Image

കെ.ഇ.സി.എഫ്. 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

പി പി ചെറിയാൻ Published on 28 November, 2026
കെ.ഇ.സി.എഫ്. 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫാർമേഴ്സ് ബ്രാഞ്ചിലുള്ള മാർത്തോമാ ഇവന്റ് സെന്ററിൽ (11500 Luna Road, Farmers Branch, TX 75234) വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയായ കെ.ഇ.സി.എഫിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയമാണ് ആതിഥേയത്വം വഹിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്യും.

വൈകിട്ട് 5 മണിക്ക് ഘോഷയാത്രയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ പ്രാരംഭ പ്രാർത്ഥന, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വേദപാരായണം, പ്രസിഡന്റിന്റെ സ്വാഗതപ്രസംഗം, നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനം, മുഖ്യാതിഥിയുടെ ക്രിസ്തുമസ് സന്ദേശം എന്നിവ ഉണ്ടായിരിക്കും. ആധുനിക സമൂഹത്തിൽ ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശവും പ്രസക്തിയും ഓർമ്മപ്പെടുത്തിക്കൊണ്ട്, ഓരോ മനുഷ്യഹൃദയവും ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായുള്ള പുൽക്കൂടായി മാറണമെന്ന മഹത്തായ ആശയം അവതരിപ്പിക്കുന്ന ‘ഹൃദയത്തിലെ പുൽക്കൂട്’ (Manger in Our Hearts) എന്ന ക്രിസ്തുമസ് നാടകം ആഘോഷങ്ങളുടെ ഭാഗമായി ആതിഥേയത്വം വഹിക്കുന്ന ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം അവതരിപ്പിക്കും.

കൂടാതെ, കെ.ഇ.സി.എഫ്. ബാസ്കറ്റ്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണവും നടക്കും. ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ 20 ക്രൈസ്തവ ദേവാലയങ്ങളുടെയും കെ.ഇ.സി.എഫ്. ഗായകസംഘത്തിന്റെയും നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും. വിവിധ സഭാപാരമ്പര്യങ്ങളിൽപ്പെട്ട വിശ്വാസികൾ ഒരേ വേദിയിൽ ഒത്തുചേരുന്ന ഈ ആഘോഷം ക്രിസ്തുവിന്റെ ജനനസന്ദേശമായ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ സാക്ഷ്യമായി മാറും.

കെ.ഇ.സി.എഫ്. പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് റവ. ഫാ. ബേസിൽ എബ്രഹാം, ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ അലക്സ് പള്ളിവാതുക്കൽ, യൂത്ത് റെപ്രസന്റേറ്റീവ് ലിൻഡ സൈമൺ മാത്യു, ക്വയർ ഡയറക്ടർ തോമസ് ജോൺ എന്നിവരുടെയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം പങ്കുവയ്ക്കുന്നതിനും സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഡാളസ്–ഫോർട്ട് വർത്ത് മേഖലയിലെ എല്ലാ ക്രൈസ്തവ വിശ്വാസികളെയും കുടുംബങ്ങളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.kecfdfw.org പരിപാടികളുടെ തത്സമയ സംപ്രേഷണം www.keral.tv വഴി ലഭ്യമായിരിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക