Image

ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പ്; പി.ടി ഉഷ മത്സരിക്കില്ല

Published on 24 November, 2026
ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പ്; പി.ടി ഉഷ മത്സരിക്കില്ല

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് പി.ടി.ഉഷ വീണ്ടും മത്സരിക്കുന്നില്ല. ഡിസംബർ അഞ്ചിനു നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകുവാനുള്ള സമയം ഇന്നു വൈകുന്നേരം 4.30 ന് അവസാനിച്ചു.

നിലവിലെ വൈസ് പ്രസിഡൻ്റ്, ഒളിംപിക് ഷൂട്ടിങ് വെങ്കല മെഡൽ ജേതാവ് ഗഗൻ നാരങ് ആണ് കായിക താരങ്ങളിൽ നിന്ന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുക. 2014 മുതൽ 22 വരെ സെക്രട്ടറി ജനറൽ ആയിരുന്ന രാജീവ് മേത്തയാണ് പ്രധാന എതിരാളി.വിരേന്ദ്രകുമാർ സച്ദേവാണ് മൂന്നാമത്തെ സ്ഥാനാർഥി.

വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് (വനിതാ വിഭാഗം) അഞ്ജു ബോബി ജോർജ് മൽസരിക്കുന്നു. സ്പോർട്സ് പേഴ്സൻസ് ഓഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് വിഭാഗം തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് അഞ്ജുവിനായിരുന്നു.

ട്രഷറർ സ്ഥാനത്തേക്ക് കമലേഷ് മേത്തയ്ക്ക് എതിരില്ല.

ജോ. സെക്രട്ടറിയാകാൻ, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ മുൻ പ്രസിഡൻ്റ് രാജാ രൺധീർ സിങ്ങിൻ്റെ പുത്രി സുനൈന കുമാരി മത്സരിക്കുന്നു.

കേരളത്തിൽ നിന്ന് അഞ്ജുവിനു പുറമെ നീന്തൽ താരം സാജൻ പ്രകാശിനും വോട്ടുണ്ട്.

30 കായിക സംഘടനകൾക്ക് ആണ് വോട്ടവകാശം.ഓരോ സംഘടനയിൽ നിന്ന് ഒരു പുരുഷനും ഒരു വനിതയ്ക്കുമാണ് വോട്ട്.2022 ൽ 35 സംഘടനകൾക്ക് വോട്ടുണ്ടായിരുന്നു. സമീപകാലത്ത് രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യക്ക് ഏറ്റവും അധികം നേട്ടം ഉണ്ടാക്കിയ ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെ ചില പ്രമുഖ സംഘടനകൾക്ക് വോട്ടില്ല. ഹാൻഡ്ബോളിൽ രാജ്യാന്തര ഫെഡറേഷൻ അംഗീകരിച്ച സംഘടനയ്ക്കല്ല ഐ.ഒ.എ.അംഗീകാരം. പി. ടി ഉഷയെ നാമനിർദേശം ചെയ്ത ഐസ് ഹോക്കി അസോസിയേഷന് കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിൻ്റെ അംഗീകാരമില്ലെന്നാണ് മനസ്സിലാകുന്നത്. ഐ.ഒ.സി.പ്രതിനിധി നിത അംബാനി  ഉൾപ്പെടെ 71 വോട്ടർമാർ.

ഐ.ഒ.എ.യുടെ പ്രഥമ വനിതാ പ്രസിഡൻ്റായ ഉഷയുടെ കാലാവധി ഡിസംബർ അഞ്ചിന് അവസാനിക്കും.ഗഗൻ നാരങ്ങിനായിരിക്കും ഇത്തവണ ബി.ജെ.പി പിന്തുണ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക