
ആലപ്പുഴ: ഭവനരഹിതരായ നിർധനർക്ക് സുരക്ഷിതമായൊരു പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് പീസ് മിഷൻ നടപ്പിലാക്കിവരുന്ന, ഓരോ ജില്ലയിലും 10 വീടുകൾ എന്ന ക്രമത്തിൽ 140 വീടുകൾ എന്ന ഭവനപദ്ധതിയിലെ, പതിനൊന്നാമത്തെ വീട് ആലപ്പുഴ ജില്ലയിലെ മാമ്പുഴക്കരിയിൽ ഉദ്ഘാടനം ചെയ്തു.
അമേരിക്കയിലെ ഓസ്റ്റിനിൽ നിന്നുള്ള ലിസമ്മ വർഗീസിന്റെ സ്പോൺസർഷിപ്പിലാണ് ഈ ഭവനം വേൾഡ് പീസ് മിഷൻ പൂർത്തീകരിച്ചത്.
വേൾഡ് പീസ് മിഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ഭവനപദ്ധതി, സമൂഹത്തിലെ ഭവനരഹിതർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.
വീട് എന്നത് വെറുമൊരു കെട്ടിടമല്ല, ഒരു കുടുംബത്തിന്റെ സ്വപ്നവും സുരക്ഷിതത്വവും ആത്മാഭിമാനവുമാണെന്ന സന്ദേശമാണ് ഈ പദ്ധതി ഉയർത്തിപ്പിടിക്കുന്നത്.
ഒരു ഹൃദയം, ഒരു ലോകം എന്ന ആപ്തവാക്യവുമായി ലോകമെമ്പാടും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന വേൾഡ് പീസ് മിഷന്റെ ഈ നേട്ടം കൂടുതൽ കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നു.
വേൾഡ് പീസ് മിഷൻ വൈസ് ചെയർമാൻ ബീജോയ് ചെറിയാൻ ഭാര്യ റിയാ ബീജോയ് എന്നിവർ ചേർന്ന് താക്കോൽ ദാന കർമ്മം നിർവഹിച്ചു. ഡോ. സണ്ണി സ്റ്റീഫൻ പ്രവേശന ഉദ്ഘാടനം ചെയ്തു . ഫാ. സ്റ്റെഫിൻ മാമ്പ്ര (വികാരി, ലൂർദ് മാതാ ചർച്ച് മാമ്പുഴക്കരി) പ്രാർത്ഥനയും കൂദാശാ കർമ്മവും നടത്തി. വേൾഡ് പീസ് മിഷൻ ഡെപ്യൂട്ടി ചെയർമാൻ – (ഗ്ലോബൽ അഫയേഴ്സ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് )ശ്രീമതി. ജെൻസി റോഷനും (അമേരിക്ക) പങ്കെടുത്തു.
യു.എസ്. വേൾഡ് മിഷന്റ സഹായത്തോടെ വേൾഡ് പീസ് മിഷന്റെ പന്ത്രണ്ടാമത് ഭവനം കൊല്ലം ജില്ലയിലെ അഞ്ചലിൽ പൂർത്തിയാകുന്നു കേരളത്തിൽ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ സഹായ പദ്ധതികളും,ആരോഗ്യപരിപാലന സഹായവും കഴിഞ്ഞ 32 വർഷമായി വേൾഡ് പീസ് മിഷൻ നിയോഗ ശുദ്ധിയോടെ നടത്തിവരുന്നു .
Email :wpmissionofficial@gmail.com
Website :www.worldpeacemission.net
റിപ്പോർട്ട് :സ്നേഹ സാബു