുകളും നേഴ്‌സിംഗ് ഹോമുകളും സ്ഥാപിയ്ക്കുന്നതിന്റെ ആവശ്യകത സീറോ മലബാര്‍
രൂപതാ വികാരി ജനറല്‍ റവ: ഏബ്രാഹം മുത്തോലത്ത് ഓര്‍മിപ്പിച്ചു.
പൊതുതാല്പര്യത്തിനായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ സംഘടനകള്‍
നേതൃത്വം നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്കാനാ പ്രസിഡന്റ് ജി. കെ. പിള്ള ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍
എന്നിവര്‍ ഇരു സംഘടനകളിലും നിലനിന്നിരുന്ന അവിശ്വാസത്തിനും, അന്തരവിനും
അയവ് വന്നിട്ടുണ്ടെന്നും, തങ്ങള്‍ ഇരുവരും പരസ്പര സഹകരണത്തിലും
സ്‌നേഹത്തിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നതെന്നും അറിയിച്ചു.
ഡോക്ടര്‍ റോയി തോമസ്സ് അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ
നാള്‍വഴികളിലൂടെ സഞ്ചരിച്ച്, ഇവിടെ നമുക്ക് നിക്ഷേധിയ്ക്കപ്പെട്ടിരുന്ന
സ്വത്ത് വാങ്ങുന്നതിനും, പൗരത്വം സ്വീകരിയ്ക്കുന്നതിനുമുള്ള അവകാശം
നേടിയെടുക്കുവാന്‍ ഇന്‍ഡ്യന്‍ സംഘടനകള്‍ വഹിച്ച പങ്ക് വിശദീകരിച്ചു.
സാമൂഹ്യ സംഘടനകളുടെ സമ്മേളനങ്ങളില്‍ ശോഷിച്ചുവരുന്ന
ജനപങ്കാളിത്തത്തെക്കുറിച്ചാണ് കേരളാ എക്‌സ് പ്രസ്സ് എഡിറ്ററും, ഇന്‍ഡ്യാ
പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായ ജോസ് കണിയാലി
പരമാര്‍ശിച്ചത്. ഇലക്ഷന്‍ വിജയം മാത്രം ലക്ഷ്യമാക്കിയുള്ള ചില നേതാക്കളുടെ
പ്രവര്‍ത്തന ശൈലിയാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു. ഫോക്കാനാ- ഫോമാ കണ്‍വെന്‍ഷനുകള്‍ ഒരേ സമയം നടത്തുന്ന
രീതി ഒഴിവാക്കി ഒന്നിടവിട്ടുള്ള വര്‍ഷങ്ങളിലാക്കണമെന്ന് അദ്ദേഹം
നിര്‍ദ്ദേശിച്ചു.
വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, സഭ, സമുദായിക, പ്രൊഫഷണല്‍,
പ്രാദേശിക സംഘടനയെ പ്രതിനിധീകരിച്ച് അന്‍പതില്‍പരം നേതാക്കള്‍
സിമ്പോസിയത്തില്‍ പ്രസംഗിച്ചു. ഏറെ കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ച് ഒരു തുറന്ന സംവാദത്തിന്
നേതൃത്വം നല്‍കിയ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി
വാച്ചാച്ചിറയേയും എക്‌സിക്യൂട്ടിവിലെ മറ്റ് അംഗങ്ങളേയും സിംബോസിയത്തില്‍
സംസാരിച്ച ഏവരും അഭിനന്ദിച്ചു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റ്
ക്ഷേമത്തിനും, മുമ്പോട്ടുള്ള കുതിപ്പിനും സാമൂഹ്യ സംഘടനകളുടെ പ്രവര്‍ത്തനം
സജീവമാക്കണമെന്നും വിവിധ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇതര സംഘടനകള്‍
പൊതു താല്പര്യത്തിനായി സാമൂഹ്യ സംഘടനകള്‍ക്കൊപ്പം അണിനിരക്കണമെന്നുമുള്ളൊരു
സന്ദേശമാണ് ചര്‍ച്ചയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നത്.
റിപ്പോര്‍ട്ട് - ജോസ് കണിയാലി