Image

നെല്ലിക്കാത്തളം വയ്ക്കണം; രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചുകൊടുത്ത് കോൺഗ്രസ് പ്രവർത്തകർ

Published on 26 November, 2026
നെല്ലിക്കാത്തളം വയ്ക്കണം; രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക്  കൊറിയർ വഴി  നെല്ലിക്ക അയച്ചുകൊടുത്ത് കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് ‘നെല്ലിക്കാത്തളം’ വയ്ക്കുന്നതിനായി നെല്ലിക്ക കൊറിയർ വഴി അയച്ചുകൊടുത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് എം.പിക്ക് നെല്ലിക്ക പാഴ്സൽ ചെയ്തുനൽകിയത്. ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങൾക്ക് തുടക്കമായത്.

ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും, അഥവാ എ ഗ്രൂപ്പാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നുമായിരുന്നു ഉണ്ണിത്താന്റെ വിമർശനം. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ‘പെട്ടിതാങ്ങികൾ’ ആണെന്നും, ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം ആരോപിച്ചു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ രക്ഷിക്കാൻ അന്ന് താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ട് ഓടി ഒളിച്ചെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. സി.പി.എം പച്ചയ്ക്ക് വലിച്ചുകീറിയപ്പോൾ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നു.

ഉണ്ണിത്താന്‍- ഷാഫി തര്‍ക്കത്തിന് താല്‍ക്കാലിക 'വെടിനിര്‍ത്തല്‍'; നേതാക്കള്‍ അയഞ്ഞത് ദീപ ദാസ് മുന്‍ഷിയുടെ ഇടപെടലില്‍

തിരുവനന്തപുരം: ഉണ്ണിത്താന്‍- ഷാഫി തര്‍ക്കത്തിന് താല്‍ക്കാലിക 'വെടിനിര്‍ത്തല്‍'. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ ഇടപെടലിലാണ് തര്‍ക്കം അയഞ്ഞത്. പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍ എന്നിവരുമായി ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തി. എ ഗ്രൂപ്പ് പ്രതിനിധികളുമായും ദീപദാസ് മുന്‍ഷി ആശയവിനിമയം നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജെ എസ് അഖില്‍ എന്നിവരുമായും ദീപ ദാസ് മുന്‍ഷി ചര്‍ച്ച നടത്തിയിരുന്നു.

സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ചു. ജിന്‍ഷാദ് ജിനാസ്, നേമം ഷെജീര്‍ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടത്. ഇനിയും പ്രകോപനം ഉണ്ടായാല്‍ തുറന്നടിക്കുമെന്ന് ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷാഫി പറമ്പില്‍ എ ?ഗ്രൂപ്പിന്റെ ഭാ?ഗമല്ലെന്ന നിലയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസ്താവനയും പിന്നാലെ അദ്ദേഹത്തിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണവുമാണ് കോണ്‍?ഗ്രസിലെ തര്‍ക്കങ്ങള്‍ പരസ്യമായ വിഴുപ്പലക്കിലേയ്ക്ക് പോയത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ അതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന പരോക്ഷ സൂചനയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയിരുന്നു. തനിക്ക് നേരെ വരുന്ന സൈബര്‍ ആക്രമണങ്ങള്‍ എല്ലാം പരിശോധിച്ചുവെന്നും അപ്പോഴാണ് നാല് ഗര്‍ഭം ഉണ്ടാക്കി അടൂരില്‍ വിശ്രമിക്കുന്ന ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായതെന്നുമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ കടന്നാക്രമണം.

ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി മരണശയ്യയില്‍ കിടന്ന് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ വെക്കാന്‍ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയതെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. എറണാകുളത്തെ പനമ്പള്ളി നഗറിലൊരു ഫ്ലാറ്റില്‍ കേരളത്തിലെ എല്ലാവരും ആദരിക്കുന്ന ഒരു നേതാവ് മറ്റൊരാളുടെ കാല് പിടിച്ച് അപേക്ഷിച്ചു. എന്താണ് കാര്യം എന്നത് താന്‍ പിന്നീട് വെളിപ്പെടുത്താം. 2020 എന്ന ഒരു വണ്ടി നമ്പറും അദ്ദേഹം വലിയ രാഷ്ട്രീയ ആരോപണത്തിലേക്കുള്ള ക്ലൂ ആയി എടുത്തുപറഞ്ഞു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ തന്റെ ഡയറിയില്‍ എല്ലാം കുറിച്ച് വെച്ചിട്ടുണ്ടെന്നും ആശാനും ശിഷ്യനും എല്ലാം കുടുങ്ങുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചിരുന്നു.

ഇപ്പോള്‍ നടക്കുന്നതില്‍ വേദനയും ദുഃഖവും അടക്കി വെച്ചിരിക്കുകയാണ്; ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കരുത്'

തിരുവനന്തപുരം: വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും എല്ലാത്തിനും നല്ലൊരു പര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് പരസ്യ പ്രസ്താവനകള്‍ വരുന്നത്. ഇവിടെ തീരേണ്ടത് ഇവിടെ തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഉമ്മന്‍ചാണ്ടി ഞങ്ങളെ സംബന്ധിച്ച് എല്ലാമെല്ലാമാണ്. ചെറിയ പ്രായം മുതല്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ഇപ്പോള്‍ നടക്കുന്നതില്‍ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വെച്ചിരിക്കുകയാണ്. എല്ലാത്തിനും അവസാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.

നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് കരുതുന്നതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട ആളല്ല താന്‍. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

വ്യക്തിതാത്പര്യങ്ങള്‍ക്ക് അപ്പുറം പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവാണ് ഷാഫി; പിന്തുണച്ച് കെഎം അഭിജിത്ത്

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് നാദാപുരം എംഎല്‍എ കെഎം അഭിജിത്ത്. വ്യക്തിതാത്പര്യങ്ങള്‍ക്ക് അപ്പുറം പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവാണ് ഷാഫിയെന്നും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെന്നും കെഎം അഭിജിത്ത് ഫേസ് ബുക്കില്‍ കുറിച്ചു.

വിദ്യാര്‍ത്ഥി കാലം മുതലേ ഷാഫി പാര്‍ട്ടിക്കുവേണ്ടി പോരാടി. ആത്മാര്‍ത്ഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേര്‍ന്നപ്പോള്‍ യൂണിറ്റ്, മണ്ഡലം, ജില്ലാ,സംസ്ഥാന,ദേശീയ പദവികള്‍ ഒന്നൊന്നായി വന്നുചേര്‍ന്നെന്നും, ഒന്നും ചോദിച്ചു വാങ്ങിയില്ലെന്നും അഭിജിത്ത് കുറിച്ചു.

2011 ല്‍ പാലക്കാട് നിയോജകമണ്ഡലം തിരിച്ചു പിടിക്കാന്‍ ആരെന്ന ചോദ്യത്തിന് ഷാഫി മാത്രമായിരുന്നു ഉത്തരമെന്നും ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങള്‍ ഷാഫിയുടെ പിന്നില്‍ അണിനിരന്നെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രതിസന്ധിയിലാ യിരുന്ന കാലത്തെല്ലാം ഷാഫി കേരളത്തിലുടനീളം ഓടിനടന്നു, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെന്നും അഭിജിത്ത് പ്രശംസിച്ചു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഷാഫിയുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയ കെഎം അഭിജിത്ത് യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളില്‍ ഷാഫിക്ക് വലിയൊരു പങ്കുണ്ടെന്നും കുറിച്ചു. വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഷാഫിയെ മറക്കരുതെന്നും അഭിജിത്ത് ഒര്‍മിപ്പിച്ചു. അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താനെയും കെഎം അഭിജിത്ത് ഫേസ് ബുക്ക് പോസ്റ്റില്‍ ലക്ഷ്യംവെച്ചു; 'വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നമ്മെ സ്‌നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്,പ്ലീസ്. ഇത് ഓരോ സാധാരണ പ്രവര്‍ത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്.' അഭിജിത്ത് കുറിച്ചു.

കെ എം അഭിജിത്തിന് പുറമേ സന്ദീപ് വാര്യരും റിജില്‍ മാക്കുറ്റിയും ഷാഫിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.ഷാഫി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവെന്നും യുഡിഎഫ് ഭരണത്തിലേറിയതില്‍ ഷാഫി നടത്തിയ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനമുള്ള നേതാക്കളില്‍ ഒരാളാണ് ഷാഫിയെന്നും എതിരാളികള്‍ക്ക് കൊത്തിവലിക്കാന്‍ ഷാഫിയെ ഇട്ടുകൊടുത്ത എംപിയുടെ നടപടി പൈശാചികമാണെന്നും റിജില്‍ മാക്കുറ്റി ഫേസ് ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക