
ന്യൂയോർക്ക് : നാഷണൽ ഇന്ത്യൻ നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA) സംഘടിപ്പിച്ച 2026-ലെ ദേശീയ നഴ്സിംഗ് സമ്മേളനം നവംബർ 14-ന് ന്യൂയോർക്കിലെ നയാക് സീപോർട്ടിൽ നടന്നു. “Reveal, Rebuild, Rise: Together Advancing the Future of Nursing” എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ നഴ്സ് പ്രാക്ടീഷണർമാർ, രജിസ്റ്റേർഡ് നഴ്സുമാർ, നഴ്സിംഗ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്ടീഷണേഴ്സ് (AANP) ആറു മണിക്കൂർ തുടർവിദ്യാഭ്യാസ ക്രെഡിറ്റിന് പരിപാടിക്ക് അംഗീകാരം നൽകി.

പ്രഭാതഭക്ഷണത്തോടെ പരിപാടികൾക്ക് തുടക്കമായി .നിൻപാ സ്ഥാപകയും ചെയർമാനുമായ ഡോ. ആനി പോൾ സ്വാഗതം പറഞ്ഞു. നിൻപാ പ്രസിഡന്റ് സാറ അമ്പാട്ട് തന്റെ പ്രസംഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷ ഡോ. ഗീത അജയ് സമ്മേളനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അവതരിപ്പിച്ചു. ഡോ. ജൈമോൾ ശ്രീധർ, ഡോ. വിനീത റോയ്, സോണി പോൾഎന്നിവർ മോഡറേറ്റർമാരായി പ്രവർത്തിച്ചു.

മുഖ്യപ്രഭാഷണത്തിൽ ഡോ. ആൻമേരി മക്ഡർമോട്ട് രോഗീപരിചരണത്തിൽ നിർമിതബുദ്ധി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സുമാരെ എങ്ങനെ സജ്ജരാക്കാമെന്ന് വിശദീകരിച്ചു. ദക്ഷിണേഷ്യൻ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സുമാരുടെ തൊഴിൽപരമായ വളർച്ചയിൽ മെന്റർഷിപ്പിന്റെ പങ്കിനെക്കുറിച്ച് ഡോ. വർഷ സിങ് സംസാരിച്ചു. ധാർമിക മാനദണ്ഡങ്ങൾ പാലിച്ച് ലാഭകരവും ദീർഘകാലം നിലനിൽക്കുന്നതുമായ ആരോഗ്യപരിചരണ സ്ഥാപനങ്ങൾ എങ്ങനെ ആരംഭിച്ച് വളർത്താമെന്ന് ഡോ. വിഷ്ണു മായ ഉപാധ്യായ് വിശദീകരിച്ചു. കാൻസർ സ്ക്രീനിങ്ങിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി ഡോ. എലിസബത്ത് റെഡ്ഡിയാർ അവതരിപ്പിച്ചു. സ്തനരോഗ നിർണയത്തിലെ പുരോഗതിയും ഭാവിയിലെ വെല്ലുവിളികളും ഡോ. സന്ധ്യ നടാദൂർ ചർച്ച ചെയ്തു. നെഞ്ചുവേദനയുമായി എത്തുന്ന രോഗികളുടെ കൃത്യമായ വിലയിരുത്തൽ, അപകടസാധ്യത നിർണയിക്കൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ എന്നിവയെക്കുറിച്ച് ബ്ലെസി വർഗീസ് സംസാരിച്ചു. സമ്മേളനത്തിലെ എല്ലാ പ്രഭാഷകരെയും ലൂമിനറി അവാർഡ് നൽകി ആദരിച്ചു.

ദിവസം മുഴുവൻ നടന്ന പോസ്റ്റർ അവതരണങ്ങളിൽ പങ്കെടുക്കുന്നവർക്ക് അവതാരകരുമായി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ അവസരം ലഭിച്ചു. പോസ്റ്റർ അവാർഡ് സമിതി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. സെമിനാറിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരുകൾ എഴുതി നറുക്കെടുത്താണ് അഗസ്റ്റിൻ പോൾ മെമ്മോറിയൽ സ്കോളർഷിപ്പിന് അർഹയായ വിദ്യാർഥിയെ തിരഞ്ഞെടുത്തത്. ഡൊമിനിക്കൻ കോളേജിലെ വിദ്യാർഥിനി ക്ലോഡിയ മാർസെയിൽ (Claudia Marseile) സ്കോളർഷിപ്പ് നേടി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നഴ്സ് പ്രാക്ടീഷണർമാർ നിൻപായുടെ ദേശീയ നഴ്സിംഗ് സമ്മേളനത്തിൽ പങ്കെടുത്തു. ടെക്സസിലെ ഡാലസിൽ നിന്നുമാത്രം ആറ് നഴ്സ് പ്രാക്ടീഷണർമാർ സമ്മേളനത്തിനെത്തി.

വിദ്യാഭ്യാസ സമിതി അധ്യക്ഷ ഡോ. ഗീത അജയ്, പ്രോഗ്രാം ചെയർ ഡോ. സിജി മാത്യു, ട്രഷറർ ഡോ. റെബേക്ക പോത്തൻ എന്നിവർ സമ്മേളനത്തിന്റെ വിലയിരുത്തലും തുടർവിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ വിതരണവും ഏകോപിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും എല്ലാവരും ആസ്വദിച്ചു. സമ്മേളനത്തിന് സ്പോൺസർഷിപ്പ് നൽകിയ ഈസ്റ്റ്വിക്ക് കോളേജിനും ഡൊമിനിക്കൻ യൂണിവേഴ്സിറ്റി ന്യൂയോർക്കിനും നിൻപാ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ സമാപനത്തിൽ പങ്കെടുത്തവർക്കും പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും നിൻപാ സെക്രട്ടറി സോണി പോൾ നന്ദി രേഖപ്പെടുത്തി.സെമിനാർ ഉച്ചകഴിഞ്ഞ് 3.30-ന് സമാപിച്ചു. തുടർന്ന് 4.30-ന് നഴ്സ് പ്രാക്ടീഷണർ വാരാഘോഷം ആരംഭിച്ചു..