കാലിഫോര്‍ണിയ: സാന്റിയാഗോ ആസ്ഥാനമായ ഡിസൈന്‍ ഇന്നവേഷന്‍ കമ്പനിയായ റൗണ്ട് ഫെതര്‍ എല്‍എല്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ജോര്‍ജ് ഈപ്പന്‍ (71) കാലിഫോര്‍ണിയയില്‍ അന്തരിച്ചു
പത്തനംതിട്ട ഇലന്തൂര്‍ ചേനപ്പാടിയില്‍ ഈപ്പന്‍ ജോര്‍ജ് (71) യുഎസിലെ കലിഫോര്‍ണിയയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: കോട്ടയം പള്ളിപ്പീടികയില്‍ കുടുംബാംഗം സൂസന്‍ ഈപ്പന്‍ (യുഎസ്എ). മക്കള്‍: ജോര്‍ജ് ഈപ്പന്‍ (ലണ്ടന്‍), മറിയം (യുഎസ്എ). മരുമക്കള്‍: റേയ്ച്ചല്‍ ജോര്‍ജ് (ലണ്ടന്‍), സ്‌കോട്ട് കോസ്റ്റര്‍ (യുഎസ്എ).
എംഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ബിരുദധാരിയായ അദ്ദേഹം എവിടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മക്കോര്‍മിക് ആന്‍ഡ് കമ്പനി വൈസ് പ്രസിഡന്റ്, പെപ്‌സികോ ഇന്നവേഷന്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗം വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 1995 96 ല്‍ മക്കോര്‍മിക് ആന്‍ഡ് കമ്പനി വൈസ് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം യുഎസിലേക്കു ചേക്കേറി.
പെപ്‌സികോ വൈസ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ചിരുന്നു. പെപ്‌സികോയില്‍ 17 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 2013 ല്‍ ഇന്നവേഷന്‍ വിഭാഗം വൈസ് പ്രസിഡന്റായാണു വിരമിച്ചത്. പെപ്‌സികോയുടെ വിഖ്യാത ബ്രാന്‍ഡ് ആയ 'ലേയ്‌സ്' വികസനത്തില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു.
'വനിത' ദ്വൈവാരികയുമായി സഹകരിച്ചു രൂപീകരിച്ച 'എവിടി വനിത ഓര്‍ക്കിഡ്' കാര്‍ഷിക സംരംഭം കേരളത്തില്‍ പുഷ്പ കൃഷി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനു വഴിതെളിച്ചു. ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയുടെ കൃഷി കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ഇറക്കുമതി ചെയ്തും ടിഷ്യു കള്‍ചര്‍ രീതിയിലൂടെയും വ്യത്യസ്ത ഇനങ്ങള്‍ അവതരിപ്പിച്ചു. പില്‍ക്കാലത്ത് ഓര്‍ക്കിഡ്, ആന്തൂറിയം കയറ്റുമതിയുടെ പ്രമുഖ കേന്ദ്രമായി കേരളം മാറുകയും ചെയ്തു.