
കൊല്ലം: ഹിന്ദുമതത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാതെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം അധികൃതർ അഞ്ച് മാസമായി വച്ചുതാമസിപ്പിക്കുന്നതായി പരാതി. സംഭവത്തിൽ പുനലൂർ സ്വദേശികളായ എട്ടംഗ ക്രൈസ്തവ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സിഎസ്ഐ സഭാംഗങ്ങളായ കുടുംബം കഴിഞ്ഞ ജൂൺ 24-നാണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് അപേക്ഷ നൽകിയതെന്ന് ഹർജിക്കാരിയായ അവസാന വർഷ എൽഎൽബി വിദ്യാർഥിനി സൂര്യലക്ഷ്മി വ്യക്തമാക്കി. ക്ഷേത്ര ഉപദേശക സമിതിയുടെ എതിർപ്പിനെ തുടർന്ന് അപേക്ഷ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറുകയായിരുന്നുവെന്നും ഇതുവരെ തീരുമാനമായില്ലെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമായതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്. ഹർജി ഡിസംബർ 4-ന് ഹൈക്കോടതി പരിഗണിക്കും.
ആരുടേയും നിർബന്ധമോ പ്രലോഭനമോ ഇല്ലാതെ പൂർണമായും സ്വന്തം ഇഷ്ടപ്രകാരമാണ് പൂർവികരുടെ മതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് കുടുംബം ഹർജിയിൽ പറയുന്നു. തങ്ങളുടെ പൂർവികർ കുറുവ സമുദായത്തിൽപ്പെട്ട ഹിന്ദുക്കളായിരുന്നുവെന്നും സൂര്യലക്ഷ്മി വ്യക്തമാക്കി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന 73-കാരനായ മുത്തച്ഛൻ സാമുവലിന് ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വധർമ്മത്തിലേക്ക് മടങ്ങണമെന്നും അന്ത്യകർമ്മങ്ങൾ ഹിന്ദു ആചാരപ്രകാരം നടത്തണമെന്നുമാണ് ആഗ്രഹം. ഏറെ വൈകാരികമായ ഈ വിഷയത്തിലെ കാലതാമസം കുടുംബത്തിന് വലിയ മാനസിക വിഷമമുണ്ടാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കുടുംബത്തിന്റെ അപേക്ഷ നിരസിച്ചിട്ടില്ലെന്നും നിയമോപദേശം തേടുന്നതിനായാണ് ദേവസ്വം ബോർഡിന് കൈമാറിയതെന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വിനോദ് കുമാർ വിശദീകരിച്ചു. മുൻപ് ഈ ക്ഷേത്രത്തിൽ ഇത്തരമൊരു ചടങ്ങ് നടന്നതായി രേഖകളില്ല. കൂടാതെ, ചടങ്ങിനെതിരെ ഉപദേശക സമിതിയിലെ ചില അംഗങ്ങളും പ്രദേശവാസികളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ക്രൈസ്തവ സംഘടനകൾ പ്രതിഷേധിച്ചാൽ അത് ബോർഡിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റം അനുവദിക്കുന്നത് നിയമലംഘനമാണെന്നും ക്ഷേത്രത്തിന്റെ സൽപ്പേരിനും വരുമാനത്തിനും കോട്ടമുണ്ടാക്കുമെന്നും കാണിച്ച് ഉപദേശക സമിതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകിയതായി ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ആരോപിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025 മാർച്ച് 15-ന് പരിഷ്കരിച്ച ഉത്തരവ് പ്രകാരം 260 രൂപ വഴിപാട് നിരക്കിൽ വളരെ ലളിതമായ ചടങ്ങുകളോടെ ഹിന്ദുമതത്തിലേക്ക് മാറാൻ സാധിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തലവൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കുളിച്ചെത്തി ക്ഷേത്ര കവാടത്തിൽ നിൽക്കുന്ന വ്യക്തിക്ക് പൂജാരി തീർഥം തളിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പ്രസാദം നൽകുന്നതാണ് ചടങ്ങ്. ഇത്ര ലളിതമായ നടപടിക്രമമായിട്ടും ബോർഡ് അഞ്ച് മാസമായി ഇത് തടഞ്ഞുവയ്ക്കുകയാണെന്നും, വിഷയത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ഹിന്ദു സംഘടനകൾ കുറ്റപ്പെടുത്തി.