Image

മിഷന്‍ ചക്കക്കൊമ്പന്‍'- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 26 November, 2026
മിഷന്‍ ചക്കക്കൊമ്പന്‍'- (രാജു മൈലപ്രാ)

അമേരിക്കയില്‍ താമസമുറപ്പിച്ചിട്ട് അരനൂറ്റാണ്ടിലേറെയായെങ്കിലും, ചെറുപ്പകാലങ്ങളിലുള്ള ശീലമ1ന്നും ഇതുവരെ മറന്നിട്ടില്ല.

ലോക്കല്‍ വാര്‍ത്തകള്‍ കാണുന്നതിനു മുമ്പായി നാടന്‍ വാര്‍ത്തകള്‍ ഒന്നോടിച്ചു കാണുന്ന പതിവ് ഇന്നും തുടരുന്നു.
രാവിലെയുള്ള 'Breaking News' കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഇത് സത്യമാണോ, മിഥ്യയാണോ എന്നറിയാന്‍, 'ഏഷ്യാനെറ്റ് മുതല്‍ ശാലോം' ടി.വി. വരെ മാറ്റി മാറ്റഇ നോക്കി. സംഗതി ശരിയാണ്-
എല്ലാ ചാനലുകളിലും പ്രധാന വാര്‍ത്ത ഇതാണ്.

യു.എസ്-ഇറാന്‍ യുദ്ധം അവസാനിച്ചു, എന്നാണോ?
അല്ല.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു വഴക്കുകള്‍ അവസാനിച്ചു എന്നാണോ?
അല്ല.

പോപ്പ് പിതാവ്, സാത്താനുമായി സംവാദത്തില്‍ ഏര്‍പ്പെടുവാന്‍ സമ്മതിച്ചെന്നാണോ?
അല്ലേയ്-അല്ല!

പിന്നെയെന്താണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത?
അരിക്കൊമ്പന്റെ അളിയനായ ചക്കക്കൊമ്പന്‍ കാട്ടില്‍ നിന്നും നാട്ടിലേക്കു കൂടെക്കൂടെ സന്ദര്‍ശനം നടത്തി പ്രാദേശിക നിവാസികളുടെ സൈ്വര്യം കെടുത്തുന്നു എന്ന്.

നമ്മുടെ സര്‍ക്കാരല്ലേ? ഏതു പ്രശ്‌നത്തിനും ഉടമ്പടി പരിഹാരം കാണും. നാട്ടുകാരുടെ സുരക്ഷയെ കരുതി, വനം വകുപ്പും, പോലീസും ചേര്‍ന്ന് ഒരു വമ്പന്‍ പ്ലാന്‍ തയ്യാറാക്കി .
'മിഷന്‍ ചക്കക്കൊമ്പന്‍'

ഈ വലിയ ദൗത്യസംഘത്തില്‍ പോലീസുകാരെ കൂടാതെ വിവിധ തുറകളിലെ ഡോക്ടര്‍മാര്‍, മട്ടന്തൂരിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളക്കാര്‍, പഴയിടം നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍ സദ്യ തയ്യാറാക്കുവാനുള്ള പാചകക്കാര്‍- മുളവടി, ലാത്തി, കരിങ്കല്ല്, ചെടിചട്ടി മുതലായ ആയുധമേന്തിയ 'രക്ഷാപ്രവര്‍ത്തകര്‍'- അങ്ങിനെ വലിയൊരു സംഘമുണ്ട്. 

ചക്കക്കൊമ്പനെ മയക്കുവെടി വെച്ചശേഷം, വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. അതിനുശേഷം കൊമ്പന്റെ കാതിലൊരു റേഡിയോ കോളര്‍ ഫിറ്റു ചെയ്യു. അപ്പോള്‍ പിന്നീട് ചക്കയുടെ സകലനീക്കങ്ങളും മനസ്സിലാക്കുവാന്‍ കഴിയും. ഇതു നിരീക്ഷിക്കുവാന്‍ വേണ്ടി ഒരു ചക്കകമ്മീഷനെ നിയമിക്കുവാനും പ്ലാനുണ്ട്.
ദൗത്യസംഘം വളരെ ഗൗരവത്തോടെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്. 'കുളമോ, കുഴിയോ, കുത്തനേ കയറ്റമോ' ഇല്ലാത്ത ഒരു സ്ഥലത്തേക്ക് മാറ്റിയിട്ടു വേണം വെടിവെക്കുവാന്‍.

ചക്കക്കൊമ്പന്‍ ആരാ മോന്‍? ഗൈഡ് ചെയ്യുമ്പോള്‍, അവന്‍ അവരെ കളിയാക്കാനായി മനഃപൂര്‍വ്വം ഏതെങ്കിലും കുത്തനേയുള്ള കയറ്റിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും വെള്ളക്കെട്ടിനു അരികിലേക്കോ പോയി നില്‍ക്കും. എന്നിട്ടു പോലീസുകാരെ നോക്കി, ലീഡറുടെ ശൈലിയില്‍ ഒന്നു കണ്ണിറുക്കി, സതീശന്‍ മോഡലില്‍ ഒരു 'പൂക്കി' ചിരി പാസ്സാക്കും.

ഇതു കണ്ടു കലികയറിയ ഒരു 'രക്ഷാപ്രവര്‍ത്തകന്‍' ഉണ്ണിത്താന്‍ സ്റ്റൈലില്‍ ആകാശത്തേക്ക് ഒരു ഉണ്ടയില്ലാ വെടിപൊട്ടിക്കും. ഉണ്ടയില്ലെങ്കിലും അതില്‍ നിന്നുയരുന്ന വിഷപ്പുക കുറേനാള്‍ അവിടെ തങ്ങി നില്‍ക്കും.
മണിക്കൂറുകളോളം പോലീസുകാരേയും വനംവകുപ്പിനേയും തലങ്ങും വിലങ്ങും ഓടിച്ച് ചക്കക്കൊമ്പന്‍ നന്നായി രസിച്ചു.

അപ്പോഴേക്കും ഇരുട്ടു പരന്നു തുടങ്ങി. പോലീസുകാര്‍ക്ക് ഒരു 'പിന്‍ഭാഗ സല്യൂട്ട്' `കൊടുത്തിട്ട് ചിന്നം വിളിച്ച് കൊമ്പന്‍ കാട്ടിലേക്കു മടങ്ങി.

ഇരുപത്തിനാലു മണിക്കൂറിനകം ചക്കക്കൊമ്പനെ പൂട്ടിയില്ലെങ്കില്‍, സമ്പൂര്‍ണ്ണ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇതിനെ, ചക്കക്കൊമ്പന്‍ അമേരിക്കന്‍ ചാരനാണെന്നുള്ള ഒരു കരകമ്പിയും കറങ്ങുന്നുണ്ട്.
'Happy Thanksgiving to all e-Malayalee readers' 

Join WhatsApp News
Jayan varghese 2026-11-26 13:20:39
‘ ആയിരം മാക്രി കൂടി അറുപത്തി രണ്ടര പൂക്കറി തിന്നു ‘ എന്നൊരു ചൊല്ല് അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. അനേകം ആളുകൾ കൂടി അൽപ്പം കാര്യം ചെയ്ത് അതിനെ വലുതാക്കുന്നു എന്നർത്ഥം. കേരളത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ഇങ്ങനെയാണ്. ഒരു വിഷയം കിട്ടിയാൽ മതി അതിന്റെ പേരിലുള്ള ഒടുക്കത്തെ തീറ്റ. തീറ്റക്കാരുടെ മുന്നിൽ ഇപ്പോൾ ചാനലുകാരുടെ ഏമ്പക്കങ്ങളാണ് സഹിക്കാൻ കഴിയാത്തത്. കാട്ടിലെ തടി. തേവരുടെ ആന. വലിയെടാ വലി. പിടിയെടാ പിടി. ജയൻ വർഗീസ്.
Samuel George 2026-11-26 14:03:05
ഒരു ആനയുടെ പിറകെ അഞ്ഞൂറ് പേര് നടക്കുവാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ഇതിൻറെ പേരിൽ എത്ര കോടി പൊടിക്കുമെന്നും, പിടിക്കുമെന്നും ആർക്കറിയാം.? ആണൊരുത്തൻ നെഞ്ചുവിരിച്ചു നിന്ന് ഒരൊറ്റ വെടി വെച്ചാൽ തീരവുന്ന പ്രസ്സനമേയുള്ളു. പോലീസുകാർക്ക് ഒരു വിനോദം, നാട്ടുകാർക്ക് ഒരു കൗതുകം. ആനക്കൊരു തമാശ. സർക്കാരിന് ഒരു ആശ്വാസം. പ്രധാന വിഷയങ്ങളിൽ നിന്നും മാപ്രാകൾ ആന പിണ്ഡത്തിനു പിന്നാലെയാണല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക