ഡോ. ഏഴംകുളം സാംകുട്ടി, (77) ഡാളസ്

Published on 08 May, 2026
 ഡോ. ഏഴംകുളം സാംകുട്ടി, (77)  ഡാളസ്

ഡാളസ് : പ്രമുഖ എഴുത്തുകാരനും പ്രസംഗകനും നോവലിസ്റ്റും സഭാ പ്രവർത്തകനുമായ ഡോ. ഏഴംകുളം സാംകുട്ടി (77) നിര്യാതനായി. ദീർഘകാലമായി രോഗാതുരനായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു.  പുനലൂർ വയലിൽ - പുളിമൂട്ടിൽ പരേതരായ എൻ. എം. ചാക്കോ -  ചിന്നമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം അമേരിക്കയിലെ ലൂസിയാനയിൽ വച്ച് മെയ്‌ 5 ചൊവ്വാഴ്ച്ച ആണ് അന്തരിച്ചത്. സംസ്കാര ശുശ്രൂഷ പിന്നീട്.

ഇംഗ്ലീഷിലും മലയാളത്തിലും അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു.

പാളം തെറ്റിയ തീവണ്ടി എന്ന ചരിത്ര നോവലിലൂടെ മലങ്കരയിലെ പെന്തക്കോസ്തു മുന്നേറ്റത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ അനുഗ്രഹീത സാഹിത്യകാരനും, പ്രഭാഷകനും ആയിരുന്നു. ലൂസിയാന സതേൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആയി സേവനം ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിൽ ഏഴംകുളത്ത് 1949-ൽ ജനിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അർക്കെൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 1978-ൽ ലൂസിയാന സർവ്വകലാശാലയിൽ നിന്ന്ബ്രിട്ടീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.
മലയാള മനോരമ സൺഡേ പതിപ്പ് ഉൾപ്പെടെ നിരവധി ദിനപത്രങ്ങളിലും ആനുകാല്യങ്ങളിലും നിരവധി ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983 -ൽ പ്രസിദ്ധീകരിച്ച പാളം തെറ്റിയ തീവണ്ടി എന്ന നോവലിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്റെ മറ്റ് പ്രമുഖ കൃതികളാണ് ശാസ്ത്രവും ബൈബിളും , ഒടുവിലത്തെ ശത്രു, യുക്തിവാദം ശനി ദിശയിൽ, AD 2000 ( English). ഇദ്ദേഹത്തിൻറെ രചനകൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 'കൃപയിൻ അത്യന്ത ധനം' തുടങ്ങി ഇരുപതോളം ക്രിസ്തീയ ഗാനങ്ങൾ ക്രൈസ്തവ കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്.

സാഹിത്യരംഗത്തും ശുശ്രൂഷാരംഗത്തും സജീവമായിരുന്ന ഡോ. സാംകുട്ടി കൗൺസിലിംഗ് മേഖലയിലും, സൺഡേ സ്കൂൾ പാഠ്യപദ്ധതി വികസനത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു. നിരവധി യുവജനപ്രവർത്തകർക്കും എഴുത്തുകാർക്കും മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകി. ക്രിസ്തുവിനോടുള്ള അചഞ്ചലമായ വിശ്വാസവും സത്യത്തിനോടുള്ള അനുരാഗവും സമർപ്പിതമായ ശുശ്രൂഷയും നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ഭാര്യ : തിരുവല്ല ശങ്കരമംഗലം കുടുംബാംഗം  പുഷ്പ സാംകുട്ടി.
മക്കൾ : രഞ്ജിത്ത് (ഹ്യൂസ്റ്റൻ), ബിന്ദു (ലൂസിയാന).
മരുമക്കൾ : ദീപ. കൊച്ചുമക്കൾ : ജസ്റ്റസ്, ജെറമിയ, ചാൻസ്.

വാർത്ത: സാം മാത്യു, ഡാളസ്

സംസ്കാര ശുശ്രൂഷകൾ മെയ് 16 ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും.

രാവിലെ 9 മണി മുതൽ 12 മണിവരെ ഹൂസ്റ്റണിലെ IPC ഹെബ്രോൺ സഭയിൽ (4660 South Sam Houston Pkwy East, Houston, Texas 77048) പൊതുദർശനവും ശുശ്രൂഷയും.

തുടർന്ന് ഉച്ചയ്ക്ക് 1 മണി മുതൽ 2 മണിവരെ South Park Funeral Home-ൽ (1310 N Main St, Pearland, Texas 77581) സംസ്കാര ചടങ്ങുകൾ.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ (https://www.youtube.com/adonaimedia) ലഭ്യമാണ്.
 ഡോ. ഏഴംകുളം സാംകുട്ടി, (77)  ഡാളസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക