
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ 'അഗോറ '26' (AGORA '26) വേദിയിലും പ്രമുഖ ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ കൂട്ടായ്മയായ സ്വസ്തി ഫൗണ്ടേഷന്റെ (Swasthi Foundation) പ്രവര്‍ത്തനങ്ങളുടെ ആഘോഷവേളയിലും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പരമ്പരാഗത കേക്ക് മിക്‌സിംഗ് ചടങ്ങ് നടന്നു.

എം.പി ഡോ. ശശി തരൂര്‍, അമേരിക്കയില്‍ നിന്നുള്ള പ്രശസ്ത ഓങ്കോളജിസ്റ്റും സ്വസ്തി ഫൗണ്ടേഷന്‍ സ്ഥാപകരില്‍ പ്രമുഖനുമായ ഡോ. എം.വി. പിള്ള, അമേരിക്കന്‍ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി (AKMG) പ്രസിഡന്റും സ്വസ്തി ഫൗണ്ടേഷന്റെ പുതിയ ചെയര്‍മാനുമായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷെല്‍ബി, യൂ.എസ്. ഹെഡ് ഓഫ് ഏഷ്യാനെറ്റ് ന്യൂസ്, ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാന്താക്ലോസ് തൊപ്പിയും ഏപ്രണും ധരിച്ച് എത്തിയ വിശിഷ്ടാതിഥികള്‍ മറ്റ് പ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ഉണക്കമുന്തിരി, ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് ക്രിസ്മസ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കി. ചടങ്ങില്‍ സംസാരിച്ച ഡോ. കൃഷ്ണ കിഷോര്‍, തിരുവനന്തപുരത്ത് നടക്കുന്ന അഗോറ '26 സമ്മേളനത്തിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്തു.

ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണം സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിനായി ഡോ. എം.വി. പിള്ളയുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച സ്വസ്തി ഫൗണ്ടേഷന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ചടങ്ങ് ആദരിച്ചു. ഡോ. ഷെല്‍ബി കുട്ടി പുതിയ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതോടെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാകുമെന്നും ചടങ്ങില്‍ വിലയിരുത്തി.
കേക്ക് മിക്‌സിംഗിന്റെ പാരമ്പര്യവും പ്രാധാന്യവും:
ക്രിസ്മസിന് ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ പഴവര്‍ഗ്ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് കുതിര്‍ത്തു വെക്കുന്നതാണ് പരമ്പരാഗത രീതി. 1883-ല്‍ തലശ്ശേരിയില്‍ മാമ്പള്ളി ബാപ്പു ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് നിര്‍മ്മിച്ചതു മുതല്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായ ഈ ആഘോഷം, സൗഹൃദത്തിന്റെയും ഒരുമയുടെയും സന്തോഷത്തിന്റെയും പ്രതീകമായാണ് അഗോറ-സ്വസ്തി വേദിയിലും ആഘോഷിക്കപ്പെട്ടത്.