
ഇയ്യിടെ ഇ-മലയാളിയിൽ ഒരു കുറിപ്പ് വായിച്ചു. ഉള്ളടക്കം പഴയ ഒരു വാർത്തയുടെ ആവർത്തനമായിരുന്നു. ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനായി ഡാലസിൽ നിന്ന് ഷിക്കാഗോ വഴി ന്യൂയോർക്കിലേക്ക് 'അമേരിക്കൻ ട്രാൻസ് എയർ' വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ, സംയുക്ത വർമ്മയും സഹപ്രവർത്തകരും സംഘമായി ചേർന്ന് ആവേശത്തോടെ സംസാരിക്കുന്നതും കൈകൾ ചലിപ്പിച്ച് ആംഗ്യങ്ങൾ കാണിക്കുന്നതും അനുകരണങ്ങൾ നടത്തുന്നതും കണ്ട്, ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി ഇക്കാര്യം 'സംശയാസ്പദമായ പെരുമാറ്റം' എന്ന് കാബിൻ ക്രൂവിനോട് റിപ്പോർട്ട് ചെയ്തു.സെപ്റ്റംബർ 11 ആക്രമണത്തിന് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ സംഭവം നടന്നത് എന്നതിനാൽ, വിമാനത്തെ ലാഗ്വാർഡിയയിലേക്ക് (LaGuardia) അനുഗമിക്കുന്നതിനായി വ്യോമയാന അധികൃതർ രണ്ട് F-16 യുദ്ധവിമാനങ്ങളെ അയച്ചു. രാത്രി 11:05-ഓടെ വിമാനം ഇറങ്ങിയപ്പോൾ, പോലീസുകാർ വിമാനത്തിനുള്ളിൽ പ്രവേശിക്കുകയും സംയുക്ത, അവരുടെ മാതാപിതാക്കൾ, സഹോദരി, ഗായകൻ ബിജു നാരായണൻ, ഹാസ്യതാരം ജയരാജ് വാര്യർ, കൂടാതെ അവരുടെ കൂടെയല്ലാത്ത, സമീപത്തിരുന്ന മറ്റൊരു ഇന്ത്യൻ യാത്രക്കാരൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടായിരത്തിരണ്ടിലാണ് ഇത് സംഭവിച്ചത്. അന്ന് അതേക്കുറിച്ച് ഈ ലേഖകൻ എഴുതിയ ഒരു കുറിപ്പ് വായനക്കാരുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു. കഴിഞ്ഞുപോയ കാര്യങ്ങൾ എന്തിനാണ് ഓർക്കുന്നത്, ആവർത്തിക്കുന്നതെന്ന ഒരു വായനക്കാരന്റെ ന്യായമായ സംശയത്തോട് ബഹുമാനമില്ലാഞ്ഞിട്ടല്ല. മലയാളികൾ പറയുന്നപോലെ "വെറുതെ". ഇനി വായിക്കുക.
ഏദൻ തോട്ടത്തിൽ പാമ്പിന്റ രൂപത്തിൽ ചെന്ന് ഹവ്വയെ ചതിച്ചത് ഒരു മലയാളി ആയിരുന്നു എന്ന് ദൈവം പോലും സമ്മതിച്ചതാണ്. .വായനക്കാർക്ക് ഇക്കാര്യം പെട്ടെന്ന് മനസ്സിലാക്കാൻ കുറച്ചുകൂടി വ്യക്തമാക്കാം. അതായത് സാത്താൻ പാമ്പിന്റെ രൂപത്തിൽ ചെന്ന് ഹവ്വയോട് സംസാരിച്ച ഭാഷ മലയാളമായിരുന്നു. പാമ്പിന്റെ കൗശലവും, വളവും, ഏതു വശത്തേക്കും വളയ്ക്കാനുള്ള കഴിവും പല്ലുകളിൽ വിഷം നിറച്ച് വയ്ക്കാനുള്ള തന്ത്രവും മലയാളിക്കല്ലാതെ ലോകത്ത് വേറെ ആർക്കുണ്ട്. പള്ളിക്കൂടത്തിൽ പോകാതെ തന്നെ സർവ്വജ്ഞാനിയും സമർത്ഥനുമാണ് മലയാളി.
മസാല മണക്കുന്ന, മാമ്പഴം മണക്കുന്ന , സിഗരറ്റ് പുകയും, വിയർപ്പ് ഗന്ധവും നിറയുന്ന മലയാളി കടയിൽ കൊച്ചേട്ടന്മാരും, അച്ചായന്മാരും കണ്ണും കലാശവും. കട്ടി പറയുന്നത് കാതോർക്കുക. " അവൾ പോയി കേസ് കൊടുക്കണം" അല്ലാ..അതിനുള്ള വകുപ്പ് ഉണ്ട്. പറയുന്ന വ്യക്തി ഒരു പക്ഷെ നിയമ വശം അറിയുന്ന ആളായിരിക്കാം. അല്ലെങ്കിലും മലയാളിക്ക് അറിയാത്തതായി എന്തുണ്ട്? വേണ്ടി വന്നാൽ ഒരാളെ ശസ്ത്രക്രിയ ചെയ്യാൻ പോലും കഴിവും സാമർഥ്യവും ഉള്ളവരല്ലേ മലയാളികൾ? അമ്മയെക്കൊന്ന പരശുരാമന്റെ മഴുവീണ മണ്ണിൽ നിന്നും വന്നവർ, ആരെയും കീറി മുറിക്കാൻ പറ്റിയ കത്തികൾ അവരുടെ കയ്യിലുമുണ്ട്.
അതിലൊരു കത്തിയാണ് മേൽപ്പറഞ്ഞ വ്യക്തി വീശുന്നത്. പ്രത്യേകിച്ച് മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര കണിശമായ അറിവും ആ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട വിവരവും ഒക്കെ മലയാളിക്ക് നല്ല വശമാണ്. ഇവിടെ കേസ് കൊടുക്കാൻ പറയുന്നത് സംയുക്ത വർമ്മ എന്ന മലയാളസിനിമ താരത്തോടാണ്. അവരെയും സഹപ്രവർത്തകരെയും അമേരിക്കൻ എയർലൈൻ സെകുരിറ്റി മണിക്കൂറോളം തടങ്കലിൽ വച്ചു. രാജ്യരക്ഷാ നയത്തിന്റെ ഒരു ഭാഗമായിട്ടാണ് പ്രസ്തുത സംഭവം ഉണ്ടായതെന്നു എല്ലാവർക്കുമറിയാം. വേൾഡ്ട്രെയ്ഡ് സെന്റർ ദുരന്തത്തിൽ ഉറ്റവരും പ്രിയമുള്ളവരും നഷ്ടപ്പെട്ട ആരും തന്നെ അമേരിക്കൻ സുരക്ഷാവിഭാഗത്തിന്റെ ചോദ്യം ചെയ്യലിനെ കരുതിക്കൂട്ടി കഷ്ടപ്പെടുത്താൻ ചെയ്ത നടപടിയായി കാണുകയില്ല.
ഉരുക്കുപക്ഷിയുടെ വയറ്റിൽ മുട്ടകളെപ്പോലെയിരുന്ന കുറെ മനുഷ്യരിൽ ഒരു "വെള്ളച്ചി"യുണ്ടായിരുന്നു. അവർ മലയാള ഭാഷ ആദ്യം കേൾക്കുകയാണ്. ദൈവത്തിനുപോലും മനസ്സിലാകാതിരുന്ന ഭാഷ, ദൈവത്തെ പറ്റിക്കാൻ കൗശലക്കാരനായ പാമ്പ് കണ്ടുപിടിച്ചത്. ഹവ്വയുടെ രക്തം തുടിക്കുന്ന സിരകളുള്ള വെള്ളച്ചിക്ക് തോന്നുന്നു, വിലക്കപ്പെട്ട കനി വിളയുന്ന മരങ്ങൾ തനിക്കു ചുറ്റും വലുതാകുന്നു. അതിൽ മീശയുള്ള ഒരു മരം എന്തോ കോപ്രായം കാണിക്കുന്നു. (മിമിക്രിയുടെ റിഹേഴ്സൽ ഒരാൾ വിമാനത്തിൽ വച്ച് നടത്തി എന്ന് വാർത്ത) വെള്ളച്ചി ഹവ്വയെപോലെ നിഷ്കളങ്കയായിരുന്നല്ലോ? സാത്താൻ എറിഞ്ഞുടച്ച ഇരട്ടഗോപുരങ്ങളിൽ നിന്നുള്ള കരിയും പുകയും കണ്ണീരും വെള്ളച്ചി കണ്ടിരുന്നു. തനിക്ക് ചുറ്റും വ്യത്യസ്ത വസ്ത്രങ്ങളുടുത്ത് മനസ്സിലാകാത്ത ഭാഷ പറയുന്നവരെ കണ്ട വെള്ളച്ചി പകച്ചുപോയി.വെള്ളച്ചിക്ക് വെള്ളെഴുത്തോ നിറങ്ങൾ വേർതിരിച്ച് കാണാനുള്ള കാഴ്ച്ച ശക്തി കുറവോ ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ സംയുക്ത വർമയുടെ കണ്മഷി എഴുതിയ വിടർന്ന മിഴികളും നെറ്റിയിൽ ഒട്ടിച്ചിരുന്ന വർണ്ണപ്പൊട്ടും വെള്ളച്ചി കണ്ടേനെ. അതോ പൊട്ടുതൊട്ട ഹിന്ദുക്കൾ സാത്തന്റെ പ്രതിനിധികൾ എന്ന് അരികാശിനുവേണ്ടി യേശുവിനെ വിറ്റു നടക്കുന്നവർ അട്ടഹസിക്കുന്ന നിലവിളി വെള്ളച്ചി കേട്ടിരുന്നോ?
മലയാളികളിൽ ചിലർ പറയുന്നത് മാന നഷ്ടത്തിന് കേസ് കൊടുക്കാൻ, ബുദ്ധിമുട്ടിച്ചതിനു സമാധാനം ചോദിക്കാൻ എന്നാൽ നമ്മൾ മലയാളികൾ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. കേരളത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നിരുന്നതെങ്കിൽ പാവം പെൺകുട്ടികളുടെ കന്യാചർമ്മം പോലീസ് മേധാവികളുടെ ലാത്തികൾ തകർത്തു കളഞ്ഞേനെ. ഇപ്പോൾ ബലാൽസംഗം ചെയ്യുന്ന പോലീസുകാരൻ ബുദ്ധിമാനാണ്. അവൻ അവന്റെ ലാത്തിയിൽ ലാറ്റക്സ് ഉറകൾ ഇടുന്നു. അപ്പോൾ പിന്നെ അവിഹിത ഗർഭഛിദ്രം വേണ്ട, ഡി എൻ എ ടെസ്റ്റും വേണ്ട, അങ്ങനെ നിയമപാലകരും അവരുടെ ശിങ്കിടികളും കടിച്ചുതുപ്പി മാസങ്ങളോളം വിവിധ ജയിലറകളിൽ (അതോ സ്വാധീനമുള്ളവരുടെ മണിയറകളിലോ) കിടന്നു പെൺകുട്ടിയും കൂടെയുള്ളവരും കഷ്ടപ്പെട്ടേനെ. മറിയം റഷീദയെയും ഫൗസിയെയും അവരുടെ പതിനാലുകാരി മകളെയും കേരളത്തിലെ നിയുമപാലകർ രാജ്യരക്ഷയുടെ പേരിൽ പീഡിപ്പിച്ച കഥ നമ്മൾ പത്രങ്ങളിൽ വായിച്ചില്ലേ?
അമേരിക്കയുടെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് മൃഷ്ടാന്നം അടിച്ച് ഏമ്പക്കവും വിട്ടു ആസനത്തിൽ മുളക്കുന്ന ആലിന്റെ ശീതളച്ഛായയിലിരുന്നു അമേരിക്കയെ കുറ്റം പറയുന്നവർ ഏറെ. അവർക്ക് സംയുക്ത വർമ്മയേയും സംഘത്തിനെയും ചോദ്യം ചെയ്തതതിൽ അമർഷം. സ്വന്തം നാട്ടിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് ഓർക്കാത്തതതുകൊണ്ടാണ് അത്തരം അമർഷം പുറപ്പെടുവിക്കുന്നതും രക്തസമ്മർദ്ദം കൂട്ടുന്നതും.
മലയാളത്തിന്റെ പ്രിയങ്കരിയായ നടി സംയുക്തവർമ്മയോടും സംഘത്തോടും എത്രയോ മാന്യമായ രീതിയിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ പെരുമാറിയത്. ബിൻലാദൻ എന്ന മതഭ്രാന്തന്റെ ഭീഷണികൾ എവിടെയും മുഴങ്ങിനിൽക്കവേ ചെറിയ സംശയം പോലും നിസ്സാരമാക്കി കളയാൻ പറ്റുകയില്ല. ജീവിച്ചിരിക്കുന്നവരുടെ സുരക്ഷയെ കണക്കിലെടുത്ത് അമേരിക്കൻ ഗവണ്മെന്റ് ചെയ്തത് ശരിയാണ്.
ഇവിടെ പാളിപ്പോയത് പൗരധർമ്മമാണ്. അമ്പതുപൈസ ഉണ്ടെങ്കിൽ ആർക്കും ഒരു ട്രെയിനോ, വിമാനമോ പുറപ്പെടുന്നത് തടയാമെന്നു കേരളത്തിൽ പറയാറുണ്ട്. അതേപോലെ ഒരു വെള്ളച്ചിയുടെ അതിരു കടന്ന ദേശസ്നേഹമാണ് സംയുക്ത വർമ്മയേയും സംഘത്തെയും ബുദ്ധിമുട്ടിച്ചത്.
പ്രസ്തുത സംഭവം കേരളത്തിനും കേരളാപോലീസിനും മാർഗ്ഗദർശനനമാകട്ടെ. പെൺകുട്ടികളെ ബലാൽസംഗം ചെയ്യുകയും യുവാക്കളെ കൊന്നു കെട്ടിത്തൂക്കുകയും ചെയ്യുന്ന നിയമപാലകർ ഉള്ള ഒരു രാജ്യത്തെ പൗരന് അമേരിക്കയെ പരിഹസിക്കാൻ അർഹതയില്ല, അഭിമാനിക്കാവുന്ന ഒന്ന് സാത്താൻ പാമ്പിന്റെ വേഷത്തിൽ നടന്നപ്പോൾ ഉപയോഗിച്ച ഭാഷ മലയാളമാണെന്നാണ്. മറ്റു ഭാഷകൾ പാമ്പിന്റെ ചുണ്ടുകൾക്ക് വഴങ്ങില്ലത്രേ.
ശുഭം