Image

ചാപ്പകൾ (കവിതാസമാഹാരം) - ഫ്രാൻസിസ് എ. തോട്ടത്തിൽ (പുസ്തക പരിചയം – 53: ബാജി ഓടംവേലി, ഡാലസ്)

Published on 26 November, 2026
ചാപ്പകൾ (കവിതാസമാഹാരം) - ഫ്രാൻസിസ് എ. തോട്ടത്തിൽ  (പുസ്തക പരിചയം – 53: ബാജി ഓടംവേലി, ഡാലസ്)

മാനവീകതയുടെ മഹത്വം ദൃഢസ്വരത്തിൽ വിളംബരം ചെയ്യുന്ന കവിതകളാണ് 'ചാപ്പകൾ' എന്ന ഈ കവിതാസമാഹാരത്തിലുള്ളത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആധിപത്യം സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്ന അജ്ഞതകളുടെ കൂരിരുട്ട്, ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിൽ അകറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഈ കവിതകളിൽ പ്രകടമാകുന്നത്. 

ചാപ്പകൾ എന്നാൽ മുദ്രകൾ അല്ലെങ്കിൽ അടയാളങ്ങളാണ്. ചാപ്പകുത്തുക എന്നു പറഞ്ഞാൽ സീലടിക്കുക എന്ന് മനസ്സിലാക്കാം. പണ്ടുകാലത്ത്  സാധനങ്ങളിലൊ കന്നുകാലികളിലൊ ഉടമസ്ഥാവകാശം കാണിക്കാനായി പതിപ്പിച്ചിരുന്ന അടയാളങ്ങൾക്കോ ഔദ്യോഗിക മുദ്രകൾക്കോ 'ചാപ്പ' എന്ന് പറഞ്ഞിരുന്നു. അതിൻ്റെ ബഹുവചനമാണ് ചാപ്പകൾ. ആരെയെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുത്തി മുദ്രകുത്തുന്നതിനെ സൂചിപ്പിക്കാൻ 'ചാപ്പ കുത്തുക' എന്ന പ്രയോഗിക്കാറുണ്ട്. 

'എഴുതുമ്പോൾ എഴുത്താണി തടുക്കേണ്ട
ഒഴുകുമ്പോൾ പൂഴയെത്തടുക്കേണ്ട
പെയ്യുമ്പോൾ മഴയെ തടുത്തിടാ
കരയുമ്പോൾ, കണ്ണീരും തടയേണ്ട'
എന്നു തുടങ്ങി 
' പൗരനെത്തടയേണ്ട; പൗരത്വം ജ്വലിച്ചിടും
കാറ്റിനെത്തടുക്കേണ്ട; കൊടുംങ്കാറ്റായ് മാറിടും
ചാപ്പകൾ കുത്തേണ്ട; തിരിഞ്ഞവ കൊത്തീടും
പൗരത്വം മണ്ണിലേവർക്കും തുല്യം'
എന്നു മനോഹരമായി പാടി വിശ്വപൗരത്വം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മാനവികതയുടെ ഉജ്ജ്വല സന്ദേശങ്ങൾ ചാപ്പകൾ എന്ന കവിതയിലും മറ്റും കവിതകളിലും മുഴക്കുന്നു.
'നാട് ' എന്നതിൽ കുട്ടിക്കാലത്ത് സ്വന്തമായിരുന്ന വീടും, ഓടി നടന്ന നാടും, നാട്ടുവഴികളും, കൂടെ പഠിച്ച കൂട്ടുകാരും ഓർമ്മയിൽ തെളിയുന്നതിലൂടെ ഗൃഹാതുരത്വത്തിൻ്റെ വൈകാരിക ഭാവങ്ങൾ സജീവമാകുന്നു. ഉയരം കൂടുമ്പോൾ തേയിലപ്പൊടിക്ക് ഗുണം ഏറുന്നതു പോലെ നാട്ടിൽ നിന്നുള്ള ദൂരം കൂടുമ്പോഴാണ് പ്രവാസിയുടെ മനസ്സിൽ ഗൃഹാതുരത്വം കൂടുന്നതും നാട്ടിലേക്കുള്ള ദൂരം കുറയുന്നതുമെന്ന് കാണാം.
'പുണ്യ വിശുദ്ധി' എന്ന കവിതയിൽ ഭാഷയിൽ പോലുമുള്ള സാമൂഹ്യ പക്ഷാപാതത്തെ വിരൽ ചൂണ്ടുകയാണ് കവി. തമ്പുരാട്ടിക്കേ തിരുവയറൊഴിയാൻ കഴിയൂ; പറയിക്കതു പറ്റില്ല, പറയിക്കു പെറാൻ മാത്രമാണു വിധി. പാവനം, പരമം, അഭിവന്ദ്യം, തിരു തുടങ്ങിയ പദങ്ങൾ സ്വന്തമാക്കി മേലാളന്മാരും നീചർ, ഹീനർ, അശുദ്ധർ തുടങ്ങിയ വാക്കുകൾ അടിച്ചേൽപ്പിക്കപ്പെട്ടു കീഴാളരും തരം തീരിക്കപ്പെട്ട സാമൂഹഘടന ഇന്നും സമൂഹത്തിൽ നില നിൽക്കുന്നു എൻ കവി നിരീക്ഷിക്കുന്നു.


'ചന്ത' എന്നതിൽ എല്ലാ തിന്മകളും വിൽക്കപ്പെടുന്ന ഒരു ആഗോള വ്യാപാരത്തിനുള്ള ഇടമായി ഭൂമി അധഃപതിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. അന്ധവിശ്വാസങ്ങളും ജാതി-മതങ്ങളും ഇവിടെ നന്നായി വിൽക്കപ്പെടുന്നു. മാനവികതയും ആഗോളദർശനവും അന്യമാകുന്ന ഭൂമി, യുദ്ധങ്ങൾക്കും ദോഷകരമായ മതാധിപത്യത്തിനും വിധേയമാകുന്നുവെന്ന മുന്നറിയിപ്പും നൽകുന്നു. 
'മാനവസ്നേഹിതൻ' എന്ന വിലാപകാവ്യം ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹവിയോഗത്തിൽ എഴുതിയതാണ്. മണ്ണിലും വേണ്ട മതിലുകൾ, മാറേണമീ മനസ്സിലെ മതിലുകൾ' എന്ന് ഉപദേശിച്ച പോപ്പ് ഫ്രാൻസിസ് സ്നേഹത്തിടമ്പായി ജനമനസ്സുകളിൽ തിളങ്ങിയെന്ന് കവിതയിൽ കുറിക്കുമ്പോൾ ആ മഹാത്മാവിൻ്റെ മഹത്വം വീണ്ടും അടിവരയിടുകയാണ്. 
' പ്രപഞ്ചത്തിൻ ഓമനപ്പുത്രിയാണു ഭൂമി
യിവളെൻ്റെ പ്രിയ കാമുകിയാണ് !
പിറന്ന നാളേ എന്നെയേറ്റെടുത്ത -
വർണ്ണമനോഹരി, മലരണിമങ്കേ !'
എന്നു പാടുന്ന 'ഭൂമി കന്യക ' എന്ന കവിതയിൽ ആ സുന്ദരിയായ കന്യകയെ യഥാർത്ഥമായി പ്രണയിക്കുകയാണ് കവി. സ്വാർത്ഥ ലാഭത്തിനു വേണ്ടി ചൂക്ഷകവർഗ്ഗം അവളിൽ ഏൽപ്പിക്കുന്ന ഓരോ ആഘാതവും മുറിവേൽപ്പിക്കുന്നത് കവി ഹൃദയത്തെയാണ്. ആ മുറിവുകളിൽ പൊടിയുന്ന ചോരയുടെ ചൂടും ചുവപ്പും കവിതയെ കൂടുതൽ വൈകാരികമാക്കുന്നു.
സൂര്യൻ്റെ ഉദയത്തെയും അസ്തമനത്തെയും സൂര്യൻ തന്നെ വിവിരിക്കുന്ന കവിതയാണ് 'സൂര്യക്കൊതി'. സൂര്യനെ കാണുന്നതും കാണാതാകുന്നതും എങ്ങനെയെന്ന് വിവരിക്കുന്നു. ഭൂമിയിൽ സകലത്തിൻ്റെയും നിലനിൽപ്പിനുള്ള സൂര്യൻ്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഈ കവിത ശാസ്ത്രപഠനത്തിനും  ഉചിതമാണ്. 
'നൈറ്റിംഗേൽ' എന്ന കവിതയിലൂടെ കവി ഫ്ളോറൻസിനെ സ്മരിക്കുന്നതോടൊപ്പം മിക്കവരുടെയും ജനനത്തിനും മരണത്തിനും അരികെ കൂട്ടായുള്ള നഴ്സുമ്മാരെ ആദരിക്കുകയും ചെയ്യുന്നു. 
'അമ്മയ്ക്കു തുല്യമീ അനവദ്യ 
സ്നേഹ സ്വരൂപിണികൾ 
ഫ്ളോറൻസിൻ പിന്മുറക്കാർ'  
അന്ന് ഇരുളടഞ്ഞ മുറികളിലേക്ക് ഒരു കൈവിളക്കും സ്വാന്തനമുഖവുമായി കടന്നു ചെന്ന ആ മാലാഖ, പരുക്കേറ്റവരുടെ ശരീരത്തിലെ മുറിവുകൾക്കും അവരുടെ മനസ്സിലെ നീറ്റലിനും ആശ്വാസമായി. ഇന്ന് ഫ്ളോറൻസിൻ്റെ പിന്മുറക്കാർ എത്രയോ ലക്ഷങ്ങളാണ്. ഈ സ്നേഹപ്പറവകൾ പറന്നു തളരാതെ പറന്നിരിക്കാൻ സ്വാന്തനത്തണൽ ഒരുക്കി കാത്തിടണം കരുതിടേണം എന്ന് കവിതയിലൂടെ സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.
' സയൻസിടും വിത്തിൽ നന്മകൾ പൂക്കണം 
സർവ്വരും നുകരണം സയൻസിൻ നറുമണം ' 
എന്നു പാടി 'വളരുന്ന സയൻസ് ' എന്ന കവിതയിൽ ശാസ്ത്രത്തിൻ്റെ വളർച്ചയും വികാസവും മനുഷ്യർക്ക് ഗുണകരമാകണമെന്ന് ഉറപ്പിക്കുന്നു.

കാര്യമായ കാരണമൊന്നുമില്ലാതെ ലോകത്തിൻ്റെ പലഭാഗങ്ങളിലും മാസങ്ങളൂം വർഷങ്ങളൂമായി യുദ്ധം നീളൂകയാണ്. 'വിദ്യാർത്ഥികളേ' എന്ന കവിതയിൽ യുദ്ധങ്ങൾക്കെതിരെ മുഷ്ഠി ചുരുട്ടാനായി കവി നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ്. 'തോക്കുകൾ വേണ്ട ബോംബുകൾ വേണ്ട മണ്ണിൽ സുഖമായി ജീവിക്കാൻ' എന്ന സന്ദേശമാണ് വിദ്യാർത്ഥികളുടെ മുദ്രാവാക്യത്തിൽ മുഴങ്ങി കേൾക്കുന്നത്.
'ക്രൗഞ്ചപ്പക്ഷികൾ' നിരന്തരമുണ്ടാകുന്ന സ്ത്രീപീഢനങ്ങൾക്കെതിരെ ഫലപ്രദമായ പ്രതിരോധം ഉണ്ടാകാത്തതിലുള്ള കവിയുടെ രോഷമാണ്. 'വിശ്വാസി' രോഗിയുടെ ജീവൻ നിലനിർത്താൻ പ്രാർത്ഥന തന്നെ വേണമെന്നുള്ള യാഥാർത്ഥ്യം വളരെ നർമ്മത്തോടെ അവതരിപ്പിച്ചിരിക്കുന്നു. 'നീതി' എന്ന കവിതയിൽ നീതിയെ തീയോട് ഉപമിച്ചിരിക്കുകയാണ്. 'എൻ്റെ മുല്ല' പൂമുഖത്തും പൂജാമുറിയിലും വാർമുടിക്കെട്ടിലും കാട്ടുകല്ലിലും മലർമണം പരത്തുന്ന സുഗന്ധിനിയായ മുല്ല എന്നു പാടി കവിയുടെ മനസ്സിൻ്റെ മുറ്റത്തു വിരിയുന്നു. 'യഥാ പ്രജ തഥാ രാജാ' എന്ന കവിതയിൽ മതങ്ങൾക്കതീതമാകണം ഭരണമെന്നുള്ള മതേതര സന്ദേശം പ്രകടിപ്പിച്ചിരിക്കുന്നു. 
മനുഷ്യൻ്റെ ഭാവനയും ചിന്തയും നിയന്ത്രിക്കപ്പെടരുതെന്നും, പ്രകൃതിയുടെ എല്ലാ ചലനങ്ങളൂം നിർബാധം തുടരണമെന്നും, പുഴയുടെ ഒഴുക്കും, മഴയുടെ പെയ്ത്തും, പൂക്കളുടെ വികാസവും, കുയിലിൻ്റെ പാട്ടും, സ്വമേധയാ നടക്കണമെന്നും അതിനുള്ള സ്വാതന്ത്ര്യം അവരുടെ അവകാശമാണെന്നു ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് കവി. 'പൗരത്വം മണ്ണിലേവർക്കും തുല്യം' എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് അതിന് ഒരു രാജാവിൻ്റെയും തൃകൈവിളയാട്ടം ആവശ്യമില്ലെന്നുമുള്ള പ്രഖ്യാപനത്തിലൂടെ വിശ്വപൗരത്വം സ്ഥിതീകരിക്കുകയാണ് ഈ കവിതകൾ. ചുരുങ്ങിയ വാക്കുകളിൽ ഒട്ടേറെക്കാര്യങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നു.

ശ്രദ്ദേയമായ ഇരുപത്തിയഞ്ച് കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരമാണ് ചാപ്പകൾ. ഈ സമാഹാരത്തിലുള്ള ഓരോ കവിതയും എഴുത്തുകാരൻ്റെ സജീവമായ സർഗ്ഗവൈഭവം തെളിയിക്കുന്നു എന്ന് അവതാരികയിൽ ഗുരുകുലം ഡയറക്ടർ ജെ. മാത്യൂസ് പറഞ്ഞിരിക്കുന്നു. എല്ലാം കവിതകളെയും പഠിച്ച് വിശദമായ അവതാരിക എഴുതിയിരിക്കുന്നത് ജെ. മാത്യൂസ് ന്യൂയോർക്ക് ആണ്.

ഫ്രാൻസിസ് എ. തോട്ടത്തിൽ

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ കൈരളി മാസികയിൽ തുടർച്ചയായി കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. വീണ്ടും സുനാമി, അമേരിക്കൻ മഴ, എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
നാട്ടിൽ മഞ്ഞാലുമൂട് സ്വദേശിയായ ഇദ്ദേഹം അമേരിക്കയിലെ സാഹിത്യ സാമൂഹ്യ സംഘടനകളിലൊക്കെ സജീവമാണ്. കുടുംബസമേതം ഡാലസിലെ ഗാർലാഡിൽ താമസിക്കുന്നു. 
ഇമെയിൽ :- francisambroselmm@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക