
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി ഫിലാഡൽഫിയ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന അമേരിക്കയിലെ പ്രമുഖ സംഘടനയായ കോട്ടയം അസോസിയേഷൻ തങ്ങളുടെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണവും ധനസഹായവും നൽകുകയുണ്ടായി. സംഘടന നിരവധി കാരുണ്യ പ്രവർത്തനങ്ങൾ അമേരിക്കയിലും കേരളത്തിലും തുടർച്ചയായി നടത്തി വരുന്നു.

അസോസിയേഷന്റെ അഭിമാന പദ്ധതിയായി കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മലയാള മനോരമയുമായി സഹകരിച്ചുകൊണ്ട് നടത്തിയ സ്കോളർഷിപ് പദ്ധതിയിലൂടെ കേരളത്തിൽ നിന്ന് പത്തോളം നിർധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കുവാൻ സാധിച്ചു.
മീനടം പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. എൻ. ടി. തോമസും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഓർത്തഡോൿസ് ചർച്ച് ചാരിറ്റിസുമായി സഹകരിച്ചു നവംബർ 14 ശനിയാഴ്ച മീനടം മോസ്കോ കവലയിലുള്ള യുനൈറ്റഡ് കേരള യൂത്ത് അസോസിയേഷൻ ഓഫീസിൽ വച്ച് ഡയാലിസിസ് കിറ്റുകളും കാൻസർ, കിഡ്നി രോഗികൾക്കുള്ള സഹായധനവും വിതരണം ചെയ്തു. കോട്ടയം അസോസിയേഷന്റെ കേരളത്തിലെ ചാരിറ്റി പ്രവർത്തങ്ങൾ ഏകോപിപ്പിച്ചു നടത്തി വരുന്ന മുൻ പ്രസിഡണ്ട് ശ്രീ. ഇട്ടിക്കുഞ്ഞ് എബ്രഹാം ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും രോഗാതുരരായി ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കാതിരുന്ന ആളുകളുടെ വീടുകളിൽ നേരിട്ട് ചെന്ന് ധനസഹായം നൽകുകയും ചെയ്തു.

ചാരിറ്റി കോഓർഡിനേറ്റർ ശ്രീ. സണ്ണി കിഴക്കേമുറിയുടെ നേതൃത്വത്തിൽ കോട്ടയം അസോസിയേഷൻ അംഗങ്ങൾ ഒന്നടങ്കം ഈ സംരഭത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ വ്യക്തികളെ തിരഞ്ഞു പിടിച്ചു അർഹമായ കരങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനായി കോട്ടയം അസോസിയേഷൻ നടത്തുന്ന പ്രവർത്തങ്ങൾക്ക് കേരള കോഓർഡിനേറ്റർ ഇട്ടിക്കുഞ്ഞു എബ്രഹാം നേതൃത്വം നൽകുന്നു.

നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കേരളത്തിൽ നടത്തുന്നതിനായുള്ള വിശദമായ വിവരങ്ങൾ താമസിയാതെ അറിയിക്കുമെന്ന് കോട്ടയം അസോസിയേഷൻ ചാരിറ്റി കോഓർഡിനേറ്റർ സണ്ണി കിഴക്കേമുറി അറിയിക്കുകയുണ്ടായി. ഉദാരമതികളായ വ്യക്തികളുടെ നേരിട്ടും അല്ലാതെയുമുള്ള സഹായ സഹകരണങ്ങൾ ഒന്നു മാത്രമാണ് തങ്ങളുടെ ചാരിറ്റി പ്രവർത്തങ്ങളുടെ മുഖ്യ സ്രോതസ് എന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതെന്നും പ്രസിഡണ്ട് സാജൻ വർഗീസ് അറിയിക്കുകയുണ്ടായി.

കോട്ടയം അസോസിയേഷന് ഫിലാഡൽഫിയയുടെ നടപ്പു വര്‍ഷത്തെ ഭാരവാഹികളായി സാജന് വര്‍ഗീസ് (പ്രസിഡണ്ട്), ജീമോൻ ജോർജ് (വൈസ് പ്രസിഡണ്ട്) സഞ്ജു സക്കറിയ (ജനറൽ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറർ), എന്നിവർ നേത്ര്യത്വം നൽകുന്ന വിവിധ കമ്മിറ്റികളിൽ കുര്യൻ രാജൻ, ജോബി ജോർജ്, സാബു ജേക്കബ്, ജോസഫ് മാണി, ബെന്നി കൊട്ടാരത്തില്‍, മാത്യു ഐപ്, വറുഗീസ് വറുഗീസ്, സാബു പാമ്പാടി, ജെയിംസ് അന്ത്രയോസ്, ജോൺ മാത്യു, എബ്രഹാം ജോസഫ്, അരുൺ വർക്കി, സരിന് ചെറിയാന് കുരുവിള, ജെയ്സൺ വർഗീസ്, ബിജു എബ്രഹാം എന്നിവരും പ്രവര്‍ത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾ www.kottayamassociation.org എന്ന വെബ്സൈറ്റിലൂടെ അറിയാവുന്നതാണ് .