Image

'നിങ്ങൾ കഷണങ്ങളായി വെട്ടിനുറുക്കിയാലും ഞാൻ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കില്ല'; ലിബിയയിൽ ഭീകരർ കൊലപ്പെടുത്തിയ ഇരുപതുകാരൻ ഡീക്കൻ മിലാദ് മലാക്കിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

Published on 23 November, 2026
'നിങ്ങൾ   കഷണങ്ങളായി വെട്ടിനുറുക്കിയാലും ഞാൻ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കില്ല'; ലിബിയയിൽ ഭീകരർ കൊലപ്പെടുത്തിയ  ഇരുപതുകാരൻ ഡീക്കൻ മിലാദ് മലാക്കിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

 

 സ്ലിറ്റെൻ: ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ലിബിയയിലെ സ്ലിറ്റെനിൽ   സായുധ സംഘത്തിന്റെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരനായ ഈജിപ്ഷ്യൻ കോപ്റ്റിക് ഡീക്കൻ മിലാദ് മലാക്കിന് ജന്മനാട്ടിൽ കണ്ണീരോടെ അന്ത്യയാത്ര. നയതന്ത്ര ഇടപെടലുകളെത്തുടർന്ന് ഈജിപ്തിലേക്ക് എത്തിച്ച മൃതദേഹം വടക്കൻ ഗാർബിയ ഗവർണറേറ്റിലെ സബർബേ ഗ്രാമത്തിലുള്ള സെന്റ് മൈക്കിൾ പള്ളിയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിച്ചു.

തൊഴിൽ തേടി ലിബിയയിലേക്ക് പോയ മിലാദ് മലാക്കിനെയും രണ്ട് സുഹൃത്തുക്കളെയും ഒക്ടോബർ നാലിനാണ് സ്ലിറ്റെൻ തീരദേശ നഗരത്തിൽ വെച്ച് ഭീകരസംഘടനയായ ഐ.എസ് (ISIS) പ്രവർത്തകർ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം നൽകിയതിനെത്തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ വിട്ടയച്ചെങ്കിലും, സംഘത്തിലെ ഏക ക്രിസ്ത്യാനിയായ മിലാദിനെ ഇസ്‌ലാം മതം സ്വീകരിക്കാൻ  ഭീകരർ നിർബന്ധിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. "എന്നെ കഷണങ്ങളായി വെട്ടിനുറുക്കിയാലും ഞാൻ എന്റെ വിശ്വാസം ഉപേക്ഷിക്കില്ല" എന്ന ഉറച്ച നിലപാടിൽ നിന്ന മിലാദിനെ ഭീകരർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ-ക്രൈസ്തവ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്റ്റോബർ നാലിനാണ് മിലാദ് അദ്ദേഹത്തിന്‍റെ കുടുംബവുമായി അവസാനമായി സംസാരിച്ചത്. ഐസിസ് ഭീകരരിൽ നിന്നു മോചിതരായ മിലാദിന്‍റെ മുസ്ലിം സുഹൃത്തുക്കളാണ് മിലാദിന്‍റെ കുടുംബത്തെ വിവരങ്ങൾ അറിയിച്ചത്.

മിലാദിന്റെ മരണവാർത്ത അറിഞ്ഞ കുടുംബം ഈജിപ്ഷ്യൻ സർക്കാരിന്റെ സഹായം തേടുകയും, തുടർന്നുണ്ടായ നയതന്ത്ര ഇടപെടലുകളിലൂടെ ആഴ്ചകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുകയുമായിരുന്നു. സബർബേയിലെ കോപ്റ്റിക് പള്ളിയിൽ ഡീക്കനായി സേവനമനുഷ്ഠിച്ചിരുന്ന മിലാദിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ബന്ധുക്കളും വിശ്വാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

2015ൽ ലിബിയൻ കടൽത്തീരത്തു വച്ച് 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ യുവാക്കളെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തതിനു ഐസിസ് ഭീകരർ ശിരച്ഛേദം ചെയ്ത സംഭവത്തെ ഓർമിപ്പിക്കുന്നതായി മിലാദിന്‍റെ രക്തസാക്ഷിത്വം. ഓപ്പൺ ഡോർസ് പ്രസിദ്ധീകരിക്കുന്ന വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ക്രൈസ്തവർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് ലിബിയ. ഇവിടെ ജനസംഖ്യയുടെ ഏകദേശം 0.5 ശതമാനം മാത്രമാണ്ക്രൈസ്തവ വിശ്വാസികൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക