Image

ചിന്താവിഷ്ടയായ സീത (ഭാഗം 1: സുധീര്‍ പണിക്കവീട്ടില്‍)

Published on 15 April, 2019
ചിന്താവിഷ്ടയായ സീത (ഭാഗം 1: സുധീര്‍ പണിക്കവീട്ടില്‍)
(നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കൃതിയെക്കുറിച്ച് ലഘുപഠനവും സംഗ്രഹവും)

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കുകയാണ് ആശാന്‍ ഈ കാവ്യത്തിലൂടെ. ഇതെഴുതിയത് ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പതിലാണ്.  നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഈ ഖണ്ഡകാവ്യത്തിന്റെ പ്രസക്തി  ഈ കാലഘട്ടത്തില്‍ വര്‍ധിച്ചുവരുന്നതായി കാണാം. സ്ത്രീയെ അടിമയായി കണ്ടിരുന്ന ഒരു സമൂഹത്തില്‍ നിന്ന്   ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന സാഹചര്യത്തിന്റെ ന്യായീകരണം വളരേ സ്പഷ്ടമായി ഈ കാവ്യത്തില്‍ വിവരിച്ചിരിക്കുന്നു.  വെറും സ്ത്രീയല്ല. ചിന്തിക്കുന്ന സ്ത്രീ. അവള്‍ പതിവ്രതാരത്‌നമാണ്. രാജകുമാരിയാണ്. സദാചാരനിഷ്ഠയാണ്. എല്ലാ വേദനകളും നിശബ്ദം സഹിച്ചവളാണ്. ഭര്‍ത്താവിനെ ദൈവത്തെപോലെ കണ്ട് അദ്ദേഹത്തിന്റെ എല്ലാ ആജ്ഞകളും അനുസരിച്ചവളാണ്. നീതി നിഷേധിക്കപ്പെട്ടവളാണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവളാണ്. സീതയുടെ കാഴ്ച്ചപ്പാട് ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടാണ്. ലിഖിതവും അലിഖിതവുമായ നിരവധി നിയമങ്ങളാല്‍ ബന്ധിതയായ സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമല്ലായിരുന്നു. ഇപ്പോഴും അതില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. സീത ആരോടും സംസാരിക്കയല്ല. മറിച്ച് അവര്‍ ചിന്തിക്കയാണ്. അതുകൊണ്ട് അവരുടെ ഉള്ളിലെ ചിന്തകള്‍ പ്രതിബന്ധങ്ങളില്ലാതെ ഒഴുകി വരുന്നു. ഓരോ ചിന്തയും ഓരോ അവസ്ഥയെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ്.

വാല്‍മീകിയുടെ രാമായണത്തിലെ ഒരു കഥാസന്ദര്‍ഭത്തെ ആ സ്ത്രീയുടെ, സീതയുടെ കാഴ്ചപ്പാടിലൂടെ പുനരവതരിപ്പിച്ചിരിക്കയാണ് ആശാന്‍ ഈ കാവ്യത്തില്‍.  ചിന്താവിഷ്ടയായിരിക്കുന്ന സീതയുടെ രവിവര്‍മ്മ ചിത്രം ആശാന് ഈ കാവ്യം എഴുതാന്‍ പ്രചോദനം നല്‍കിയെന്നും വിശ്വസിച്ചുവരുന്നുണ്ട്.

വാല്‍മീകിയുടെ രാമായണം എഴുതിയ കാലം കൃസ്തുവിനു നാനൂറു കൊല്ലങ്ങള്‍ക്കു മുന്‍പോ ഇരുനൂറു വര്‍ഷങ്ങള്‍ക്ക് ശേഷമോ ആയിരിക്കാമെന്ന് കണക്കാക്കുന്നു. ധര്‍മസൂത്രങ്ങളും മനുസ്മൃതിയും എഴുതപ്പെട്ടത് ഈ കാലത്താണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്ത്രീയുടെ പാതിവൃത്യത്തിനും പരിശുദ്ധിക്കും അമിത ഗൗരവം നല്‍കുകയും അത് കര്‍ശനമായി സ്ത്രീകള്‍ പാലിക്കണമെന്ന നിബന്ധനകള്‍ ഉണ്ടായതും ഈ കാലഘട്ടത്തിലാണ്. അതുകൊണ്ടായിരിക്കും വാല്‍മീകി സീതയെപോലെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത്. ധര്‍മശാസ്ത്രങ്ങളും, സ്മൃതികളും പുരുഷമേധാവിത്വത്തിനു അകമ്പടി സേവിക്കുമ്പോള്‍ സീത അത്തരം കല്‍പ്പനകള്‍  ഉദ്ധരിച്ചുകൊണ്ട് അവ പ്രായോഗികമാക്കുന്നതില്‍ വരുന്ന പിഴവുകളെ   നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

അയ്യായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സിന്ധുനദിതട സംസ്കാരത്തില്‍ സ്ത്രീയെ ദേവതയായി കണ്ടിരുന്നു. ഖനനം ചെയ്തപ്പോള്‍ ധാരാളം 'അമ്മ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ അവിടെ  കണ്ടെത്തത്തിയിരുന്നു.  ആ കാലം സ്ത്രീകളുടെ സുവര്‍ണ്ണ കാലം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അന്ന് 'അമ്മ” തറവാട് ഭരിക്കുന്ന സമ്പ്രദായമായിരുന്നു. വൈദിക കാലത്ത് സ്ത്രീകള്‍ സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചിരുന്നു. അവരുടെ സമ്മതപ്രകാരമാണ് വിവഹാം നിശ്ചയിച്ചിരുന്നത്. സ്വയംവരത്തിലൂടെ ഇഷ്ടപുരുഷനെ തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ടായിരുന്നു. ഭരണകാര്യങ്ങളിലും, പൂജാവിധികളിലും, ബലിമുതലായവയിലും അവര്‍ പങ്കെടുത്തിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസവും അനുവദിച്ചിരുന്നു. ഘോഷ, മൈത്രേയി, ലോപമുദ്ര, ഗാര്‍ഗി തുടങ്ങിയവര്‍ കീര്‍ത്തനങ്ങള്‍ രചിച്ചിരുന്നു.ആര്യാധിനിവേശത്തിനു ശേഷം, മനുസ്മൃതിയുടെ പ്രചാരം മൂലം, മുസ്ലീമുങ്ങളുടെ വരവിനു ശേഷം  പുരുഷമേധാവിത്വം നിലവില്‍ വന്നുവെന്ന് വിശ്വസിച്ചുവരുന്നു. സതി, പര്‍ദ്ദ, ശൈശവ വിവാഹം, ഭാര്യയെ വ്യക്തിപരമായ സ്വത്തായി (രവമേേലഹ) കാണല്‍, വിധവകള്‍ക്ക് പുനര്‍വിവാഹ നിഷേധം തുടങ്ങി സ്ത്രീയെ ബന്ധിപ്പിക്കാനുള്ള ചങ്ങലകള്‍ പുരുഷന്മാര്‍ പണിതു.


ചിന്താവിഷ്ടയായ സീതയെഴുതി ഒരു വര്‍ഷം കഴിഞ്ഞാണ്  അതായത് ആയിരത്തി തൊള്ളായിരത്തി ഇരുപതില്‍ ഇന്ത്യയില്‍ സ്ത്രീസ്വാതന്ത്ര്യവാദത്തിന്റെ (ളലാശിശാെ) ശബ്ദമുയരുന്നത്. അതിനുമുമ്പ് തന്നെ ഈ വിഷയത്തെ സ്ത്രീകള്‍ ഗൗരവപൂര്‍വം പരിഗണിച്ചിരുന്നെങ്കിലും സംഘടിതമായ പ്രവര്‍ത്തനം പ്രകടമായിരുന്നില്ല. ആശാന്‍ ഈ കാവ്യം എഴുതുന്ന കാലത്ത് കേരളത്തിലെ സാമൂഹ്യ സ്ഥിതി പരിതാപകരമായിരുന്നു. സാമൂഹ്യനീതികളിലെ അസമത്വവും, സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനവും, ജാതിക്കോമരങ്ങളുടെ അലറലുകളും സാമൂഹ്യാന്തരീക്ഷത്തെ മലിനമാക്കികൊണ്ടിരുന്നു. ഒരു സ്ത്രീ ചിന്തിക്കുന്നുവെന്നത് അന്നത്തെ സമൂഹത്തിനു ഒട്ടും സ്വീകാര്യമോ അവരുടെ ചിന്തകള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതു ആയിരുന്നില്ല. അഗ്‌നിപരീക്ഷയില്‍ വിജയിച്ച സീതയെ ഉപേക്ഷിച്ചതിലൂടെ രാമന്‍ രാമന്റെ യശ്ശസ്സിനു കളങ്കമുണ്ടാക്കി എന്ന് പറയാന്‍ ആരും മുതിരാത്തത് പുരുഷമേധാവിത്വത്തിന്റെ സ്വാധീനമാണ്. യുദ്ധം ചെയ്തതതും രാവണനെ കൊന്നതും രാമന്റെ മാനം രക്ഷിക്കാനായിരുന്നു.

ഈ കാവ്യം വിയോഗിനി എന്ന സംസ്കൃത വൃത്തത്തിലാണ് എഴുതിയിട്ടുള്ളത്. ഭര്‍ത്താവില്‍ നിന്നോ കാമുകനില്‍ നിന്നോ വേര്‍പിരിഞ്ഞവള്‍ എന്ന് ഈ വാക്കിനു അര്‍ത്ഥമുണ്ട്. നൂറ്റി തൊണ്ണൂറ്റി രണ്ട് ശ്ലോകങ്ങള്‍ അടങ്ങിയ സാമാന്യം നീണ്ട ഒരു ഖണ്ഡകാവ്യമാണിത്. ഇതിലെ ഒന്ന് മുതല്‍ പതിനൊന്നു വരെയുള്ള ശ്ലോകങ്ങളില്‍ ആശ്രമത്തില്‍ നിന്ന് കുറച്ച് ദൂരെമാറി ഒരു ഉദ്യാനത്തില്‍ ആരുടെയും ശല്യമില്ലാതെ അതിചിന്ത വഹിച്ച് സീതയിരിക്കുന്നതിനെക്കുറിച്ചുള്ള വര്‍ണനയാണ്. മക്കള്‍ രണ്ടുപേരെയും കൂട്ടി വാല്‍മീകി അയോധ്യയിലേക്ക് പോയ ഒരു സന്ധ്യയില്‍ സീത തന്റെ ഗതകാലജീവിതാനുഭവങ്ങള്‍  ഓര്‍ത്തെടുക്കുകയാണ്. സീത ഇഹലോകവാസം വെടിയുന്നതിന്റെ തലേദിവസമാണ് അവര്‍ ചിന്തകള്‍ക്കടിമപ്പെടുന്നത്. കാരണം വാത്മീകി മക്കളോടൊപ്പം അയോധ്യയില്‍ പോയി രാമകഥ വായിച്ചുകേള്‍ക്കുമ്പോള്‍ രാമന്‍ പശ്ച്ചാത്തപിച്ച് തന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിച്ചാല്‍ തനിക്ക് വീണ്ടും മാനസികവിക്ഷോഭങ്ങളെ അഭിമുഖീകരിക്കണ്ടിവരുമെന്ന അവര്‍ ശങ്കിക്കുന്നു.


സുതര്‍ മാമുനിയോടായോദ്ധ്യയില്‍
ഗതരായൊരളവന്നൊരാന്തിയില്‍
അതിചിന്ത വഹിച്ചു സീത പോയ്
സ്ഥിതിചെയ്താലുടജാന്തവാടിയില്‍

അരിയോരണിപന്തലായ് സതി
ക്കൊരു പൂവാ!ക വിതിര്‍ത്ത ശാഖകള്‍;
ഹരിനീലതൃണങ്ങള്‍ കീഴിരു
ന്നരുളും പട്ടു വിരിപ്പുമായിതു
പരിശോഭകലര്‍ന്നിതപ്പൊഴാ
പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍
തരുവാടിയിലൂടെ കണ്ടിടു
ന്നൊരു താരാപഥഭാഗമെന്ന പോല്‍.
വനമുല്ലയില്‍ നിന്നു വായുവിന്‍ –
ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍
ഘനവേണി വഹിച്ചു കൂന്തലില്‍
പതിയും തൈജസകീടപംക്തിയെ

പൂവാകകള്‍ അതിന്റെ ശാഖകള്‍ക്കൊണ്ട് മനോഹരമായ ഒരു പന്തലൊരുക്കുകയും ഹരിനീലതൃണങ്ങള്‍ ദേവിക്കായി പട്ടുവിരിക്കയും ചെയ്തിരുന്നു. വനത്തില്‍ ഉപേക്ഷിക്കപ്പെട്ടവളായിട്ടും സീതയെ അവനീശ്വരിയായിട്ടാണ് പൂവാകകളും, പുല്‍മെത്തകളും കരുതുന്നത്.  സൂര്യന്‍ മറയുകയും ചന്ദ്രന്‍ ഉദിക്കയും ചെയ്തിരുന്നു. എന്നാല്‍ ദേവി അവിടെ തനിയെയിരിക്കയാണെന്നു ഓര്‍ത്തിരുന്നില്ല. തമസാനദിയിലെ മന്ദമാരുതന്റെ തലോടല്‍ ഏറ്റു ആമ്പല്‍ പൂക്കള്‍ വിരിയുന്നത്  തടാകം പുളകം കൊള്ളുന്നപോലെ എന്ന് കവി ഉല്‍പ്രേക്ഷിച്ചിരിക്കുന്നു. കാട്ടുമരങ്ങള്‍ക്കിടയിലൂടെ പരക്കുന്ന നിലാവ് ആ പ്രദേശം മുഴുവന്‍ വെള്ളി കൊണ്ട് വാര്‍ത്തപോലെ കാണപ്പെട്ടു എന്ന് കവി വര്‍ണ്ണിക്കുന്നു. വനമുല്ലയില്‍നിന്നും കാറ്റില്‍പാറി വരുന്ന പൂക്കളെപോലെ മിന്നാമിനുങ്ങുകള്‍ സീതാദേവിയുടെ കനത്തതലമുടിക്കെട്ടില്‍ പറന്നു വന്നിരുന്നു. അപ്പോള്‍ ആ കുന്തളരാജിയുടെ ഒളിമിന്നല്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ താരാപഥത്തിന്റെ ഒരു ഭാഗം പോലെ കാണപ്പെട്ടു. ശരീരം മൂടി പുതച്ചിരുന്ന അവര്‍ വൃക്ഷശാഖകള്‍പോലെയുള്ള കൈകള്‍ തുടമേല്‍ വച്ചിരുന്നു. പകുതിയടഞ്ഞ മിഴികളാല്‍ അവര്‍ വെറുതെ നോക്കിയിരുന്നു . കാറ്റില്‍ അവരുടെ മുടിയിഴകള്‍ വളരെ ശക്തിയായി കവിളില്‍ ഉരസിയിട്ടും ഇളക്കമില്ലാതിരുന്നു. അവരുടെ ചിന്താസമുദ്രത്തിലെ തിരകള്‍ ഒന്നിന് പുറകെ ഒന്നായി വരുന്ന പോലെ കവിള്‍ത്തടങ്ങളില്‍ അതിന്റെ ഭാവങ്ങള്‍ പ്രകടമാക്കികൊണ്ടിരുന്നു. മനസ്സിന്റെ സങ്കടം അടക്കാന്‍ കഴിയാതെ വിചാരത്തിന്റെ ഭാഷയില്‍ ആ മനസ്വിനി ദുഖത്തോടെ സ്വയം. സംസാരിച്ചുകൊണ്ടിരുന്നു.

തുടര്‍ന്നുള്ള വരികളില്‍ അവര്‍ അവരുടെ നിര്‍ഭാഗ്യങ്ങള്‍ ആലോചിക്കുകയും ഈ ലോകത്തിലും മനുഷ്യരുടെ ജീവിതത്തിലും കാണുന്ന യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്തുവച്ചും, ശരി വച്ചും സംസാരിക്കുന്നു. ഒരു നിശ്ചയമില്ലയൊന്നിനും  വരുമോരോ ദശ വന്നപോലെ പോം. ആര്‍ക്കും അറിയാത്ത രഹസ്യം അറിയാന്‍ മനുഷ്യന്‍ വെറുതെ  കൊതിക്കുന്നു. വേനല്‍ പോയി മഴ വരും. വൃക്ഷങ്ങള്‍ ഇല പൊഴിക്കും. പിന്നീട് അവ താരും തളിരും അണിയും. കൂരിരുട്ടില്‍ താരകള്‍ ഉണ്ട്. സമുദ്രത്തില്‍ ദ്വീപുകള്‍ ഉണ്ട്.  ഏത് മഹാവിപത്തിലും ഒരു സ്വസ്ഥതയുണ്ട്.വിധിക്ക് ഒരു ജീവിയിലും സ്ഥായിയായ വെറുപ്പില്ല.  വിധി ഒരു കൈ കൊണ്ട് തല്ലുമ്പോള്‍ മറ്റേ കൈ കൊണ്ട് തലോടുന്നു.ഒരിക്കലും തെറ്റാതെ മനുഷ്യര്‍ പോകുന്ന എല്ലാ വഴികളും ദുര്‍ഘടാമെന്നു കാണാം.  വെളിച്ചവും നിഴലും പോലെ സുഖ ദുഃഖങ്ങള്‍ ഉണ്ടാകുന്നു.സുഖവും ദുഃഖവുമായി വരുന്ന സ്ഥിതികള്‍ ഒന്നാകാം. വലിയ മഹാത്മാക്കള്‍ക്ക് അതറിയാം.  അതുകൊണ്ട് അവരെ സുഖ ദുഃഖങ്ങള്‍ അലട്ടുന്നില്ല.ദുഃഖം വരാന്‍ വേണ്ടി ഞാന്‍ ദുഃഖം അന്തര്‍ലീനമായ സുഖം കൊതിക്കയില്ല. ദുഃഖം ആഗ്രഹിച്ച് ചെല്ലുകയാണെങ്കില്‍ ദുര്‍വിധി ചിലപ്പോള്‍ എന്നെകൈവിട്ടേക്കാം.  കുറേനാള്‍ പഴകുമ്പോള്‍ ഇരുട്ടും വെളിച്ചമായി തോന്നാം. നിരന്തരം കയ്പ്പ് മാത്രം ഭക്ഷിക്കുന്നവന് കയ്പ്പും മധുരമായ് തോന്നാം.

മുനി ചെയ്ത മനോജ്ഞ കാവ്യമ
മനുവംശാധിപനിന്നു കേട്ടുടന്‍
അനുതാപമിയന്നിരിക്കണം!
തനയന്‍മാരെയറിഞ്ഞിരിക്കണം

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരൊ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ;
തിരിയാ ലോകരഹസ്യമാര്‍ക്കുമേ


ഒരുവേള പഴക്കമേറിയാ
ലിരുളും മെല്ലെ വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പുതാനുമേ.
 
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ വിശ്രമമില്ലാതെ ഈ ലോക ജീവിതത്തില്‍ നിത്യവും സംഭവിക്കുന്നു. രണ്ട് പക്ഷങ്ങളില്‍ പെട്ട ചന്ദ്രനെപോലെ.. ദുഖത്തോടെ നിലയില്ലാക്കയങ്ങളില്‍ പൊങ്ങിയും താണും കുറേനാള്‍ കഴിയുമ്പോള്‍ ഒരാള്‍ക്ക് മായാസമുദ്രത്തെ മറികടക്കാന്‍ കഴിയുമായിരിക്കും. മൃഗങ്ങള്‍ക്ക് അനവധി ദുഃഖങ്ങള്‍ ഉണ്ടാകും വന്നപോലെ അവയൊക്കെ പോകും. മനുഷ്യര്‍ മാത്രം അവന്റെ ആത്മാഭിമാനബോധം കൊണ്ട് ഒരിക്കലും അവസാനിക്കാത്ത വേദനയനുഭവിക്കുന്നു.ഒരു പുഴുവിനെപോലെ എന്റെ ഇടത്തെതോള്‍ വെറുതെ തുടിക്കുന്നു. നിഴലിനു പുറകെ പോകുന്ന പൈതലിനെ പോലെ ഞാന്‍ ഇനി സന്തോഷത്തിനു പുറകെ പോകുകയില്ല.വ്രതചര്യ ഒരു ശീലമായി. സമയം ആത്മീയവിദ്യയാല്‍ നീക്കുന്നു. ദുഃഖം പോയി. ബുദ്ധിയുള്ളത്‌കൊണ്ട്  അപമാനം എന്ന ശല്യം കൂടെയുണ്ട്.

നിലയറ്റ  സുഖാസുഖങ്ങളാ
മലയില്‍ താണുമുയര്‍ന്നുമാര്‍ത്തനായ്
പലനാള്‍ കഴിയുമ്പോള്‍ മോഹമാം
ജലധിക്കക്കരേ ജീവിയേറിടാം


മഹാമുനിയെഴുതിയ കാവ്യം മനുവിന്റെ വംശാധിപന്‍ ഇന്ന് കേട്ടിരിക്കണം പശ്ചാത്താപം ഉണ്ടായിക്കാണും. മക്കളെയും തിരിച്ചറിഞ്ഞുകാണും.ലോകത്തിനു മോടി കൂട്ടുന്ന സുഖ ദിവസങ്ങളെ ഞാന്‍ ഓര്‍ക്കുന്നു. ദുര്‍വിധിയുടെ നിന്ദാഗര്ഭമായ പുഞ്ചിരിപോലെ അതൊക്കെ മാഞ്ഞു പോയതും.പതിയോടുള്ള സ്‌നേഹത്തിന്റെ പ്രിയ ഭാവങ്ങള്‍ നിന്നുപോയിട്ടില്ലെങ്കിലും അവയിപ്പോള്‍ ചിന്തയില്‍ വരുന്നില്ല.  പ്രതിധ്വനിയില്ലാത്ത ശബ്ദം പോലെ.ഒരു നിമിഷാര്‍ദ്ധത്തെ വിരഹം പോലും ഹൃദയഭേദകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയം തലപൊക്കുന്നില്ല . അത് ഒരു അണലി പാമ്പിനെപ്പോലെ നിദ്രയിലാണ്.ഇന്ദിയാനുഭൂതി തരുന്ന ചില വിചാരങ്ങള്‍ സ്വയം ഒഴിഞ്ഞുപോയി. മനസ്സ് ദയയര്‍ഹിക്കും വിധം പ്രാവുകള്‍ വെടിഞ്ഞ കൂടുപോലെ ഒഴിഞ്ഞിരിക്കുന്നു.എന്റെ ഹൃദയാകാശത്തിലെ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യാത്ത എന്നാല്‍ നിരന്തരം പ്രകാശം ചൊരിയുന്ന ഭാസുര ചന്ദ്രന്‍ ഇപ്പോള്‍ എന്റെ സ്മൃതിദര്‍പ്പണത്തിലെ പ്രതിബിംബം മാത്രമായി.  എന്റെ ഗര്ഭാവസ്ഥതയില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചില്ല. ഇപ്പോള്‍ കുട്ടികള്‍ അവരുടെ പ്രിയ ചേഷ്ടകളാല്‍ എന്നെ ആനന്ദിപ്പിക്കുന്നു.കുട്ടികള്‍ അവരുടെ പുഞ്ചിരിയാകുന്ന രസ്മികള്‍ കൊണ്ട് മനസ്സിലെ ഇരുട്ട് നീക്കുന്നു.  മനുഷ്യജീവിത വേദനക്ക് ഔഷധങ്ങളാണ് കുട്ടികള്‍.
ക്ഷണമാത്രവിയോഗമുള്‍ത്തടം
വൃണമാക്കുപടി വാച്ചതെങ്കിലും
പ്രണയം , തലപൊക്കിടാതെയി
നാണലിപ്പാമ്പുകണക്കെ നിദ്രയായ്

ഓര്‍മ്മകള്‍ ഒന്നൊന്നായി സീതയുടെ മനസ്സിലേക്ക് വരുന്നത് ആശാന്‍ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു.  ലക്ഷമണനോട് കടുത്ത വാക്കുകള്‍ പറഞ്ഞതിലുള്ള ഖേദം സീത രേഖപ്പെടുത്തുകയും അദ്ദേഹത്തിനോട് പൊറുക്കാന്‍ പറയുകയും ചെയ്യുന്നു. അതിനുമുമ്പ് സീത ദേവി താനെടുത്ത തീരുമാനങ്ങളും അവയുടെ ശരിതെറ്റുകളും വിശകലനം ചെയ്യുന്നു അഗ്‌നിശുദ്ധി വരുത്തിയ എന്നെ വെടിയാന്‍ ലക്ഷ്മണന് കല്പന നല്‍കിയപ്പോള്‍ എന്റെ ലോകം ഇരുണ്ട്. ഞാന്‍ ഇടിവെട്ടേറ്റവളെപോലെ വീണു. എനിക്ക് മരിക്കാന്‍ തോന്നി. പക്ഷെ ഞാന്‍  ഗര്‍ഭവതിയായിരുന്നു. എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഗതിമുട്ടിയിട്ടും ബുദ്ധി സ്ഥിരത നഷ്ടപ്പെടുത്താതെ ദുഖത്തിന്റെ ഭാരം കുറയുമെന്ന് ഞാന്‍ ആശിച്ചു. മനസ്സ് ആത്മഹത്യ ചിന്തയില്‍ നിന്നും മോചനം നേടിയത് ഭാഗ്യമായി. എന്റെ പാകം വന്ന പക്വത കൊണ്ട് കുലത്തിനു മാനഹാനി ഉണ്ടായില്ല.
പിന്നെ അവര്‍ സാരോപദേശങ്ങള്‍ നല്‍കുന്നു. ഓരോ സംഭവങ്ങളും വിവരിക്കുമ്പോള്‍ അതിനെ കൂടുതല്‍ വ്യക്തമാകാന്‍ ആശാന്‍ ഉപയോഗിച്ചിരിക്കുന്ന ഉപമകള്‍ വളരെ ഹൃദ്യമാണ്.  ക്ഷമയെപോലെ നന്മ ചെയ്യാന്‍ ഒരു ബന്ധുവുമില്ല, ദുഃഖത്തെപോലെ അറിവ് പകര്‍ന്നീടാന്‍ ഒരു ഗുരുവുമില്ല.  ഭാരമുള്ള ചിന്തകളെക്കുറിച്ച്  ഞാന്‍ ചിന്തിക്കയില്ല. എന്റെ ഹൃദയത്തിന്റെ ഇടനാഴിയിലേക്ക് ഈയല്‍ പോലെ ചിന്തകള്‍ പറന്നടുക്കുന്നു.  അലസതയുടെ യവനിക നീക്കി  ചില ദിവസങ്ങളില്‍ ചിന്താധാരകള്‍ സ്ഫുരിക്കുമ്പോള്‍ അവ ഋതുക്കളില്‍ പൂത്തുല്ലസിക്കുന്ന വല്ലിപോലെ.
ലക്ഷ്മണനോട് ക്ഷമ ചോദിക്കുന്നതിനു മുമ്പ് ലക്ഷ്മണന്റെ സേവനങ്ങളെ ദേവി ഓര്‍ക്കുന്നു.  കൊട്ടാരത്തിലോ, കാട്ടിലോ എന്ന വ്യത്യാസമില്ലാതേ നീ ഞങ്ങളെ പരിചരിച്ച് താമസിച്ചു. നിന്റെ മുഖത്തെ പ്രകടമായ വിനയം ഓര്‍ക്കാതെ നിന്നെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ വയ്യ. ശത്രുക്കള്‍ക്ക് ഭീഷണിയായോനെ നിന്റെ നിഷ്ഠാപൂര്‍വമായ പരിചരണങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ കാനനഭംഗി ഞങ്ങള്‍ക്കാസ്വദിക്കാന്‍ കഴിയില്ലായിരുന്നു. പിന്നെ കാട്ടില്‍ ഉപേക്ഷിക്കാന്‍ കൂടെ വന്ന ലക്ഷമണന്റെ ഭാവങ്ങള്‍ അവര്‍ ഓര്‍ക്കുന്നു. പുരികം പുഴുവിനെപോലെ പിടഞ്ഞും മനസ്സ് വേദനയാല്‍ അമര്‍ന്നും പിരിയാന്‍ വയ്യാതെ കണ്ണുനീര്‍ ചൊരിയുന്ന ലക്ഷ്മണന്‍. ബുദ്ധിമാനും, ധീരനും, അര്‍പ്പണബോധമുള്ളവനുമായ അവന്റെ ദുഃഖം കണ്ടപ്പോള്‍  എന്റെ ഹൃദയത്തിലെ പാതി ദുഃഖം കുറഞ്ഞുപോയി.

കടുവാക്കുകള്‍ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാന്‍ തരമായ് മറിച്ചുമേ;
കുടിലം കര്‍മ്മവിപാകമോര്‍ക്കുകില്‍.

കനിവാര്‍ന്നനുജാ! പൊറുക്ക ഞാന്‍
നിനയാതോതിയ കൊള്ളിവാക്കുകള്‍
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ.

മുനികാട്ടിടുമെന്‍ കിടാങ്ങളെ
ക്കനിവാല്‍ നീ സ്വയമാഞ്ഞു പുല്‍കിടാം
അനസൂയ വിശുദ്ധമിന്നു നിന്‍
മനമാനന്ദസരിത്തില്‍ നീന്തിടാം.

ഒരിക്കല്‍ എന്റെ കടുത്ത വാക്കുകള്‍ കേട്ട് നീ എന്നെ വെടിഞ്ഞുപോയി. ഇപ്പോഴും വേറെ കാരണങ്ങള്‍ കൊണ്ടാണെങ്കിലും നീ വെടിഞ്ഞുപോയി.കര്‍മ്മവിപാകം കുടിലം തന്നെ. ദയവായി അനുജാ, നിന്നോട് ഞാന്‍ പറഞ്ഞ കൊള്ളിവാക്കുകള്‍ പൊറുക്കുക.  ചിലപ്പോള്‍ മനസ്സ് അനിയന്ത്രിതമായി ഓടാത്ത കുമാര്‍ഗങ്ങള്‍ ഇല്ല. വിരഹതാപത്താല്‍ ദുഃഖിതനായി ശ്രീരാമന്‍ വനാന്തരങ്ങളില്‍ അലഞ്ഞപ്പോള്‍ നീ അവനു സഹായവുമായി എത്തി. നീ ഇന്ദ്രജിത്തുമായി പോരാടിയ കഥകള്‍കേട്ട് വെമ്പലാര്‍ന്ന ഞാന്‍ നിന്നെ പ്രതി എന്റെ ഹൃദയത്തിലുള്ള സ്‌നേഹം കൂടുതല്‍ അറിഞ്ഞു. മുനി കാട്ടിത്തരുന്ന എന്റെ മക്കളെ നീ സ്‌നേഹത്തോടെ പുല്‍കുക. അസൂയയില്ലാത്ത ശുദ്ധമായ നിന്റെ മനസ്സ് ഇന്ന് ആനന്ദ സാഗരത്തില്‍ ആറാടും. എന്റെ കഥ വിടുക. നീ ജ്യേഷ്ഠന് ബന്ധുവായി നല്ലവരായ മറ്റ് ബന്ധുജനങ്ങളോടുമൊത്ത് നീണാള്‍ വാഴ്ക. പ്രിയന് ആപത്ത് പിണഞ്ഞുവെന്ന് ധരിച്ച് സമനില തെറ്റി സ്വന്തം അനുജനെ തീഷ്ണമായ വാക്കുകളാല്‍ ആക്ഷേപിച്ചതില്‍  പാശ്ചാതാപം പ്രകടിപ്പിക്കയും ഒരു തപസ്വിനിയെ പോലെ അയാളെ അനുഗ്രഹിക്കുകയും ചെയ്തതിനുശേഷം കാനന മധ്യത്തില്‍ നിരാലംബയായ നിന്നപ്പോള്‍ വാല്മീകി വന്നു സമാസ്വിസിപ്പിക്കുന്നത് ഓര്‍ക്കുന്നു.

പെരുമാരിയില്‍ മുങ്ങി മാഴ്ന്നിടു
ന്നൊരു  ഭൂമിക്ക് ശരത്ത് പോലവേ
പരമെന്നരികത്തിലെത്തിയ
പരവിദ്യാനിധി നിന്നതോര്‍പ്പു ഞാന്‍

നികടത്തില്‍ മദീയമാശ്രമം
മകളെ ! പോരികത്തോര്‍ക്ക് നിന്‍ ഗൃഹം
അകളങ്കമിവണ്ണമോതിയെ
ന്നകമൊട്ടാറ്റി  പിതൃപ്രീയന്‍  മുനി

എരിയുന്ന മഹാവനങ്ങള്‍ ത
ന്നരികില്‍ ശീതളനീര്‍ത്തടാകമോ?
തിരത്തള്ളിയെഴുന്ന സിന്ധുവിന്‍
കരയോ? ശാന്തികരം തപോവനം

വാല്‍മീകിയുടെ ആശ്രമത്തില്‍ എത്തിച്ചുചേര്‍ന്ന  സീത  അവിടത്തെ താപസ സ്ത്രീകളുടെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. സമുദ്രം  പോലെ     പരന്നുകിടക്കുന്ന ഭാവികാലത്തില്‍ വേദങ്ങളും ധര്‍മ്മശാസ്ത്രങ്ങളും ആണ്ടുപോയാലും ഈ സതിമാര്‍ വാണിടുന്ന ഭൂമി ധന്യമായിരിക്കുമെന്ന് അവര്‍ ചിന്തിക്കുന്നു. തന്നെ ദുര്‍വിധി കാനനത്തില്‍ എത്തിച്ചെങ്കിലും  ഇവരോടൊപ്പം കഴിയാന്‍ ലഭിച്ചത് അനുഗ്രഹം എന്നവര്‍ കരുതുന്നു.

ഇതിഹാസപുരാണസല്‍ക്കഥാ
ശ്രുതിയാല്‍ ജീവിതഭു നനച്ചിവര്‍
ചിതമായരുളുന്നു ചേതനാ
ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ
......

സ്മൃതി വിസ്മൃതമാകിലും സ്വയം
ശ്രുതി കാലബ്ധിയിലാണ്ടുപോകിലും
അതിപാവനശീലമേലുമി
സ്സതിമാര്‍ വാണീടുമൂഴി ധന്യമാം

(തുടരും)


Join WhatsApp News
പരസ്യം 2019-04-16 19:12:06
പരസ്യകലാ പ്രയത്നൻ,പക്ഷേ
പ്രച്ഛന്നവേഷ പരാജിതൻ
വിദ്യാധരൻ 2019-04-17 13:15:23
ഈ മനോഹര പ്രപഞ്ചത്തെ നിലനിർത്തുന്നതിൽ സ്ത്രീയുടെ തുല്യമായ കഴിവുകളെ അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ചൊവ്വഗ്രഹത്തിൽ നിന്ന് വന്ന പുരുഷനും ശുക്രഗ്രഹത്തിൽ നിന്ന് വന്ന സ്ത്രീയും ഒന്നിച്ചെങ്കിൽ മാത്രമേ മനുഷ്യജീവിതം ധന്യമാകു .  അതുകൊണ്ട് മലയാളി സ്ത്രീകളെ അടിമകളായി കരുതുന്ന പുരുഷൻമാർ, തെറ്റ്ധാരണകൾ മാറ്റി അവരെ റോമാക്കാരുടെ സൗന്ദര്യസ്നേഹദേവതയെപ്പോലെ തുല്യപങ്കാളികൾ ആക്കുക. അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ അവർ സീതയെ പോലെ പൊട്ടി തിരിച്ചെന്നിരിക്കും 
രാമായണത്തിൽ രാമന്റെ ഏക പത്നീ വ്രിതത്തെ എല്ലാവരും ആഘോഷിക്കുന്നു. എന്നാൽ അയാൾ സീതയോട് കാണിച്ച അനീതി ആരും വിമർശിച്ചു കാണുന്നില്ല .  പല മലയാളികളിലും ഈ ദൂഷ്യവശങ്ങൾ ഉണ്ട് . ഏക പത്നീ വൃതം ആഘോഷിക്കുമ്പോൾ തന്നെ അവർക്ക് അവിവിഹിത ബന്ധങ്ങൾ ഉണ്ട് .  കേരളത്തിലെ രാമായണവും വേദങ്ങളും കലക്കി കുടിച്ച നംപൂതിരിമാർക്ക് പോകുന്ന സ്ഥലങ്ങളിൽ ഒക്കെ ബന്ധങ്ങൾ ഉള്ളതുപോലെ 

ദ്യുമൽത്സേനസൂതം വീരസത്യവന്തവൃതാം 
സാവിത്രി വീവ മാം വിദ്ധിത്വമാത്മവശ വർത്തിനി 

ന ത്വഹം മനസാ പ്യന്യം ദ്രഷ്ടം സ്മിത്വദൃതേ നഘ
ത്വയ രാഘവ ഗച്ഛേയം  യഥന്യ കലാപാംസിനി 

സ്വയം തു ഭാര്യാം കൗമാരീം  ചിരമദ്ധ്യുഷിതാം സതീം 
ശൈലുഷ ഇവ മാം രാമ പരേഭ്യോ ധാതു മിച്ഛസി (വാല്മീകി )

ഇതിനെ വള്ളത്തോൾ തർജ്ജമ ചെയ്തിരിക്കുന്നത് 

ദ്യുമൽത്സേജനാം സത്യവാനെയാർ പിന്തുടർന്നുവോ 
ആസ്സാവിത്രി കണക്കേ, ഞാൻ വീര, നിൻകീഴിൽ നില്പവൾ 

നോക്കില്ലേതോ കലട  പോലങ്ങളല്ലാതൊരുത്തനെ 
ഹൃത്താലും ഞാനനഘ; നിൻ കൂടെ പോരട്ടെ രാഘവ! 

ബാല്യവേട്ടു ചിരം പാർത്ത സതിയാം ഭാര്യയെ സ്വയം 
നട്ടുവൻ പോലെയന്യർക്ക് നൽകാൻ നോക്കുന്നു രാമ നീ 

'സതിയാം ഭാര്യയെ സ്വയം നട്ടുവൻ പോലെയന്യർക്ക് നൽകാൻ നോക്കുന്നു രാമ നീ' എന്ന് പറയുവാൻ സീതയ്ക്ക് ഒരു മടിയുമില്ല. ആരുടേയും തീരുമാനങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ വനവാസത്തിന് ശ്രീരാമൻ തീരുമാനിച്ചതിനെ രാമന്റെ സത്യപരായണതയെ  ( പരായണത-ഏകാഗ്രഭക്തി)  വെളിപ്പെടുത്തുന്നു എന്ന് രാമ ഭക്തർ കരുതുന്നു . ഗർഭിണിയായ സീതയെ കാട്ടിലെറിഞ്ഞത് ധർമ്മവ്യസനിത്വമാണെന്ന് രാമഭക്തന്മാർ അതിനെ ന്യായികരിക്കുന്നു അതോർത്തിട്ട് സഹിക്കാനാവാതെ സീത പറയുന്നു 

അത് സത്യപരായാണത്വമാ -
രിതു ധർമ്മവ്യസനിത്വമെന്നു മാം 
പൊതുവിൽ ഗുണമാക്കിടാം ജനം 
ചതുരന്മാരുടെ ചാപലങ്ങളും (ചിന്താവിഷ്ടയായ സീത -95 )

 "സ്ത്രീയെ അടിമയായി കണ്ടിരുന്ന ഒരു സമൂഹത്തില്‍ നിന്ന്   ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന സാഹചര്യത്തിന്റെ ന്യായീകരണം വളരേ സ്പഷ്ടമായി ഈ കാവ്യത്തില്‍ വിവരിച്ചിരിക്കുന്നു."  വെറും സ്ത്രീയല്ല. ചിന്തിക്കുന്ന സ്ത്രീ. അവള്‍ പതിവ്രതാരത്‌നമാണ്. രാജകുമാരിയാണ്. സദാചാരനിഷ്ഠയാണ്. എല്ലാ വേദനകളും നിശബ്ദം സഹിച്ചവളാണ്. ഭര്‍ത്താവിനെ ദൈവത്തെപോലെ കണ്ട് അദ്ദേഹത്തിന്റെ എല്ലാ ആജ്ഞകളും അനുസരിച്ചവളാണ്. നീതി നിഷേധിക്കപ്പെട്ടവളാണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവളാണ്. സീതയുടെ കാഴ്ച്ചപ്പാട് ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടാണ്. ലിഖിതവും അലിഖിതവുമായ നിരവധി നിയമങ്ങളാല്‍ ബന്ധിതയായ സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമല്ലായിരുന്നു. ഇപ്പോഴും അതില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. സീത ആരോടും സംസാരിക്കയല്ല. മറിച്ച് അവര്‍ ചിന്തിക്കയാണ്. അതുകൊണ്ട് അവരുടെ ഉള്ളിലെ ചിന്തകള്‍ പ്രതിബന്ധങ്ങളില്ലാതെ ഒഴുകി വരുന്നു. ഓരോ ചിന്തയും ഓരോ അവസ്ഥയെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ്."  ലേഖകന്റെ ചിന്തകളോട് ചേർത്തു വച്ച് ചിന്തിക്കാവുന്ന ചില ആശയങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.(നിത്യചൈതന്യയതിയോട് കടപ്പാട് ) . സ്ത്രീപീഡനങ്ങളും ബലാൽസംഗങ്ങളും ഒക്കെ സ്ത്രീയെ ഒരു വസ്തുവായി കാണുന്ന പുരുഷ മേധാവിത്വത്തിൽ നിന്നും ഉണ്ടാകുന്നതാണ് , മതവും രാഷ്ട്രീയവും അതിന് കൂട്ട് നിൽക്കുന്നു . ശബരിമലയിൽ സ്ത്രീകളെ കയറ്റരുതെന്ന് വാദിക്കുന്ന മതവും, സ്ത്രീയെ രണ്ടാകിട വസ്തുവായി കാണുന്ന ഇസ്ളാം മതവും, സ്ത്രീകൾ അൾത്താരയിൽ കയറിയാൽ അവിടം അശുദ്ധമാകുമെന്ന് ചിന്തിക്കുന്ന ക്രൈസ്തവ മതവും എല്ലാം ചിന്തിക്കുന്നത് "ആരുടേയും തീരുമാനങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ വനവാസത്തിന് ശ്രീരാമൻ തീരുമാനിച്ചതിനെ രാമന്റെ സത്യപരായണതയെ  ( പരായണത-ഏകാഗ്രഭക്തി)  വെളിപ്പെടുത്തുന്നു എന്ന് രാമ ഭക്തർ കരുതുന്നു . ഗർഭിണിയായ സീതയെ കാട്ടിലെറിഞ്ഞത് ധർമ്മവ്യസനിത്വമാണെന്ന് രാമഭക്തന്മാർ അതിനെ ന്യായികരിക്കുന്നു" എന്നതുപോലെയാണ്. ചിന്തോദ്ധീപകമായ ലേഖനത്തിന് അഭിനന്ദനം 

വിദ്യാധരൻ 

Elcy Yohannan Sankarathil 2019-04-17 09:19:12
സുന്ദരമായ ആവിഷക്കരണം! സൃദയഹാരിയായ ചിത്രീകരണം! ആ ഖണ്ഡകാവ്യം വായിച്ചിട്ടില്ലാത്താവരെ മനസ്സിലാക്കിക്കുന്ന അവതരണം!. ‘സീത..’ ഉടന്‍ വായിക്കണമെന്നു തോന്നിപ്പോകുന്നു. ബാക്കി ഭാഗങ്ങക്കു വേണ്‍ി കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍!!
കാണാന്‍ കൊതിക്കുന്നു. 2019-04-15 21:40:38
എല്ലാ ഭാഗങ്ങളും എത്രയും വേഗം കാണാന്‍ കൊതിക്കുന്നു.
ആ! ചെരിപുറത്തെ ഒന്ന് നോക്കിക്കോണേ അദേഹം കൈയില്‍ ഒരു സഞ്ചിയുമമായി  കറങ്ങുന്നത് കണ്ടു.
vayanakaaran 2019-04-15 22:28:30
എല്ലാ ഭാഗങ്ങളും എത്രയും വേഗം കാണാന്‍ കൊതിക്കുന്നു.
ദ്വയാർത്ഥ പ്രയോഗമാണല്ലോ!! എല്ലാ ഭാഗങ്ങളും 
ലേഖനത്തിന്റെയോ, സീതയുടെയോ ??
സീത എന്ന് പറയല്ലേ സംഘികൾ ഇടിച്ച് 
സൂപ്പാക്കും.
P R Girish Nair 2019-04-16 03:52:26

കവിതയിലെ വിരുദ്ധ ഭാവങ്ങളെ സൗന്ദര്യമാക്കുന്ന ഒരു ജാല വിദ്യയാണ്                        ശ്രി സുധീർ സർ ഈ കൃതിയെക്കുറിച്ഛ് നടത്തിയിരിക്കുന്നത്. വാഗ്ദേവതയുടെ കാലടിപ്പാടുകൾ ഒരിക്കലും മായാത്ത വിധം തന്റെ ലഖു പഠനത്തിൽ ഉടനീളം നിരീക്ഷിച്ചിരിക്കുന്നു. ആശംസകൾ.

Jyothylakshmy Nambiar 2019-04-16 06:51:17
ചിന്താവിഷ്ടയായ സീതയെകുറിച്ചുള്ള വിശദമായ പഠനവും, ആശാൻ കാവ്യങ്ങളെക്കുറിച്ചുള്ള സ്മരണയും, അദ്ദേഹത്തിന്റെ ഉൾകാഴ്‌ചകളും കൂട്ടത്തിൽ കാലഘട്ടങ്ങൾ തമ്മിലുള്ള  താരതമ്യവും  ഉൾകൊള്ളിച്ചുകൊണ്ടുള്ള  ഈ പരമ്പര വളരെ  അറിവുപകരുന്നതും അതോടൊപ്പം വായനാസുഖവും നൽകുന്നു. ലേഖകന് ആശംസകൾ
josecheripuram 2019-04-16 09:05:56
In my bag I have lots of surprise for everyone.Thanks for remembering me.I know Sudhir's writing is a mine of wisdom& the language is like "PALPAYASAM'.The only complaint, many have is that, he is not presenting his writing in person in any literary gatherings.Where the people could ask questions and gain knowledge in depth.I always enjoyed Mr Sudhir's creations.
പ്രശാന്ത് ജഗൻ ചെങ്ങന്നൂർ 2019-07-31 10:34:08
ശ്രീ സുധീർ പണിക്കവീട്ടിൽ അവർകൾക്കു,
വളരെ മനോഹരമായിരിക്കുന്നു ആശാന്റെ സീതയുടെ ശദാബ്തി വിലയിലുള്ള ഈ അർച്ചന .....മഹാകവി കുമാരനാശാന്റെ സ്മരണാർത്ഥം " മഹാകവി കുമാരനാശാൻ സുഹൃദ് സംഘം " എന്ന പേരിൽ ഫേസ്ബുക്കിൽ ഒരുകൂട്ടയ്മ ചെയ്തുപോരുന്നുണ്ട് ....അങ്ങയുടെ ഈ കുറിപ്പുകൾ അതിലൂടെ പോസ്റ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു .....ഈ കാര്യത്തിൽ അങ്ങയുടെ ബന്ധപ്പെടുവാൻ ഒള്ള നമ്പർ ഈ കൊടുത്തിലുള്ള വാട്ട്സ്ആപ്പ്  നമ്പറിൽ - +918281500239 അയച്ചുതന്നാൽ നന്നായിരുന്നു .....

അതുപോലെ ഇവിടെ അർത്ഥവത്തായ മറുപടികളും കമന്റ്സ് കളും കൊടുത്തിട്ടുള്ളതും ശ്രദ്ധിക്കുകയുണ്ടായി ...ആശാന്റെ നാമധേയത്തിലുള്ള ഫേസ്ബുക് കൂട്ടായ്മയിലൂടെ അറിവുകൾ പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്ന സുമനസ്സുകളും ദയവായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു .....

സ്നേഹപൂർവ്വം .... പ്രശാന്ത് ജഗൻ ചെങ്ങന്നൂർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക