
പാപ്പായ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നു (VATICAN MEDIA)
ലോക ദരിദ്രദിനാചരണത്തിന്റെ ഭാഗമായി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ 1,300-ഓളം വരുന്ന പാവപ്പെട്ടവർക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ ഉച്ചഭക്ഷണം കഴിച്ചു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ത്രികാലജപ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പാപ്പാ ശാലയിലെത്തിയത്.
2017-ൽ ഫ്രാൻസിസ് പാപ്പാ തുടക്കമിട്ട ഈ പാരമ്പര്യം തുടർന്നുകൊണ്ട് എത്തിയ ലിയോ പതിനാലാമൻ പാപ്പായെ കുട്ടികളും കുടുംബങ്ങളും സന്നദ്ധപ്രവർത്തകരും എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് സ്വീകരിച്ചത്. ഹൃദ്യമായ സ്വാഗതത്തിന് നന്ദി പറഞ്ഞ പാപ്പാ, സന്നിഹിതരായവരോടായി "ഇന്ന് നാമെല്ലാവരും ഒരു കുടുംബമാണ്" എന്ന് പ്രഖ്യാപിച്ചു.
ഉപവിപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് മോൺസിഞ്ഞോർ ലൂയിസ് മരീൻ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലും ഇറ്റാലിയൻ റെഡ് ക്രോസിലെ 400-ലധികം സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെയുമാണ് ഈ വിരുന്ന് ഒരുക്കിയത്. ഭക്ഷണത്തിന് മുൻപ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പാപ്പാ, എല്ലാവർക്കും അവരവരുടെ ജീവിതാവശ്യങ്ങൾ നിറവേറാനും, കുടുംബങ്ങളിൽ സമാധാനവും ഐക്യവും ഉണ്ടാകാനും പ്രാർത്ഥിച്ചു. തുടർന്ന് അതിഥികൾക്കും മോൺസിഞ്ഞോർ സാൻ മാർട്ടിനുമൊപ്പം ഒരേ മേശയിലിരുന്ന് പാപ്പാ ഭക്ഷണം കഴിച്ചു.
ഇറ്റാലിയൻ പൈതൃകത്തിലുള്ള വിഭവസമൃദ്ധമായ ഭക്ഷണത്തോടൊപ്പം ഇറ്റാലിയൻ റെഡ് ക്രോസ് ബാൻഡിന്റെ സംഗീത വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. സഭ എല്ലാവരെയും ഉൾക്കൊള്ളുന്നതും കരുതലുള്ളതുമായ ദൈവകുടുംബമാണെന്നതിന്റെ അടയാളമാണ് ഈ കൂടിച്ചേരലെന്ന് മോൺസിഞ്ഞോർ ലൂയിസ് മരീൻ ദി സാൻ മാർട്ടിൻ അഭിപ്രായപ്പെട്ടു. കാരിത്താസ്, സന്ത് എജിദിയോ സമൂഹം, ചെന്ത്രോ അസ്താല്ലി തുടങ്ങി വിവിധ ജീവകാരുണ്യ സംഘടനകളുടെ കീഴിലുള്ളവരും ചടങ്ങിൽ പങ്കെടുത്തു.
പാപ്പായുടെ മേശയിലുണ്ടായിരുന്ന മാസിമോ വലന്തീനി പാപ്പായുമായി ടെന്നീസിനെക്കുറിച്ചും റോമ ഫുട്ബോൾ ടീമിനെക്കുറിച്ചും സൗഹൃദസംഭാഷണം നടത്തി. എക്വഡോറിൽ നിന്നുള്ള അലസ്സിയ എന്ന പതിനേഴുകാരിക്കും കാൻസർ രോഗിയായ അമ്മയ്ക്കൊപ്പമെത്തിയ മൂന്നുവയസ്സുകാരി സലോമെയ്ക്കും പാപ്പായെ നേരിൽ കാണാൻ സാധിച്ചത് വലിയ സന്തോഷം പകരുന്ന നിമിഷങ്ങളായി.
ഭക്ഷണം അവസാനിച്ച് മടങ്ങുന്നതിന് മുൻപ് സംഘാടകർക്കും സന്നദ്ധപ്രവർത്തകർക്കും പാപ്പാ നന്ദി അറിയിച്ചു. "ഇത്തരം കൂടിച്ചേരലുകൾ നാം ഒരിക്കലും ഒറ്റയ്ക്കല്ലെന്നും, ജീവിതയാത്ര പങ്കുവെക്കാൻ എപ്പോഴും കൂടെ ആളുകളുണ്ടാകുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു" എന്ന് പാപ്പാ പറഞ്ഞു. യേശുക്രിസ്തുവിൽ ഒന്നിച്ച് സൗഹൃദത്തിലും പരസ്പര സഹകരണത്തിലും മുന്നോട്ട് പോകാൻ അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു. ചടങ്ങിന് ശേഷം മടങ്ങുമ്പോൾ അതിഥികൾക്കെല്ലാം ഒരു ചെറിയ സ്നേഹസമ്മാനപ്പൊതിയും നൽകി.