Image

ബ്രിട്ടനിലെ സ്ഥിരതാമസ നിയമമാറ്റത്തിനെതിരെ സ്കോട്ടിഷ് പാർലമെന്റിന് മുന്നിൽ പ്രതിഷേധം; പിന്തുണയുമായി മന്ത്രിയും ജനപ്രതിനിധികളും

Published on 27 November, 2026
ബ്രിട്ടനിലെ സ്ഥിരതാമസ നിയമമാറ്റത്തിനെതിരെ സ്കോട്ടിഷ് പാർലമെന്റിന് മുന്നിൽ പ്രതിഷേധം; പിന്തുണയുമായി മന്ത്രിയും ജനപ്രതിനിധികളും

എഡിൻബറ: ബ്രിട്ടനിൽ വിദഗ്ധ തൊഴിലാളികൾക്ക് സ്ഥിരതാമസാനുമതി (ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ – ഐഎൽആർ) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ചു വർഷത്തിൽനിന്ന് പത്തു വർഷമായി ഉയർത്താനുള്ള യുകെ സർക്കാരിന്റെ നീക്കത്തിനെതിരെ സ്കോട്ടിഷ് പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിലവിൽ ബ്രിട്ടനിൽ കഴിയുന്ന കുടിയേറ്റക്കാർക്ക് പഴയ നിയമപ്രകാരമുള്ള സ്ഥിരതാമസാനുമതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നവംബർ 26ന് സംഘടിപ്പിച്ച സമാധാനപരമായ പ്രതിഷേധത്തിൽ 85 പേർ പങ്കെടുത്തു.

സ്കോട്ടിഷ് ഗവൺമെന്റിലെ കമ്മ്യൂണിറ്റി കെയർ മന്ത്രി അലിസൺ ത്യൂലിസ് , സ്കോട്ടിഷ് പാർലമെന്റ് അംഗങ്ങളായ മാർട്ടിൻ ഡേ, പോളിൻ സ്റ്റാഫോർഡ്, ക്യു മണിവണ്ണൻ, മാഗി ചാപ്മാൻ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ബ്രിട്ടനിലെ പ്രമുഖ തൊഴിലാളി സംഘടനയായ യൂണിസണിന്റെ ഏഴ് പ്രതിനിധികളും സമരത്തിൽ പങ്കാളികളായി.

ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റും യൂണിസൺ വർക്ക്പ്ലേസ് സ്റ്റീവാർഡുമായ മിഥുൻ മോഹനന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഡയാന പോളി പരിപാടി നിയന്ത്രിച്ചു. ശ്യാം കൃഷ്ണ, അഭിജിത്ത്, വിഭൂതി പിള്ള, ഗിരീഷ് പിള്ള, ടിനോയ് എന്നിവർ നിർദിഷ്ട നിയമമാറ്റവുമായി ബന്ധപ്പെട്ട തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കുടുംബങ്ങൾ നേരിടുന്ന ആശങ്കകളും പങ്കുവച്ചു. അക്ഷയ് കിഷോർ നന്ദി രേഖപ്പെടുത്തി.

ആശങ്കയിൽ ആയിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങൾ

ബ്രിട്ടനിലെ ആരോഗ്യ, സാമൂഹിക പരിചരണ, വ്യാപാര മേഖലകളുൾപ്പെടെ വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദഗ്ധ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണ് നിർദിഷ്ട നിയമമാറ്റമെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

അഞ്ചു വർഷത്തിനുശേഷം സ്ഥിരതാമസാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്വന്തം രാജ്യത്തെ തൊഴിലും സ്വത്തുക്കളും ഉപേക്ഷിച്ച് ബ്രിട്ടനിലെത്തിയ നിരവധി കുടുംബങ്ങളാണ് പുതിയ നിയമമാറ്റത്തോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. വീസ പുതുക്കുന്നതിനുള്ള അധിക ചെലവ്, ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം എന്നിവയെല്ലാം പുതിയ വ്യവസ്ഥകൾ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക.

പിന്തുണയുമായി യൂണിസണും മൈഗ്രന്റ് വോയ്സും

ബ്രിട്ടനിലെ പ്രമുഖ തൊഴിലാളി സംഘടനയായ യൂണിസണും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മൈഗ്രന്റ് വോയ്സും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന് മുന്നോടിയായി ഇരു സംഘടനകളുടെയും നേതൃത്വവുമായി നടത്തിയ ചർച്ചകളിൽ കുടിയേറ്റ കുടുംബങ്ങൾ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ വിശദീകരിച്ചിരുന്നു. യൂണിസൺ പ്രതിനിധികളുടെ നേരിട്ടുള്ള പങ്കാളിത്തവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികളുടെ സാന്നിധ്യവും സമരത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

ഡിപ്പൻഡന്റ് വീസക്കാർക്കും നീതി ഉറപ്പാക്കണം

കെയർ മേഖലയിലെ ചില തൊഴിലാളികൾക്ക് പ്രത്യേക പരിരക്ഷ നൽകാനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുമ്പോഴും, അതേ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഡിപ്പൻഡന്റ് വീസക്കാരെക്കൂടി പരിഗണിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

നിലവിൽ ബ്രിട്ടനിൽ കഴിയുന്ന വിദഗ്ധ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും അഞ്ചു വർഷത്തെ സ്ഥിരതാമസ വ്യവസ്ഥ നിലനിർത്തുക, മുൻകാല പ്രാബല്യത്തോടെ നിയമമാറ്റം നടപ്പാക്കാതിരിക്കുക, ഡിപ്പൻഡന്റ് വീസക്കാരുടെ തൊഴിൽപരമായ സംഭാവനകൾ പരിഗണിക്കുക എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ.

പ്രധാനമന്ത്രിക്ക് കൂട്ടായ നിവേദനം

മൈഗ്രന്റ് വോയ്സിന്റെ നേതൃത്വത്തിൽ നിയമമാറ്റം ബാധിക്കുന്നവരുടെയും അനുഭാവികളുടെയും ഒപ്പുകൾ ശേഖരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൂട്ടായ നിവേദനം സമർപ്പിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ കുടുംബങ്ങളുടെ അനുഭവങ്ങൾ മാധ്യമങ്ങളിലൂടെയും ജനപ്രതിനിധികളിലൂടെയും സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാനുള്ള നടപടികളും നടന്നുവരുന്നു.

വിഷയം വെസ്റ്റ്മിൻസ്റ്റർ പാർലമെന്റിന്റെ ശ്രദ്ധയിൽ കൂടുതൽ ശക്തമായി എത്തിക്കുന്നതിനായി എംപിമാരുമായും തൊഴിലാളി സംഘടനകളുമായും ചർച്ചകൾ തുടരാനാണ് സംഘാടകരുടെ തീരുമാനം. ലണ്ടൻ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്.

പുതിയ ആനുകൂല്യങ്ങളോ പ്രത്യേക പരിഗണനയോ അല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും, ബ്രിട്ടനിലേക്ക് കുടിയേറാൻ തീരുമാനിച്ചപ്പോൾ നിലവിലുണ്ടായിരുന്ന നിയമവ്യവസ്ഥകൾ മാനിക്കണമെന്നും നീതിയും തുല്യപരിഗണനയും ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന് സംഘാടകർ വ്യക്തമാക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക