ഉലഹന്നാൻ തോപ്പിൽ (92) കുടമാളൂർ

Published on 24 July, 2026
ഉലഹന്നാൻ തോപ്പിൽ (92) കുടമാളൂർ
കോട്ടയം: പ്രശസ്ത എഴുത്തുകാരനും യുണൈറ്റഡ്‌‌ സ്റ്റേറ്റ്സ്‌ കാത്തലിക്‌ കോൺഫറൻസ്‌ ഇന്ത്യാ പ്രോഗ്രാം മുൻ ചീഫ്‌ അഡ്മിനിസ്ട്രേറ്ററുമായ കുടമാളൂർ തോപ്പിൽ ഉലഹന്നാൻ(ഉലഹന്നാൻ തോപ്പിൽ -92) കോട്ടയത്ത്‌ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

സംസ്കാരം നാളെ(25 ജൂലായ്‌)ഉച്ചകഴിഞ്ഞ്‌ 2.30 നു കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ.

അൻപതുകളുടെ ഉത്തരാർദ്ധത്തിൽ മധ്യ തിരുവിതാംകൂറിലെ കോൺഗ്രസ്‌ യുവനിരയിലെ ഊർജ്ജസ്വലനായ സംഘാടകനും മികച്ചൊരു പ്രഭാഷകനുമായിരുന്നു അദ്ദേഹം. ഇന്ത്യൻ യൂത്ത്‌ കോൺഗ്രസ്‌ കോട്ടയം ജില്ലാ സമിതിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായും, യൂത്ത്‌ കോൺഗ്രസ്‌ പ്രസിദ്ധീകരണമായ 'യുവശബ്ദ'ത്തിന്റെ ചീഫ്‌ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി ജീവിതകാലത്ത്‌ കോട്ടയം സി.എം.എസ്. കോളജ്‌ സ്റ്റുഡന്റ്സ്‌ യൂണിയൻ സ്പീക്കറായിരുന്നു.കേരളത്തിലെ സിറിയൻ ക്രൈസ്തവ ജാതി വിചാര സംഘർഷങ്ങളെ ഒരു മെത്രാൻ സ്ഥാനാരോഹണത്തിന്റെ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിച്ചുകൊണ്ട് 2012-ൽ അദ്ദേഹം എഴുതിയ 'God's Own Untouchables' എന്ന നോവൽ ദേശീയതലത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1956-ൽ പ്രസിദ്ധീകരിച്ച 'ജീവിതം മുന്നേറുന്നു' ആണ് അദ്ദേഹത്തിന്റെ ആദ്യ കൃതി.ഡൽഹിയിൽ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നു. 'ഡൽഹി തലമുറകളിലൂടെ' എന്ന ലേഖന പരമ്പരയും അക്കാലത്ത്‌ വ്യാപകമായ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സെമി-ഓട്ടോമേറ്റഡ് ബ്രെഡ് നിർമ്മാണ കമ്പനിയായ ഏഷ്യൻ ബേക്കേഴ്സിനു തുടക്കം കുറിച്ചത്‌ അദ്ദേഹമാണ്.

ഭാര്യ: ത്രേസ്യാമ്മ ജോബ്‌(റിട്ട. അധ്യാപിക, സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്കൂൾ, പട്ടം) വെച്ചൂർ മണവേലി കുടുംബാംഗം.
മക്കൾ: സ്മിത, രാജസ്‌ അഗസ്റ്റിൻ(യു എസ്‌ എ) ധന്യ.
മരുമക്കൾ: സജി, ജമീല, അശ്വിൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക