
ഹൈദരാബാദ് : "ഒളിംപിക് മെഡല്‍ ജേതാവായാലും ലോക ചാമ്പ്യനായാലും അയാളിലെ പ്രതിഭ ആദ്യം തിരിച്ചറിയുന്നത് ഒരു കായികാധ്യാപകന്‍ ആയിരിക്കും. കോച്ചും ഹൈപെര്‍ഫോമെന്‍സ് ഡയറക്ടറുമൊക്കെ പിന്നീടാണ് ഒപ്പം ചേരുക" നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ് ചീഫ് പേട്രന്‍ ഡോ.പി. ചിന്നപ്പ റെഡ്ഡി പറഞ്ഞു. യങ് ഇന്ത്യ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഖേലോ ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രീ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് സ്‌പോര്‍ട്‌സ് സയന്‍സ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
"ഒരു രാജ്യം കായികരംഗത്ത് മികവുകാട്ടണമെങ്കില്‍ സ്‌ക്കൂള്‍ തലം തൊട്ട് കായിക വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കണം. പക്ഷേ, ഇന്ത്യയില്‍ കായികാധ്യാപകര്‍ എന്നും അവഗണിക്കപ്പെടുകയാണ്." ഡോ.ചിന്നപ്പ റെഡ്ഡി പറഞ്ഞു. കായിക വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് ആന്ധ്ര സര്‍ക്കാരിന്റെ മുന്‍ സ്‌പോര്‍ട്‌സ് ഉപദേഷ്ടാവ് കൂടിയായ ചിന്നപ്പ റെഡ്ഡി.

ഒരു വര്‍ഷത്തിനുള്ളില്‍ കായിക വിദ്യാഭ്യാസത്തിന് വേണ്ട അംഗീകാരം കിട്ടുമെന്നും കേന്ദ്ര സര്‍ക്കാര്‍, സ്‌ക്കൂള്‍ തലത്തില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ.പിയൂഷ് ജയിന്‍ അറിയിച്ചു. തെലങ്കാന സ്‌പോര്‍ട്‌സ് മന്ത്രി വാകിതി ശ്രീഹരി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. യങ് ഇന്ത്യ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കിഷോര്‍ ഗോപിനാഥന്‍, ഖേലോ ഇന്ത്യ ഡയറക്ടര്‍ അമര്‍ ജ്യോതി, സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് തെലങ്കാന ചെയർമാൻ ശിവ സേന റെഡ്ഡി,
സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ഉപദേശകന്‍ ജിതേന്ദ്ര റെഡ്ഢി എന്നിവര്‍ പ്രസംഗിച്ചു.
ഫിഫ ഫിസിക്കല്‍ ഫിറ്റ്‌നസ് വിദഗ്ധന്‍ ഡോ.പ്രദീപ് ദത്ത, ഡോ.നിതിന്‍ കുമാര്‍ ബെജങ്കി, ഡോ.മുരളീധര്‍ ബാബി, ഡോ.നരേഷ് കുമാര്‍ പജിദിമല്ലി, കാര്‍ത്തിക് യാനമന്ദ്ര തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എട്ടാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഹൈദരാബാദിലും തെലങ്കാനയിലെ ഇതര വേദികളിലുമായി ഡിസംബര്‍ 11 നു തുടങ്ങും.