Image

നന്ദിയുടെ തിരുനാൾ (മനോജ് തോമസ്, അഞ്ചേരി)

Published on 26 November, 2026
നന്ദിയുടെ തിരുനാൾ (മനോജ് തോമസ്, അഞ്ചേരി)

നവംബർ മാസത്തിൻ അവസാനവ്യാഴാഴ്ച
നന്മതൻ പൂക്കൾ വിരിഞ്ഞിടുന്നു.
നന്ദിപ്രകാശന പുണ്യദിനത്തിൽ
നാടെങ്ങും ആനന്ദം നിറഞ്ഞിടുന്നു!.

അമേരിക്കൻ മണ്ണിൻ അകത്തളങ്ങളിൽ
ആഹ്ലാദ ദീപങ്ങൾ തെളിഞ്ഞിടുന്നു.
സ്നേഹത്തിൻ പൂന്തേൻ പകർന്നിടുവാനായ്
സ്വജനങ്ങൾ ഒന്നായ് അണഞ്ഞിടുന്നു.

വീടുകൾ തോറും വിരുന്നൊരുങ്ങും,
വിഭവങ്ങൾ വർണങ്ങൾ തീർത്തിടുന്നു.
പൊൻനിറം പൂണ്ടൊരു ടർക്കിക്കോഴി
പുഞ്ചിരിപോൽ മേശയിൽ തിളങ്ങിടുന്നു.

അടുക്കളയാകെ സുഗന്ധം പരക്കും
അമൃതംപോൽ വിഭവങ്ങൾ നിരന്നിടുന്നു.
മധുരപലഹാരങ്ങൾ നിരനിരയായ്
വിരുന്നിൻ മേശയിൽ ഒന്നിച്ചു ചേർന്നൂ.

ഒരുമിച്ചിരുന്നൊരു വിരുന്നുണ്ണുമ്പോൾ
ഓരോ ഹൃദയവും പൂത്തുലയുന്നു.
കഴിഞ്ഞൊരു കാലത്തിൻ നന്മകളോർത്തു
കരുണാമയനോടു നന്ദി ചൊല്ലുന്നു.

സ്നേഹമാം നദികൾ സംഗമിക്കും
സന്തോഷത്തിരകൾ നൃത്തമാടും.
നന്ദിയെന്ന നന്മതൻ ദീപം തെളിഞ്ഞാൽ
നാളെയും ജീവിതം സ്വർഗമാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക