
ജീവിതം - ദീർഘമാം തീര്‍ത്ഥാടനം, അതില്‍
ഓരോ മനുഷ്യരും തീര്‍ത്ഥാടകര്‍
ലക്ഷ്യത്തിലെത്തിയാല്‍ പിന്നെത്തിരിച്ചോരു
യാത്രയതൊട്ടുമേ സാധ്യമല്ല
ഉത്തരം കിട്ടാത്തോരീ പ്രഹേളികയില്‍നി -
ന്നെത്തിപ്പിടിക്കാന്‍ കഴിയാത്ത സത്യങ്ങ -
ളെത്ര നിരാകരിച്ചാലും മനുഷ്യന്റെ
ചിന്താതലങ്ങളില്‍ നിൽക്കും വ്രണങ്ങളായ്
എങ്കിലുമീ ലോകജീവിതം മര്‍ത്യന്നു
സങ്കടക്കൂമ്പാരമേകുന്നതെന്തേ
ഒരുമാത്ര നോക്കിയാലീ ദുഃഖപര്‍വ്വങ്ങ-
ളത്രയും നമ്മള്‍തന്‍ സൃഷ്ടിമാത്രം.
ഒന്നും നമുക്കില്ല സ്വന്തമീ ലോകത്തി-
ലെല്ലാം വെറുംവ്യഥ-പാഴ്ക്കിനാവും
ഇന്നലെച്ചെയ്തോരാ നന്മകളൊക്കെയും
ഈ തീര്‍ത്ഥയാത്രയില്‍ പാഥേയമായ്.
വ്യർത്ഥദുഃഖങ്ങള്‍കൊണ്ടെന്തിന്നു മാറ്റണം
മുഗ്ദ്ധമനോഹരജീവിതാരാമത്തെ
ശുഷ്കനിശൂന്യമാം പാഴ്നിലമാക്കിയി -
ട്ടെന്തിനെല്ലാമോ പരിതപിച്ചെന്നുമേ
ഇനി നമ്മൾ കാണുന്ന സ്വപ്നങ്ങൾക്കതിരില്ല
വഴിതേടുമാശകൾക്കന്ത്യവുമില്ലത്രേ!
അകലെയാകാശത്തു നിഴല്‍ ചൂടിനില്‍ക്കുമീ
കാര്‍മേഘമാലകള്‍ കാണേണ്ടതില്ലിനി.
നീലോല്പലത്തിന്‍ ദലങ്ങള്‍പോലാകാശ-
മുറ്റത്തു പാറിക്കളിക്കുന്ന വാരിദ
ക്കൂട്ടങ്ങളെന്നോടു സ്നേഹാതിരേകത്താല്‍
കിന്നാരമെന്തോ പറയാൻ വരുന്നുവോ
കാലത്തിനായ് ഞാന്‍ മടക്കിക്കൊടുക്കട്ടെ
കാളിമയോലുന്ന കദനത്തിന്‍ പൂക്കളെ
കാണുവാനായിനിക്കണ്മുന്നിലെത്തുന്ന
കാഴ്ച്ചകളൊക്കെയും ജ്യോതിര്‍മയം!
കാലമെന്നാത്മാവിലാഴത്തിലേല്പി-
ച്ചുണങ്ങാത്ത നൊമ്പരപ്പാടുകളൊക്കെയും
സ്നേഹാമൃതംകൊണ്ടു ലേപനം ചെയ്തിട്ടി-
ന്നാരേ തികച്ചും സുഖപ്പെടുത്തി!
നിശ്ചയമില്ലെനിക്കാരോടു ചൊല്ലേണ്ടു
നന്ദിയെന്നുള്ള രണ്ടക്ഷരത്തെ
എങ്കിലും ഞാനീ പ്രപഞ്ചത്തിനർപ്പിപ്പൂ
എന്റെ കൃതജ്ഞതാസാഗരത്തെ.
===============
മിനി മോഹനൻ