ചിങ്ങം പിറന്നാല്‍ പിന്നെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മയും ചിന്തയും ഓരോ മലയാളിയുടെ
മനസ്സിലും ഓടിയെത്തുകയായി. കര്‍ക്കടകത്തില്‍ ചിങ്ങം പിറക്കണേ എന്ന് അവര്‍
ആശിക്കുന്നു. നാശം വിതച്ച് പഞ്ഞം പരത്തുന്ന, കാര്‍മേഘം മൂടിയ കര്‍ക്കടകം. കലിപൂണ്ട്
ഇരുണ്ടു കറുത്ത ആകാശമേഘങ്ങള്‍. മനം മടിപ്പിക്കുന്ന അന്തരീക്ഷം. കോരിച്ചൊരിയുന്ന
പെരുമഴ. നിലംകുത്തി പാഞ്ഞുപതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍. വിത്തും വിളവുമില്ല.
വൃക്ഷലതാദികളില്‍ ഫലങ്ങളില്ല. എവിടെയും തികഞ്ഞ അരക്ഷിതാവസ്ഥ. അരാജകത്വത്തില്‍
അലയുന്ന ആളുകളുടെ വീര്‍പ്പുമുട്ടല്‍. കേരളീയര്‍ പഞ്ഞ കര്‍ക്കടകത്തോട് വിടപറഞ്ഞ്
ചിങ്ങം പിറക്കാന്‍ കാത്തിരിക്കുന്നു.
ചിങ്ങം, പൊന്നിന്‍ ചിങ്ങം.
കലിതുള്ളിപെയ്ത കാലവര്‍ഷം കെട്ടടങ്ങി. നിലംകുത്തി ഒഴുകിയ നീര്‍ച്ചാലു കള്‍ നിലച്ചു.
എങ്ങും പച്ചപ്പരപ്പും പൂച്ചെടികളും. ആഞ്ഞടിച്ച് ആര്‍ത്തലച്ച്
ഇരമ്പിപാഞ്ഞുകൊണ്ടിരുന്ന കൊടും ങ്കാറ്റ് മന്ദമാരുതനായി. ആ മന്ദമാരുതനില്‍
പൂച്ചെടികള്‍ ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്ക്കുന്നു. പൂച്ചെടികളില്‍ നിന്ന്
പരന്നൊഴുകുന്ന പരിമളം എങ്ങും നിറഞ്ഞൊഴുകുന്നു. തുമ്പയും തുളസിയും തലയുയര്‍ത്തി
എല്ലാം വീക്ഷിച്ചാസ്വദിച്ചാനന്ദിക്കുന്നതുപോലെ. ചിങ്ങം ഓണത്തെ എതിരേല്‍ക്കാന്‍
ഒരുങ്ങുകയായി. അന്തരീക്ഷം ശാന്തം, സുന്ദരം.
ഓണമെന്നു കേട്ടാല്‍ ഓരോ
കേരളീയന്റേയും ഓര്‍മ്മയില്‍ ആഘോഷത്തിന്റെ തിമിര്‍പ്പ് ഓടിക്കളിക്കുക യായി. ഒരു
ദിവസത്തെ ആഘോഷത്തിലോ ഒരു ഓണസദ്യയിലോ ഒതുങ്ങുന്നതല്ല ഓണം. മനസ്സിനും നാവിനും
കുളിരേകി എന്നും നീളുന്ന ആഘോഷം സിരകളില്‍ ഓടിക്കളിക്കും. കേരളത്തിന്റെ പരമ്പരാഗത
പാരമ്പര്യം ഓര്‍മ്മകളില്‍ മിന്നിമറയുന്ന അസുലഭ സന്ദര്‍ഭം.
അത്തം പിറന്നാല്‍
പിന്നെ പത്തുനാള്‍ ഒത്തുകളിച്ച് തകര്‍ക്കാനുള്ള അവസരം. എവിടെയും ആഹ്‌ളാദം
അലതല്ലുകയായി. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി. പരിസരം ചെത്തിവാരി
വെടിപ്പാക്കി. തുഷാരബിന്ദുക്ക ള്‍ മൂടിയ പറമ്പുകളില്‍ പൂമ്പാറ്റകള്‍പോലെ കുട്ടികള്‍
പൂറിക്കാന്‍ മത്സരിക്കുന്നു. ഇളവെയിലില്‍ പൂതുമ്പികളും ചിത്രശലഭങ്ങളും
ചിത്രംചിത്രമായി ഇളകിപ്പറക്കുന്നു. ആങ്ഹ! പ്രഭാപൂര പ്രഭാതം കിരണങ്ങള്‍ വിടര്‍ത്തി.
പ്രകൃതി പ്രസീദയായിരിക്കുന്നു.
ഓണസദ്യയുടെ കാര്യം പറയേണ്ടെല്ലോ. അത്തത്തിന്
തുടക്കം ഓണവിഭവങ്ങളുടെ പട്ടിക തയ്യാറാക്ക ലുണ്ട്. പിന്നങ്ങോട്ട് ചന്തയിലും മറ്റ്
കടകമ്പോളങ്ങളിലും ഓണവിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്ക്. എല്ലാം നാട്ടിലെ മണ്ണില്‍
വിളഞ്ഞ വിഭവങ്ങള്‍. ഉത്രാടത്തിനു തുടങ്ങും ഊണ്. അത് തുടക്കം മാത്രം. സ്ത്രീകള്‍
അടുക്കളയില്‍ തിരക്കാകുമ്പോള്‍ പുരുഷന്മാര്‍ പുറത്ത് പൊരിക്കലും വറക്കലും.
തിരുവോണദിവസത്തെ കാര്യം എന്തുപറയാന്‍? എന്തുകഴിക്കണം. എങ്ങനെ കഴിക്കണമെന്നറിയാത്
വട്ടം നോക്കി വാരിതിന്ന കുട്ടിക്കാലം. അമ്മയും മുതിര്‍ന്നവരും ഓതിത്തന്ന ഇന്നും
ഓര്‍മ്മയില്‍ ഓടിയെത്തുന്ന രീതികള്‍. പിന്നെ ഓണക്കോടിയും ധരിച്ച് ഓടുകയായി.
മൈതാനങ്ങള്‍ ജനനിബിഡമാകും. അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല;
പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം,
ആഹ്‌ളാദം, ഐക്യം.
ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന
ഓര്‍മ്മകളുടെ ഒരേടുമാത്രം. ഇന്ന് കാലം ഏറെ കടന്നുപോയിരിക്കുന്നു. കാലചക്രം വളരെ
പ്രാവശ്യം കറങ്ങി. നാടിന്റെ ഗതി അതിലേറെ കറങ്ങി. അത് അതിവേഗം മുമ്പോട്ടു
കടന്നുപോയിരിക്കുന്നു. ജാതിയും മതവും കവര്‍ന്നെടുത്ത നാട്ടില്‍ സാഹോദര്യവും
സ്‌നേഹവും ഐക്യവും ചില്ലുകൊട്ടാരംപോലെ പൊട്ടിത്തകര്‍ന്നു. പരസ്പരധാരണ പരസ്പര
പാരയായി. രാഷ്ട്രം രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു. വെട്ടും കുത്തും,
വെടിയും ബോബും ബന്തും എല്ലാമാ യി നാടിന്റെ നട്ടെല്ലു തകര്‍ന്നു. ജനങ്ങളുടെ
ഗതിമുട്ടി. അവരുടെ ജീവിതം വഴിമുട്ടി. ആധുനികതയും ശാസ്ത്രീയ മുന്നേറ്റങ്ങളും നാടിനെ
യന്ത്രവത്ക്കരിച്ചു. നട്ടുവളര്‍ത്തി വിളവുണ്ടാക്കാന്‍ നാട്ടില്‍ ആളുകളില്ല. എല്ലാം
അയല്‍ രാജ്യങ്ങളില്‍നിന്നു വരുന്ന വിഷം വിതച്ച വിളവുകള്‍. ജാതിമതങ്ങളും
രാഷ്ട്രീയപാര്‍ട്ടികള്‍ പെറ്റുകൂട്ടുന്ന എണ്ണമറ്റ കൂട്ടങ്ങളും ചേര്‍ന്ന്
നാനാവിധമാക്കിയ നാട്. ഇന്ന് എവിടെയാണ് യഥാര്‍ത്ഥ ഓണം? ഓണം സ്വീകര ണമുറിയിലെ
ദൂരദര്‍ശിനികളിലും ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്ക് ഇലയിലെ സദ്യയിലും
ഒതുങ്ങി.
നമ്മുടെ മതേതരവും സമത്വവും സന്തോഷവുമെല്ലാം എവിടെ? പാവപ്പെട്ടവന്
തിരുവോണത്തിനെ ങ്കിലും സദ്യയുണ്ണണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. ആ കനിവു പലപ്പോഴും
കടലാസില്‍ ഒതുങ്ങുന്നു. പിന്നെ കണ്ണീരിന്റെ ഓണമായിരിക്കും അവര്‍ക്ക്. റേഷനായി
കിട്ടുന്നതുതന്നെ ഷുദ്രജീവിള്‍ ആസ്വദിച്ചാനന്ദിച്ചുപേക്ഷി ച്ച അരിയുടെ
അവശിഷ്ടങ്ങള്‍. അതു കഴിച്ചാല്‍ വയറ്റിളിക്കംകൊണ്ട് വാടി വീഴുന്ന കുട്ടികള്‍ ഫലം.
അന്നത്തെ ഓണം ഓര്‍മ്മയില്‍ ഒതുങ്ങുന്നു. ഇന്ന് ഓണം അതിന്റെ എല്ലാ
അര്‍ത്ഥത്തിലും ആഘോഷി ക്കുന്നെങ്കില്‍ അത് പ്രവാസികളാണെന്നു തോന്നുന്നു. കാരണം
പ്രവാസികള്‍ക്ക് ഗൃഹാതുരത്വ ചിന്തകളുണ്ട്. നാട്ടിലുള്ളവര്‍ക്ക് നാട് നശിപ്പിക്കാനും
നാട്ടില്‍നിന്ന് കടക്കാനുമാണ് ചിന്ത. പ്രവാസികള്‍ എന്നും എപ്പോഴും നാടിന്റെ
സംസ്ക്കാരം നിലനിര്‍ത്താന്‍ മോഹിക്കുന്നു. അങ്ങനെ അമേരിക്കയിലും കേരളത്തിന്റെ തനതു
ഓണാ ഘോഷം പൊടിപൊടിയ്ക്കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍!!!
മണ്ണിക്കരോട്ട്
(mannickarottu@gmail.com)