
ന്യൂയോര്‍ക്ക് : ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വരുന്ന വളഞ്ഞവട്ടം സ്വദേശി ശ്രീ.സി.വി. യോഹന്നാന്റെയും (റെജി), ബീനയുടെയും പുത്രി ടിന്റു യോഹന്നാന്‍ (26) ഇന്നലെ അന്തരിച്ചു. റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ജോലിയില്‍ പ്രവേശിച്ചശേഷം ബോധരഹിതയായി കണ്ടെത്തിയതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പഠനത്തില്‍ സമര്‍ത്ഥയായിരുന്ന ടിന്റു കഴിഞ്ഞ വര്‍ഷമാണ് ഫാര്‍മസിസ്റ്റായി ലൈസന്‍സ് കര്സ്ഥമാക്കിയത്. സി.വി.എസ്. ഫാര്‍മസിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുകൊണ്ടാണ് ഉന്നതനിലയില്‍ പഠനം പൂര്‍ത്തീകരിച്ചത്. ടിന്റുവിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച്ച (19ന്). ആദ്യമായി സാരിയണിഞ്ഞ് മാതാപിതാക്കളോടും സഹോദരങ്ങളോടുമൊത്ത് സ്വന്തം ഇടവകയായ സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിരുന്നു.
ജന്മദിനപ്പിറ്റേന്ന് അകാലത്തില്‍ മരണം തട്ടിയെടുത്ത ടിന്റുവിന്റെ വേര്‍പാട് സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തിന് തീരാവേദനയായി. സൗമ്യമായ പെരുമാറ്റവും, അടിയുറച്ച ഈശ്വരവിശ്വാസവും കഠിനാദ്ധ്വാനവും മുഖമുദ്രയായ വ്യക്തിത്വത്തിനുടമയായിരുന്നു ഏവര്‍ക്കും പ്രിയങ്കരിയായ ടിന്റു.
ടൂബി യോഹന്നാന്‍ മൂത്ത സഹോദരനും, ടിനാ യോഹന്നാന്‍ ഇളയ സഹോദരിയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.