
നിതേഷ് തിവാരി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ സിനിമ രാമായണയുടെ പ്രദർശനം ചോദ്യംചെയ്തുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കോടതിയുടെ സമയം കളയരുതെന്നും സിനിമ ഇതിനോടകം ആളുകൾ കണ്ടുകഴിഞ്ഞുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാമായണത്തെ സിനിമയിൽ അവതരിപ്പിച്ച രീതിയോട് വിയോജിപ്പുള്ളവർക്ക് സ്വന്തം കാഴ്ചപ്പാടിൽ മറ്റൊരു സിനിമ നിർമിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രം ഇതിനകം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചെന്നും വലിയൊരു ഭാഗം ആളുകൾ അത് കണ്ടുകഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജി നവംബർ 23-ന് രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ ഹർജി പരിഗണനയ്ക്ക് വന്നിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സിനിമയിൽ ചില കാര്യങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
ഇതിന് മറുപടിയായി, സിനിമയുടെ അണിയറപ്രവർത്തകർ അവരുടെ കാഴ്ചപ്പാടിൽ ചിത്രം ഒരുക്കിയതുപോലെ ഹർജിക്കാരനും സ്വന്തം കാഴ്ചപ്പാടിൽ സിനിമയെടുക്കാമെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു. ഇതിഹാസത്തെ കുറിച്ച് എതിർകാഴ്ചപ്പാടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ സിനിമ നിർമിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് ഓർമിപ്പിച്ചു.