Image

മിനസോട്ട സ്റ്റേറ്റ് സെനറ്റിലേക്ക് മലയാളിയായ ഡോ. ക്രിഷ് സുബ്രഹ്മണ്യൻ വിജയിച്ചു

Published on 24 November, 2026
മിനസോട്ട സ്റ്റേറ്റ് സെനറ്റിലേക്ക് മലയാളിയായ  ഡോ. ക്രിഷ് സുബ്രഹ്മണ്യൻ   വിജയിച്ചു

സെനറ്റ്  ഡിസ്ട്രിക്ട് 49-ൽ നിന്ന് ഡെമോക്രാറ്റിക്–ഫാർമർ–ലേബർ പാർട്ടി സ്ഥാനാർഥിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ അമ്മ ഇന്ദിരാദേവിയുടെ കുടുംബവീട് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ ചേറുവള്ളി ഇല്ലമാണ്. പിതാവിന്റെ കുടുംബവേരുകൾ കോഴിക്കോട് ജില്ലയിലുമാണ്.

കുടുംബത്തിന്റെ അമേരിക്കൻ ജീവിതത്തിന് തുടക്കമായത് 1958-ലാണ്. അദ്ദേഹത്തിന്റെ ബന്ധുവായ നവനീത് വാസുദേവന്റെ പിതാവ് സി.എൻ.വി. നമ്പൂതിരി മാവേലിക്കരയിലെ ചേറുവള്ളി ഇല്ലത്തുനിന്ന് അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് ഇന്ദിരാദേവി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും അമേരിക്കയിലെത്തി .

ഭാര്യ ശ്വേത വിജയകുമാറിന്റെ കുടുംബവേരുകൾ പാലക്കാടാണ്.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടി.

കരിയറിന്റെ തുടക്കത്തിൽ സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ശിശുരോഗ വിദഗ്ധനായി കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മിനസോട്ട സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ അസിസ്റ്റന്റ് പ്രൊഫസറായും ഹെന്നെപിൻ കൗണ്ടിയുടെ  ചീഫ് മെഡിക്കൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കൻ എയർ നാഷണൽ ഗാർഡിൽ ഫ്ലൈറ്റ് സർജനായും സേവനമനുഷ്ഠിച്ച അദ്ദേഹം മിഡിൽ ഈസ്റ്റിലെ സൈനിക വിന്യാസത്തിലും പങ്കെടുത്തിട്ടുണ്ട്.

2008-ലെ ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിച്ചാണ് ക്രിഷ് രാഷ്ട്രീയരംഗത്തും സജീവമായത്.

കുട്ടികളുടെയും കുടുംബങ്ങളുടെയും ക്ഷേമം, എല്ലാവർക്കും ലഭ്യമായ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, ശുദ്ധജലം, ഉത്തരവാദിത്തമുള്ള ഭരണസംവിധാനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുപ്രവർത്തന മുൻഗണനകൾ.

അമേരിക്കയിൽ വളർന്നെങ്കിലും കേരളവുമായുള്ള ബന്ധം ക്രിഷ് നിലനിർത്തി. അവധിക്കാലങ്ങളിൽ അമ്മയുടെ കുടുംബവീടായ മാവേലിക്കരയിലെ ചേറുവള്ളി ഇല്ലം സന്ദർശിക്കാറുണ്ടായിരുന്നു.

കടപ്പാട് — എന്റെ പത്തനംതിട്ട
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക