
കേരളത്തിന്റെ ഭാവി സുഗമമാക്കാന്‍ കേരള ജനത ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് ഭരണച്ചുമതല ഏല്പിച്ച കോണ്‍ഗ്രസ്സ് മുന്നണി ഇപ്പോള്‍ ജനഹിതത്തിന് വിപരീതമായ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. സുന്ദരഭരണം കാഴ്ച വയ്ക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചപ്പോഴും പാര്‍ട്ടി നേതാക്കന്മാര്‍ ഓരോരുത്തരായി ടീം യു.ഡി.എഫ്. സര്‍ക്കാരിനെ വെട്ടിലാക്കാനാണ്. പരിശ്രമിക്കുന്നത്.
കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഒരു വമ്പന്‍ ജനകീയ ജനാധിപത്യ വേദിയാണെന്നുള്ള ഒറ്റക്കാരണത്താല്‍ മാത്രം പാര്‍ട്ടിയുടെ അന്തസ്സിനെ വ്യഭിചരിക്കുന്ന ഏര്‍പ്പാടാണ് മുതിര്‍ന്ന നേതാക്കളടക്കം ചെയ്തുകൂട്ടുന്നത്. കഴിഞ്ഞ 10 വര്‍ഷം ഭരിച്ചു കേരളത്തെ കൊള്ളയടിച്ചു മുടിച്ച ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തെയും അതിന്റെ നേതാക്കളുടെ ധൂര്‍ത്തും കൊള്ളയും മറ്റു ജനകീയ പ്രശ്‌നങ്ങളും നിരവധി ചര്‍ച്ച ചെയ്യാന്‍; കുറ്റക്കാരെ ശിക്ഷിക്കുവാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യത്തില്‍ കേരളത്തിലെ നേതാക്കന്മാര്‍ ഓരോ ദിവസവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ അതിന്റെ ഭരണ നേതാക്കന്മാരെയും വെട്ടിലാക്കുന്ന വിലകുറഞ്ഞ പ്രസ്ഥാവനകളുമായി അണിനിരക്കുന്ന കാഴ്ചയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതായിട്ടുള്ളത്.
മൈക്കു കാണുമ്പോള്‍ ഇവര്‍ക്കു ഭ്രാന്തു പിടിക്കുന്നു. ഇക്കൂട്ടര്‍ സ്വയം ദിവസേന കണ്ണാടിയില്‍ നോക്കിയിട്ടു വേണം മാധ്യമങ്ങളുടെ മുന്നില്‍ പ്രതികരിക്കാന്‍. പതിറ്റാണ്ടുകളായി ഒരു വാര്‍ഡു മെമ്പര്‍ പോലുമാകാന്‍ കൂട്ടാകാതെ, സാധിക്കാതെ കഴിയുള്ള അനേകായിരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് ഈ നേതാക്കന്മാര്‍ വൃണപ്പെടുത്തുന്നത്. ജനപ്രതിനിധി ആയെന്നു കരുതി എന്തു തോന്ന്യാസങ്ങളും മൈക്കു കാണുമ്പോള്‍ വിളമ്പരുത്. ഇവിടെ എല്ലാവര്‍ക്കും എല്ലാവരെയും അറിയാം അവരുടെയൊക്കെ സംശുദ്ധിയെപ്പറ്റിയും അറിവുള്ളതാണ്. മറ്റുള്ളവരുടെ കുറ്റങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ മാഞ്ഞു പോകുമെന്നു കരുതി സ്വയം പുണ്യവാളന്മാരാകാന്‍ ആരും ശ്രമിക്കാതിരുന്നാല്‍ നല്ലത്. അല്ലെങ്കില്‍ തമ്മില്‍ ചെളിവാരി എറിയാന്‍ മാത്രമെ സമയം കാണുകയുള്ളൂ.
കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ മുന്‍കൈ എടുക്കണം. മരിക്കുന്നതു വരെ അധികാരം കൈകളില്‍ വക്കാന്‍ തുനിയരുത്. ഇവിടെ വളരെ ഭദ്രമായ നേതൃത്വം കൊടുക്കാന്‍ കഴിവുള്ള യുവനേതൃത്വനിര തന്നെയുണ്ട്. അവര്‍ക്ക് അവസരം നിഷേധിക്കുന്ന നിലപാടിള്‍ നിന്നും പിന്‍തിരിയണം. സ്‌നേഹമാണ് ഉമ്മന്‍ചാണ്ടി ബാക്കിയാക്കി വച്ചിട്ടു പോയത്. കരിവാരി തേക്കലല്ല ഇനിയും മുമ്പോട്ടുള്ള പാര്‍്ട്ടി പ്രവര്‍ത്തനരീതി. ആരു ആദ്യസ്തുതി പാടി, ആരാണു മുമ്പേ പൂവിച്ചു പൂജിച്ചത് ഇതൊന്നും പ്രസക്തമല്ല. കേരളത്തിന്റെ പുരോഗമനം ലക്ഷ്യമാക്കി വികസനം ലക്ഷ്യമാക്കി കാലഹരണപ്പെട്ട ഗ്രൂപ്പു തന്ത്രങ്ങള്‍ ശവപ്പെട്ടിയിലാക്കി കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രസ്ഥാനത്തെ ശിഥിലമാക്കാതെ, ആണുങ്ങളെപ്പോലെ കേരളത്തില്‍ ഇരുന്നു തീരുമാനങ്ങളെടുത്ത് എല്ലാവരെയും ചേര്‍ത്തുപിടിച്ചു ഭരണം നയിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കൂ: ഇതു ജനങ്ങളുടെ അപേക്ഷയാണ്.
ജയ് ഹിന്ദ്.