മഴ ഇരച്ചാര്‍ത്ത് പെയ്യുന്നു. ഇടിമുഴക്കം കേട്ട് ടിവിയും ഫ്രിഡ്ജും എല്ലാം സ്വിച്ച് ഓഫ് ചെയ്തു. ഇന്നത്തെയും ഇന്നലെത്തെയും പത്രങ്ങള്‍ അരിച്ചു പെറുക്കി വായിച്ചു മടുത്തു. നേരത്തെ അത്താഴം കഴിച്ചു കിടക്കാം. അടുക്കളയില്‍ നിന്നും സമ്മതം മുഴങ്ങി. ചൂടോടെ കഞ്ഞി കുടിക്കാം. നല്ല കിളിര്‍പ്പിച്ച ചെറുപയര്‍ തോരനുമുണ്ട്.
ജന്നലില്‍ കൂടി തണുപ്പ് അരിച്ചു കയറുന്നു. ശീതക്കാറ്റുമുണ്ട്. ചൂടുകഞ്ഞി കോരിക്കുടിക്കാന്‍ നല്ല രസം. ഇത്തിരി കൂടുതല്‍ കഴിച്ചെന്നു തോന്നുന്നു. നല്ലൊരു ഏമ്പക്കം തൃപ്തിയായി ഉച്ചത്തില്‍ വിട്ടപ്പോള്‍ നെഞ്ചകം മുഴുവനും എന്തൊരാശ്വാസം. അയലത്തുകാരു കേള്‍ക്കുമല്ലോ വീട്ടുകാരി ഈര്‍ഷ്യയോടെ മൊഴിഞ്ഞു. കേട്ടതായി ഭാവിച്ചില്ല. ഇനിയെന്തെങ്കിലും മറുപടി ഭാഷണം നടത്തിയാല്‍ തുടര്‍ന്നാടകം കര്‍ട്ടനിടാതെ അഭംഗുരം തുടരേണ്ടി വരും. അതൊഴിവാക്കാന്‍ ഞാനൊന്നും കേട്ടില്ലേ രാമനാരായണാ… ബഹിര്‍ഗമിച്ചു കിടപ്പുമുറിയില്‍ കയറി ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ തിരുപ്പിടിപ്പിച്ചു സ്റ്റേഷന്‍ മാറ്റി മാറ്റിക്കളിച്ചു. ഒടുവില്‍ ലതയുടെ പാട്ടില്‍ ഉന്നം പിടിച്ചു റേഡിയോ തലയ്ക്കുമുകളില്‍ കട്ടിലിന്റെ പടിയില്‍ വെച്ചു. ബാത്ത്‌റൂമില്‍ പോയി വന്നു. ലോക്കിനെന്തോ ഒരസ്തികത. തുറക്കാനൊരു ബുദ്ധിമുട്ട്. തങ്കപ്പനെ വിളിച്ചു വരുത്തി ഒന്നു നന്നാക്കിക്കണം. പുതപ്പു വലിച്ചു മൂടി കിടന്നപ്പോള്‍ കുളിര് കൂടിയതുപോലെ. ഉറങ്ങിപ്പോയത് എപ്പോഴെന്നറിഞ്ഞതേയില്ല.
വലിയ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു. ഒപ്പം പതിഞ്ഞ ശബ്ദത്തിലുള്ള ഹൃദയസഖിയുടെ വിളി… ചേട്ടാ….ചേട്ടാ…. കണ്ണു വലിച്ചു തുറന്നു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ണു തുറിച്ചു ചുറ്റും നോക്കി. ആരുമില്ല. ചേട്ടാ…ചേട്ടാ….കതക് തുറക്കൂ… ഓ…സഹധര്‍മ്മിണിയുടെ ആത്മരോദനമാണല്ലോ! ങേ…കതക് തുറക്കാനോ? കതക് തുറന്നു തന്നെയാണല്ലോ കിടക്കുന്നത്. ഇനി അടുക്കളയില്‍ നിന്നാവും. എന്താ ?.... നീ …..എന്തിനാ വിളിക്കുന്നത്? കതക് തുറന്നു കിടക്കുകയാണല്ലോ…. ചേട്ടാ….ചേട്ടാ….ഞാന്‍ ബാത്ത്‌റൂമില്‍ നിന്നാണ്. ഡോറ് തുറക്കാന്‍ പറ്റുന്നില്ല. ഓ, കുഴഞ്ഞു. കാര്യം വെളിപ്പെട്ടു കിട്ടി. ആത്മസഖിയുടെ ദീനരോദനം കുളിമുറിയില്‍ നിന്നാണ്. ലോക്ക് ശരിയാക്കണമെന്ന് പ്രിയസഖി പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ഇനിയിപ്പോ അതിന്റെ സഹൃദയ സംഭാഷണം കേള്‍ക്കേണ്ടി വരും. കാലുകൊണ്ട് പൊതപ്പ് വാരിത്തള്ളി ചാടി എണീറ്റു. കതക് പുറത്തുനിന്നും തുറക്കാന്‍ കഴിഞ്ഞത് ഭാഗ്യം. വിയര്‍പ്പില്‍ കുളിച്ചു നനഞ്ഞൊട്ടിയ ശരീരവുമായി നില്‍ക്കുന്ന സ്ഥലശരീരിണിയായ സ്വന്തം ഭാര്യ. ആശ്വാസത്തോടെ ദീര്‍ഘനിശ്വാസം വിട്ട് ഒരു വികൃതമായ ചിരി ചുണ്ടില്‍ വിടര്‍ത്തി നില്‍ക്കുന്നു. ജാള്യത പടര്‍ന്നു മുഖത്ത് കോപത്തിന്റെ ചുവന്ന രേണുക്കള്‍, പടരാന്‍ കാത്തുനില്‍ക്കാതെ താന്‍ കയറിപ്പറഞ്ഞു. ലോക്ക് പതുക്കെ ഒരു വശത്തില്‍ പിടിച്ചു തുറന്നാല്‍ മതിയായിരുന്നില്ലേ… ഞാന്‍ കാണിച്ചുതരാം. അവളെ പുറത്തേയ്ക്ക് വരാന്‍ അനുവദിക്കാതെ താനും കൂടി ധൃതിയില്‍ അകത്തു കടന്ന് ഡെമോണ്‍സ്‌ട്രേഷന്‍ തുടങ്ങി. ലോക്കിന്റെ ഒടിഞ്ഞ പിടി മെല്ലെ ശ്രദ്ധാപൂര്‍വ്വം അതിന്റെ ദ്വാരത്തില്‍ വെച്ച് തിരുപ്പിടിപ്പിച്ചതും ആ തള്ളലില്‍ ഡോര്‍ അടഞ്ഞതും ഒരുമിച്ചു കഴിഞ്ഞു. മാതാവേ… തകര്‍ന്ന ഹൃദയത്തിന്റെ ഒരു രാദനം ഭാര്യയുടെ കണ്ഠത്തില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ലോക്കിന്റെ പിടി വളരെ ശ്രദ്ധാപൂര്‍വ്വം വീണ്ടും തിരിച്ചു ഇല്ല. അനങ്ങുന്നില്ല. അല്പം ആയത്തില്‍ ഊക്കോടെ ആ കര്‍മ്മം വീണ്ടും നിര്‍വ്വഹിക്കപ്പെട്ടു.
ഭാഗ്യം… ബാക്കിയിരുന്ന ബാക്കി പിടിയും താഴെ വീഴാതെ കൈയ്യില്‍ തന്നെ കിട്ടിയിട്ടുണ്ട്. തലയില്‍ കൈവെച്ചു താഴെ ഇരുന്നുപോയി. യാതൊരു രക്ഷയുമില്ല. ഈ നട്ടപ്പാതിരയ്ക്ക് ഭാര്യയും ഭര്‍ത്താവും കുളിമുറിയില്‍ ബന്ധനസ്ഥനാക്കപ്പെട്ടിരിക്കുന്നു. അയ്യോ ഇനി എന്തു ചെയ്യും കര്‍ത്താവേ… 95 വയസ്സുള്ള മമ്മി മാത്രമേയുള്ളൂ വീട്ടില്‍. പക്ഷേ, മമ്മി നേരത്തെതന്നെ തന്റെ മുറിയില്‍ കയറി കതകടച്ചു കിടന്നുറക്കമായി. ഇനിയിപ്പോള്‍ എന്തു ശബ്ദം കേട്ടാലും എഴുന്നേറ്റു വരുന്ന പ്രശ്‌നമില്ല. പെട്ടു. ഇനിയെന്തു ചെയ്യും. വെറും കൈയ്യുമായി എന്തുചെയ്യാന്‍ ഒരു സ്‌ക്രൂ ഡ്രൈവര്‍ പോലും കുളിമുറിയിലില്ല. ആവുന്നവിധത്തില്‍ പണി പതിനെട്ടും നോക്കി. പൊക്കത്തിലുള്ള വെന്റിലേറ്ററില്‍ കൂടി ശബ്ദം പുറത്തു കേള്‍ക്കത്തക്കവിധം എത്തി കുത്തിനിന്നു വിളിച്ചു. ജോര്‍ജ് ….ജോര്‍ജ്…. തന്റെ മതിലിനോട് ചേര്‍ന്നുള്ള വീടാണ്.
ദൂരെയുള്ള ബന്ധുവിനെക്കാളും അയലത്തുള്ള ശത്രുവിനെ കൊണ്ടായിരിക്കുമല്ലോ ആപത്തു വരുമ്പോള്‍ ഉപകാരം എന്നാരോ പണ്ടു പറഞ്ഞിട്ടുള്ളത് സ്മൃതി മണ്ഡലത്തില്‍ വന്നു മിന്നിത്തിളങ്ങി. വീണ്ടും അല്പം കൂടി ശബ്ദമുയര്‍ത്തി വിളിച്ചു. ജോര്‍ജേ…ജോര്‍ജേ… അവളു കൂര്‍ക്കം വലിച്ചുറങ്ങുകയായിരിക്കും. നേരത്തെ കിടക്കുന്ന കൂട്ടരാണ് ഏതായാലും ബാത്ത്‌റൂമില്‍ ഒരു ടൈം പീസ് ഉള്ളത് ഉപകാരമായി എന്തിനെന്നോ ഇതിനകത്ത് പെട്ടിട്ട് എത്രനേരമായെന്നറിയാന്‍. അയ്യോ മണി രണ്ടോടടുക്കുന്നു. ഒന്നൊന്നര മണിക്കൂറായി ഇതിനുള്ളില്‍ പെട്ടിട്ട്. ഇനിയെന്താ മാര്‍ഗ്ഗം ചിവിട്ടിപ്പൊളിക്കാന്‍ പറ്റുമോ. ബാത്ത് റൂമിന്റെയുള്ളിലോട്ടു തുറക്കുന്ന കതകാണ്.
എന്തായാലും ഒരറ്റകൈ പ്രയാഗിച്ചാലോ… പുറകോട്ട് മാറിനിന്ന് അതൊന്നു തൊഴിക്കാനുള്ള തയ്യാറെടുപ്പ് നടത്തി അപ്പോഴാണ് ബക്കറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മഗ്ഗ് ശ്രദ്ധയില്‍പ്പെട്ടത്. എടാ മോനെ മനസ്സിലൊരു ലഡ്ഡു പൊട്ടിയല്ലോടാ….പെട്ടെന്ന് ചെന്ന് മമ്മിയുടെ മുറിയുടെ ഭിത്തിയില്‍ അടിച്ചു ശബ്ദമുണ്ടാക്കാമെന്ന് നിശ്ചയിച്ചു. ഭാര്യ പറഞ്ഞു. ഓ മമ്മി കേള്‍ക്കത്തുമറ്റുമില്ല. ഈ ഭിത്തി മമ്മിയുടെ ബാത്ത്‌റൂമിന്റെ ഭിത്തിയാ. അതു കഴിഞ്ഞ് മമ്മിയുടെ മുറിയില്‍ കേള്‍ക്കാനൊന്നും പറ്റില്ല. എന്തായാലും നോക്കാം ഭിത്തിയില്‍ മഗ്ഗ്‌കൊണ്ട് അടി തുടങ്ങി. മുങ്ങിത്താഴാന്‍ പോകുന്നവന്‍ കച്ചിത്തുരുമ്പു കിട്ടിയാലും അതള്ളിപ്പിടിക്കുമല്ലോ. ഒരു രക്ഷയുമില്ല. പിറ്റേന്നു മമ്മി പറഞ്ഞറിഞ്ഞു മമ്മി ശബ്ദം കേട്ടെന്നും അതു കള്ളന്മാര്‍ കതക് പൊളിക്കുന്നതായിരിക്കുമെന്നും. മകനും ഭാര്യയും എണീക്കട്ടെയെന്നും വിചാരിച്ച് കാതു കൂര്‍പ്പിച്ച് പേടിച്ചരണ്ടു വിറച്ചു കിടക്കുകയായിരുന്നെന്നും. പാവം മമ്മി.
ജോര്‍ജ് പിന്നീട് പറഞ്ഞു. അവര്‍ ശബ്ദവും ബഹളവുമൊക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ ആദ്യം വിചാരിച്ചത് തങ്ങളുടെ വീടിന്റെ പുറത്ത് കള്ളന്മാര്‍ എത്തിയെന്നായിരുന്നു. പിന്നീടെവിടെയോ ശബ്ദം കേള്‍ക്കുന്നതെന്ന് ഭീതികൊണ്ട് വേര്‍തിരിച്ചറിയാനും കഴിഞ്ഞില്ല. ഒടുവില്‍ എന്റെ മഗ്ഗിന്റെ താണ്ഡവം വെളിയിലോട്ടുള്ള അവരുടെ വിശത്തുളള വെന്റിലേഷന്റെ ഭാഗത്തുനിന്നായപ്പോള്‍ മനസ്സിലായി അയല്‍ക്കാരന്റെ വീട്ടിലാണ് കള്ളന്‍ കയറിയതെന്ന്.
വെളിയിലോട്ടിറങ്ങാന്‍ ടോര്‍ച്ചുമെടുത്ത് എണീറ്റതാണ്. അന്നാമ്മക്കൊച്ച് ഭര്‍ത്താവിന്റെ കാലുപിടിച്ചു പറഞ്ഞു. അയ്യോ നിങ്ങളിപ്പോ വെളിയിലോട്ടിറങ്ങല്ലേ. കള്ളന്മാരുടെ കൈയ്യില്‍ ആയുധമുണ്ടാകും. വാളും കത്തിയുമൊക്കെക്കാണും. ഇന്നലെയും കൂടി പത്രത്തില്‍ കണ്ടതല്ലേ. അരിഞ്ഞു വീഴ്ത്തും അവന്‍മാര്. അതുംകൂടി കേട്ടപ്പോള്‍ പുറത്തോട്ടിറങ്ങുന്ന പരിപാടി ജോര്‍ജുപേക്ഷിച്ചു. പിന്നീടെപ്പോഴോ വെപ്രാളത്തില്‍ തന്റെ ശബ്ദം ക്രമാതീതമായി ഉച്ചത്തിലായപ്പോള്‍ ജോര്‍ജേ…ജോര്‍ജേ…എന്ന എന്റെ നിലവിളി കേട്ടു. അപ്പോള്‍ അവര്‍ക്കു മനസ്സിലായി കള്ളന്‍ അയലത്തു തന്നെയാണെന്ന്. ആശ്വാസത്താല്‍ ഒരു നെടുവീര്‍പ്പുയര്‍ന്നത് അയാള്‍ പോലും അറിയാതെയായിരുന്നു. എങ്ങിനെ അങ്ങോട്ടു പോകും …ഇല്ല… ഇത്തവണത്തില്‍ എന്തു വന്നാലും അങ്ങോട്ടു പോകുന്ന പ്രശ്‌നമേയില്ല.
ഇപ്പോഴത്തെ കാലത്ത് തന്റെ അയല്‍വക്കത്ത് എന്തുബഹളവും ഒച്ചപ്പാടും ഉണ്ടായാലും നേരം വെളുക്കാതെ ആരും പോയി നോക്കുന്ന….സഹായിക്കുന്ന മനോഭാവമേയില്ലല്ലോ. എന്തുവന്നാലും തന്റെ തടി രക്ഷിക്കുക. അത്രതന്നെ.
ആ ഭയാനകമായ നിശ്ശബ്ദതയില്‍ മഗ്ഗിന്റെ ശബ്ദവും നിലച്ചു. മെല്ലെ ജനലിന്റെ പാളി അല്പം തുറന്നു പിടിച്ചു ജോര്‍ജ് എന്റെ പേര് വിളിച്ചു. ശ്രദ്ധിച്ചപ്പോഴാണ്, തന്റെ വാക്കുകള്‍ കേട്ടത് ജോര്‍ജേ ഞങ്ങള്‍ പെട്ടുപോയെടൊ ബാത്ത്‌റൂമിനുള്ളില്‍ കുടുങ്ങിപ്പോയി….താനിങ്ങോട്ടോടിവാ….
ജോര്‍ജിന് ധൈര്യമായി കള്ളന്മാരല്ല… മതിലപ്പുറത്തെത്തി വിളിച്ചു പറഞ്ഞു. മതിലുചാടിയേ വരാനൊക്കത്തുള്ളൂ. ഗേറ്റു പൂട്ടിയിരിക്കുവല്ലിയോ…ആശ്വാസമായി. അപ്പോഴാണ ആദ്യമായി ഞാനും ഭാര്യയും പരസ്പരം നോക്കി ഒന്നു മന്ദസ്മിതം പൊഴിക്കുന്നത്. രണ്ടു മണിക്കൂറില്‍ ഏറെയായി ഒരുമിച്ച് പരസ്പരം ഒന്നാശ്വസിപ്പിക്കാനോ രണ്ടുപേര്‍ക്കും കഴിഞ്ഞിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ലജ്ജ തോന്നി.
പാതിരാത്രിയില്‍ മമ്മിയുടെ ജനാലയ്ക്കലെത്തി വിളിച്ചാല്‍ മമ്മി വന്നു കതക് തുറക്കുമോ. ഒടുവില്‍ ടോര്‍ച്ചടിച്ച് ജോര്‍ജു തന്റെ മുഖം കാട്ടി മമ്മി ഇതു ഞാനാന്ന് പറഞ്ഞപ്പോഴാണ് മമ്മി കമ്പിളിയ്ക്കുള്ളില്‍ നിന്നും തലപുറത്തേയ്ക്കിട്ട് നോക്കി എണീയ്ക്കാന്‍ തുടങ്ങിയത്.
കള്ളന്മാരെ പേടിച്ച് മുന്‍വശത്തെ കതക് മണിച്ചിത്രത്താഴിട്ടു പൂട്ടിയതും ക്രോസ്ബാര്‍ കമ്പി വച്ചിരുന്നതുകൊണ്ട് മമ്മിയ്ക്ക് തുറക്കാനാവില്ലെന്നറിയാമായിരുന്നു. ഒടുവില്‍ അടുക്കള വശത്തെ കതക് തുറന്ന് മമ്മി ജോര്‍ജിനെ കര്‍മ്മ നിരതനാക്കിയപ്പോഴേയ്ക്ക് ബാത്ത്‌റൂമില്‍ ഇരുന്ന ടൈംപീസില്‍ മണി മൂന്നു കഴിഞ്ഞു. പതിനഞ്ച് വിനാഴിക. സാധാരണ ഭാര്യ കിടപ്പുമുറിയുടെ മുറി പൂട്ടാറുള്ളതാണ്. കള്ളന്മാര്‍ കയറിയാല്‍ ഇങ്ങോട്ടുവരില്ലല്ലോ എന്തെങ്കിലും മോഷ്ടിച്ചുകൊണ്ട് പോകട്ടെ. ജീവന്‍ രക്ഷ കിട്ടുമല്ലോ എന്ന ഒരു വെറും വിചാരം .
ബാത്ത്‌റൂമില്‍ പോകാന്‍ ധൃതിയുള്ളതുകൊണ്ടാവാം കതക് ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ ഭാഗ്യം. ദൈവത്തിന് സ്തുതി. ഞങ്ങടെ ബെഡ്‌റും കതക് തള്ളിത്തുറന്ന് അകത്തേയ്ക്ക് പായുന്ന ജോര്‍ജിന്റെ പ്രവര്‍ത്തികണ്ട് മമ്മി അന്തം വിട്ടു നിന്നു. ഇതെന്ത് കഥ കട്ടിലില്‍ നോക്കിയപ്പോള്‍ മകനെ കാണുന്നില്ല. ഉള്ളൊന്നു കാളി… മകനെന്തെങ്കിലും പറ്റിയോ… കട്ടിലില്‍ ചുരുണ്ടു കിടക്കുന്ന പുതപ്പു കണ്ടപ്പോള്‍ മരുമകള്‍ ഇതൊന്നുമറിയാതെ ഉറങ്ങുകയാണെന്നും ധരിച്ചു.
രക്ഷകനായി കാവല്‍ മാലാഖയായി വന്ന അയല്‍ക്കാരനായ ജോര്‍ജ് ഒടിയാതിരുന്ന പുറത്തെ പിടിയില്‍ പിടിച്ച് കതക് തുറന്നു. വിയര്‍പ്പില്‍ കുളിച്ചു കുതിര്‍ന്ന് നില്‍ക്കുന്ന ഭാര്യയേയും ഭര്‍ത്താവിനെയും കണ്ട് അറിയാതെ ചോദിച്ചുപോയി. ഈ പാതിരാത്രിയില്‍ നിങ്ങള്‍ രണ്ടു പേരും കൂടി എന്തെടുക്കുകയായിരുന്നു ബാത്ത്‌റൂമില്‍….രണ്ടുപേരുംകൂടി ഒരുമിച്ചെങ്ങനെ ഇതിനുള്ളില്‍പ്പെട്ടു……
ജോര്‍ജിന്റെ വിചാരം ആ വഴിക്കു പോയതില്‍ അത്ഭുതപ്പെടാനുമില്ലല്ലോ !