Image

വിശ്വസുന്ദരിപ്പോരാട്ടത്തില്‍ കേരളത്തിന്റെ പൈതൃകസൗന്ദര്യം ധന്യമാക്കി കെസിയ ലിസ് മെജോ അഭിമാനമായി (എ.എസ് ശ്രീകുമാര്‍)

Published on 25 November, 2026
വിശ്വസുന്ദരിപ്പോരാട്ടത്തില്‍ കേരളത്തിന്റെ പൈതൃകസൗന്ദര്യം ധന്യമാക്കി കെസിയ ലിസ് മെജോ അഭിമാനമായി (എ.എസ് ശ്രീകുമാര്‍)

സൗന്ദര്യത്തിന്റെ ആഗോളവേദിയില്‍ ഇത്തവണ വിശ്വസുന്ദരിപ്പട്ടം പ്യൂട്ടോറിക്കോയ്ക്ക്. സ്വന്തം മണ്ണില്‍ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുന്ദരിമാരെ പിന്തള്ളിയാണ് പ്യൂട്ടോറിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ കിരീടം ചൂടിയത്. എന്നാല്‍ കിരീടനേട്ടത്തിന്റെ തിളക്കത്തിനിടയിലും ഇന്ത്യയ്ക്കും വിശേഷിച്ച് മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഒരു പേരുണ്ട്  കെസിയ ലിസ് മെജോ.

വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള അവസാന പടികള്‍ കയറാന്‍ കഴിഞ്ഞില്ലെങ്കിലും ലോകസുന്ദരിമാരുടെ നിരയില്‍ ടോപ് 30-ല്‍ ഇടംപിടിച്ച കെസിയ മലയാളിത്തനിമയുടെ മനോമോഹനമായ അടയാളമായി മാറി. സൗന്ദര്യം കേവലം രൂപഭംഗിയല്ലെന്നും സംസ്‌കാരത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതിഭയുടെയും ആത്മവിശ്വാസത്തിന്റെയും സമന്വയമാണെന്നും ലോകത്തിന് മുന്നില്‍ തെളിയിക്കുകയായിരുന്നു ഈ 19-കാരി.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മെലിസ നൂനെസ് ഫസ്റ്റ് റണ്ണറപ്പായപ്പോള്‍ വെനസ്വേലയുടെ ക്ലാര വെഗാസ് ഗോയറ്റ്‌സ് രണ്ടാം സ്ഥാനവും ഫിലിപ്പീന്‍സിന്റെ ബിയ മില്ലന്‍-വിന്‍ഡോര്‍സ്‌കി മൂന്നാം സ്ഥാനവും ന്യൂസിലന്‍ഡിന്റെ ജോര്‍ജിയ വാഡിങ്ടണ്‍ നാലാം സ്ഥാനവും നേടി. പ്യൂര്‍ട്ടോ റിക്കോയുടെ തലസ്ഥാനമായ സാന്‍ ജുവാനിലെ ജോസ് മിഗ്വല്‍ അഗ്രലോട്ട് കൊളീസിയത്തിലായിരുന്നു വര്‍ണാഭമായ ഗ്രാന്‍ഡ് ഫിനാലെ.

മാവേലിക്കരയില്‍ വേരുകളുള്ള കെസിയ ലിസ് മെജോയുടെ നേട്ടത്തിന് മലയാളികള്‍ക്കിടയില്‍ പ്രത്യേക തിളക്കമുണ്ട്. മലയാളി കുടുംബത്തില്‍ ജനിച്ച കെസിയ വളര്‍ന്നത് അബുദാബിയിലാണ്. എമിറേറ്റ്  സ് നാഷണല്‍ സ്  കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നിലവില്‍ ബെംഗളൂരുവില്‍ നിയമപഠനം തുടരുന്നതിനൊപ്പം മോഡലിങ് രംഗത്തും സജീവമാണ്. പഠനവും കലയും സൗന്ദര്യമത്സരങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന കെസിയയുടെ വ്യക്തിത്വം പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്.

2026-ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം സ്വന്തമാക്കിയ ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയയെ ദേശീയശ്രദ്ധയിലേക്ക് ഉയര്‍ത്തിയത്. ഓഗസ്റ്റ് 23ന് ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 52 മത്സരാര്‍ഥികളെ പിന്തള്ളിയാണ് കിരീടം നേടിയത്. ഇതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകസൗന്ദര്യമത്സരത്തിന്റെ വേദിയിലെത്താനുള്ള അവസരവും ലഭിച്ചു.

17-ാം വയസ്സില്‍ മിസ് ടീന്‍ ദിവ 2024 കിരീടം നേടിയതോടെയാണ് കെസിയയുടെ സൗന്ദര്യമത്സര യാത്ര ശ്രദ്ധേയമായത്. 2025-ല്‍ മിസ് ടീന്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി. തുടര്‍ന്ന് മിസ് യൂണിവേഴ്സ് കേരള കിരീടവും സ്വന്തമാക്കി. ഓരോ നേട്ടവും അടുത്ത വലിയ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളായി മാറുകയായിരുന്നു. സൗന്ദര്യമത്സരങ്ങളുടെ വേദികളില്‍ മാത്രം ഒതുങ്ങുന്നതല്ല കെസിയയുടെ കഴിവുകള്‍. പന്ത്രണ്ടുവര്‍ഷമായി ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കുന്ന താരം മികച്ച ഗായിക കൂടിയാണ്. വയലിനിലും ഡ്രംസിലും കഴിവുതെളിയിച്ചിട്ടുണ്ട്. മലയാള സിനിമയായ 'ഷൈലോക്കി'ലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചു.

പഠനം, കല, സംഗീതം, നൃത്തം, മോഡലിങ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഒരേസമയം സാന്നിധ്യമറിയിക്കുന്ന കെസിയയുടെ യാത്ര സൗന്ദര്യമത്സരങ്ങളുടെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തേക്ക് വളരുന്നതാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും ലക്ഷ്യബോധവും കൈമുതലാക്കിയാല്‍ ലോകത്തിന്റെ ഏതു വേദിയിലും മലയാളി പെണ്‍കുട്ടികള്‍ക്ക് തിളങ്ങാനാകുമെന്ന സന്ദേശം കൂടിയാണ് അവരുടെ നേട്ടം.

മിസ് യൂണിവേഴ്‌സ് വേദിയില്‍ കെസിയ അവതരിപ്പിച്ച ദേശീയ വേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് ലഭിച്ച ആഗോള അംഗീകാരം കൂടിയായിരുന്നു. ഡിസൈനര്‍ സിദ്ധാന്ത് ഒരുക്കിയ വേഷത്തില്‍ കേരളത്തിന്റെ പ്രകൃതിഭംഗിയും വാസ്തുവിദ്യയും സാംസ്‌കാരിക സ്വത്വവും ഇന്ത്യന്‍ കൈത്തറി-കരകൗശല പാരമ്പര്യത്തിന്റെ വൈവിധ്യവും മനോഹരമായി ഇഴചേര്‍ത്തിരുന്നു.

ഒരു വസ്ത്രം എന്നതിലുപരി ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കലാസൃഷ്ടിയായിരുന്നു അത്. കേരളത്തിന്റെ തനിമയും ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സമ്പന്നതയും ആഗോള സൗന്ദര്യമത്സരത്തിന്റെ വേദിയില്‍ അവതരിപ്പിക്കാന്‍ കെസിയയ്ക്ക് സാധിച്ചു. കേരളത്തിന്റെ പ്രകൃതിയും കലയും വാസ്തുശൈലിയും ജീവിതപാരമ്പര്യവും ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള അവസരമായി ഈ ദേശീയ വേഷം മാറി. സൗന്ദര്യത്തിന്റെ നിര്‍വചനം വ്യക്തിയുടെ രൂപഭംഗിയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സ്വന്തം വേരുകളോടുള്ള ആദരവും സാംസ്‌കാരിക സ്വത്വത്തോടുള്ള പ്രതിബദ്ധതയും അതിന്റെ ഭാഗമാണെന്നും കെസിയയുടെ അവതരണം ഓര്‍മിപ്പിച്ചു.

ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് പ്രാദേശിക പൈതൃകത്തിന് പുതിയ ദൃശ്യപരത നല്‍കുക എന്നതും ഇത്തരം വേദികളുടെ സവിശേഷതയാണ്. കേരളത്തിന്റെ മണ്ണില്‍നിന്നുള്ള ഒരു പെണ്‍കുട്ടി ലോകവേദിയില്‍ സ്വന്തം രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം അവതരിപ്പിക്കുമ്പോള്‍ അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്.

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇതുവരെ മൂന്ന് തവണയാണ് വിശ്വസുന്ദരിപ്പട്ടം ലഭിച്ചിട്ടുള്ളത്. 1994-ല്‍ സുസ്മിത സെന്‍ ഇന്ത്യയുടെ അഭിമാനമായി ആദ്യ കിരീടം സ്വന്തമാക്കി. 2000-ല്‍ ലാറ ദത്തയിലൂടെ ഇന്ത്യ വീണ്ടും ലോകസുന്ദരിപ്പട്ടം നേടി. നീണ്ട ഇടവേളയ്ക്കുശേഷം 2021-ല്‍ ഹര്‍നാസ് സന്ധു മൂന്നാമതും ഇന്ത്യയുടെ പേര് വിശ്വസുന്ദരികളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തു. സുസ്മിത സെന്നിന്റെയും ലാറ ദത്തയുടെയും ഹര്‍നാസ് സന്ധുവിന്റെയും വിജയങ്ങള്‍ ഇന്ത്യന്‍ സൗന്ദര്യമത്സര ചരിത്രത്തിലെ സുവര്‍ണ അധ്യായങ്ങളാണ്. അവരുടെ പാത പിന്തുടര്‍ന്ന് നാലാമത്തെ കിരീടമെന്ന പ്രതീക്ഷയോടെയാണ് കെസിയ ഇത്തവണ മത്സരവേദിയിലെത്തിയത്.

ടോപ് 30-ല്‍ ഇടംനേടിയെങ്കിലും തുടര്‍ന്നുള്ള മത്സരഘട്ടങ്ങളിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. എങ്കിലും ഒരു മലയാളി പെണ്‍കുട്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സര വേദികളിലൊന്നില്‍ എത്തി എന്നത് ചെറിയ നേട്ടമല്ല. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ജെന്നിഫര്‍ ബാരെറ്റോ നല്‍കിയ മറുപടിയും ശ്രദ്ധേയമായി. ഇന്നത്തെ ലോകത്തിന് നേതാക്കളില്‍നിന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് എന്താണെന്ന ചോദ്യത്തിന് സഹാനുഭൂതിയോടെയുള്ള നേതൃത്വമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നായിരുന്നു അവരുടെ മറുപടി. മറ്റുള്ളവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനൊപ്പം സ്വന്തം മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ജനങ്ങളുടെ ശബ്ദം കേള്‍ക്കുകയും ചെയ്യുന്ന നേതൃത്വമാണ് വേണ്ടതെന്ന് കെസിയ വ്യക്തമാക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക