തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ 10.52ഓടെയായിരുന്നു അന്ത്യം.
തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു.
അരനൂറ്റാണ്ടിലധികം നീണ്ട കാവ്യജീവിതത്തില്‍ വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് ജനിച്ചത്.
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍ ആണ് പിതാവ്. മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടി. സൈലന്‍റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതാണ്.
അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിവ നടത്തിയിരുന്നു.
തിരുവനന്തപുരം ജവഹര്‍ ബാലഭവെന്റ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 'തളിര്' എന്ന മാസികയുടെ ചീഫ് എഡിറ്റര്‍, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയര്‍ത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുന്‍നിരയില്‍ത്തന്നെ അവരുണ്ടായിരുന്നു.
സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങള്‍.
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്ബലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്ബലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി സഹോദരിയാണ്.
മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കള്‍ (1967),പാവം മാനവഹൃദയം (1968),ഇരുള്‍ ചിറകുകള്‍ (1969),രാത്രിമഴ (1977),അമ്ബലമണി (1981),കുറിഞ്ഞിപ്പൂക്കള്‍ (1987),തുലാവര്‍ഷപ്പച്ച (1990),രാധയെവിടെ (1995), കൃഷ്ണകവിതകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.