
ന്യൂഡൽഹി: തിരുപ്പറംകുൺട്രം കാർത്തിക ദീപം വിവാദത്തിൽ ഉത്തരവ് ലംഘിച്ചതിന് തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പറംകുൺട്രം കുന്നിന്റെ മുഴുവൻ സുരക്ഷയും സിആർപിഎഫ് ഏറ്റെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നാളെ ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നത് ഉറപ്പാക്കാണമെന്നും കോടതി നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥരുടെ പെരുമാറ്റം തങ്ങളുടെ ഉത്തരവിന്റെ പ്രഥമദൃഷ്ട്യാ ഉള്ള പരസ്യമായ ലംഘനത്തെയാണ് കാണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളെ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, അല്ലാത്തപക്ഷം അത് ഭരണഘടനാപരമായ അരാജകത്വത്തിലേക്ക് നയിച്ചേക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ പാഞ്ചോളി എന്നിവരടങ്ങിയ ഇരുജഡ്ജി ബെഞ്ച് പറഞ്ഞു.
കാർത്തിക ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യവും ഭരണകൂടത്തിന്റെ ധിക്കാരവുമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എഎസ്ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചത്.
മധുര ജില്ലയിലെ തിരുപ്പറംകുൺട്രം കുന്നിൻ മുകളിലുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിന് തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥർക്കും അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുമെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.