Image

ദൈവത്തെ കാണാൻ പോയൊരാൾ...(കഥ: നൈന മണ്ണഞ്ചേരി)

Published on 23 November, 2026
ദൈവത്തെ കാണാൻ പോയൊരാൾ...(കഥ: നൈന മണ്ണഞ്ചേരി)

ഉച്ചയായപ്പോഴേക്കും ആകാശം ഇരുണ്ടുതുടങ്ങിയിരുന്നു. തുലാവർഷമേഘങ്ങൾ എപ്പോൾ വേണമെങ്കിലും പെയ്തിറങ്ങാം. വീട്ടിൽനിന്നിറങ്ങുമ്പോൾ മഴക്കാറില്ലാതിരുന്നതുകൊണ്ട് കുടയെടുത്തിരുന്നില്ല. കുട്ടനാടൻ പാടശേഖരങ്ങൾക്കിടയിലൂടെ ബസ് വേഗത്തിൽ മുന്നോട്ടു കുതിക്കുമ്പോഴും എന്റെ മനസ്സ് കഴിഞ്ഞ ദിവസങ്ങളിലെ ഓർമ്മകളിൽത്തന്നെ തങ്ങിനിന്നു.രണ്ടുമണിക്ക് ജയിംസേട്ടന്റെ  വീട്ടിലെത്തണം. രണ്ടുമണിക്ക് വീട്ടിൽ പ്രാർത്ഥന തുടങ്ങും. അതിനുശേഷം പള്ളിയിലേക്ക്  കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.

ജയിംസേട്ടൻ ഇനി ഇല്ലെന്ന സത്യം മനസ്സ് അപ്പോഴും പൂർണ്ണമായി അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ ഐ.സി.യുവിൽ കിടക്കുന്ന അദ്ദേഹത്തെ അവസാനമായി കണ്ടത്. ഗ്ലാസിനപ്പുറത്തുനിന്ന് ആംഗ്യഭാഷയിൽ പത്തുമിനിറ്റോളം സംസാരിച്ചു. അനുവദിച്ച സമയം കഴിഞ്ഞപ്പോൾ കൈവീശി യാത്ര പറഞ്ഞിറങ്ങി. അടുത്ത ദിവസം വാർഡിലേക്കു മാറ്റുമെന്നായിരുന്നു അപ്പോൾ പറഞ്ഞിരുന്നത്.

അതുകൊണ്ടുതന്നെ മനസ്സിൽ പ്രതീക്ഷയുണ്ടായിരുന്നു. മുമ്പും പലതവണ ആശുപത്രിയിൽ കിടന്നിട്ട് തിരിച്ചുവന്നിട്ടുള്ളതല്ലേ? ഇത്തവണയും പഴയ പ്രസരിപ്പോടെ ജയിംസേട്ടൻ തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, ചില തിരിച്ചുവരവുകൾക്കായി കാത്തിരിക്കുന്നവരെ വിധി നിരാശപ്പെടുത്തും.

മൂന്നോ നാലോ വർഷത്തെ പരിചയമേ ഞങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ. എന്നാൽ അത്രയും ചെറിയ കാലയളവുകൊണ്ട് ഒരാൾക്ക് മറ്റൊരാളുടെ മനസ്സിൽ ഇത്ര ആഴത്തിൽ ഇടംപിടിക്കാനാകുമെന്ന് ജയിംസേട്ടനിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. നാട്ടിലെ ലേബർ  ഓഫീസിലേക്ക് സ്ഥലം മാറി  എത്തുമ്പോൾ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന ആളെ പ്രത്യേകം ഞാൻ ശ്രദ്ധിച്ചു. . ചുറ്റുമുള്ളവരിലേക്ക് ചിരി പകരാൻ പ്രത്യേക കഴിവുള്ള ഒരാൾ. സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ ജയിംസ് ചേട്ടനോടുള്ള താൽപര്യം ഒന്നുകൂടി വർദ്ധിച്ചു.

അങ്ങനെയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. എന്റെ മനസ്സിൽ സിനിമയാക്കണമെന്ന ആഗ്രഹത്തോടെ സൂക്ഷിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു. അത് സിനിമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളെ ഏൽപ്പിച്ചതും അയാൾ എന്നെ വഞ്ചിച്ചതുമൊക്കെ ഒരിക്കൽ ജയിംസേട്ടനോട് പറഞ്ഞു. പണനഷ്ടത്തേക്കാൾ എന്നെ വേദനിപ്പിച്ചത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം തകർന്നുപോയതായിരുന്നു. ഞാൻ പറഞ്ഞതെല്ലാം അദ്ദേഹം വളരെ താൽപര്യത്തോടെ കേട്ടിരുന്നു.

ഒരു ദിവസം ജയിംസേട്ടൻ ചോദിച്ചു:

"നമുക്കൊന്ന് അയാളെ കാണാൻ പോയാലോ?"

അമ്പരപ്പോടെ ഞാൻ അദ്ദേഹത്തെ നോക്കി.

‘’ഇവിടെ അടുത്താണെന്നല്ലേ പറഞ്ഞത്? നമുക്കൊന്ന് പോയി സംസാരിക്കാം."

പോയ പണവും നഷ്ടപ്പെട്ട പ്രതീക്ഷകളും മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ വിഷയം വീണ്ടും സംസാരിക്കാൻ പോലും ആഗ്രഹിച്ചില്ല.

"വേണ്ട, ജയിംസേട്ടാ. ഇനി അതൊന്നും കുത്തിപ്പൊക്കേണ്ട. പോയത് പോയി."

എന്റെ വാക്കുകളിലെ ദുഃഖം തിരിച്ചറിഞ്ഞിട്ടും അദ്ദേഹം പിന്മാറിയില്ല.

"നിങ്ങൾ എന്റെ കൂടെ വന്നാൽ മാത്രം മതി. ബാക്കിയെല്ലാം ഞാൻ നോക്കിക്കൊള്ളാം."

ആ വാക്കുകളിൽ ഒരു സുഹൃത്തിന്റെ ആത്മാർത്ഥതയുണ്ടായിരുന്നു. തകർന്നുപോയ എന്റെ സ്വപ്നത്തെക്കുറിച്ച് എനിക്കില്ലാതിരുന്ന പ്രതീക്ഷ ചേട്ടനുണ്ടായിരുന്നു...

ഒടുവിൽ ഞാൻ സമ്മതിച്ചു.അങ്ങനെയാണ് ഞങ്ങൾ സംവിധായകനെ തേടിയിറങ്ങിയത്. അയാൾ പോസ്റ്റ് ഓഫീസിലെ ജീവനക്കാരനാണെന്നായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് ആദ്യം അവിടേക്കാണ് പോയത്. ഞങ്ങളുടെ അന്വേഷണം കേട്ട പോസ്റ്റ്മാസ്റ്റർ തലയുയർത്തി നോക്കി.

"ഞങ്ങളും അയാളെ തിരക്കിക്കൊണ്ടിരിക്കുകയാണ്. കുറെ നാളായി ഇങ്ങോട്ട് വന്നിട്ട്. ഇവിടത്തെ താൽക്കാലിക ജീവനക്കാരനായിരുന്നു. എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം നാട്ടിൽനിന്ന് മുങ്ങിയതാണെന്നാണ് അറിഞ്ഞത്."
       
ആ മറുപടി ഞങ്ങളുടെ അവസാന പ്രതീക്ഷയും തകർത്തു.

നിരാശയോടെ പോസ്റ്റ് ഓഫീസിന്റെ പടികളിറങ്ങുമ്പോൾ ജയിംസേട്ടൻ എന്നെ ആശ്വസിപ്പിച്ചു.

"നമുക്ക് എങ്ങനെയെങ്കിലും അയാളെ കണ്ടുപിടിക്കാം."

എന്റെ കൈയിൽ സിനിമയുടെ എഡിറ്ററുടെ  നമ്പരുണ്ടായിരുന്നു.  അങ്ങനെയാണ് അയാളെ  ബന്ധപ്പെടുന്നത്. പിന്നീട് ജയിംസേട്ടന്റെ നിർബന്ധവും പ്രോത്സാഹനവും കാരണം പലതവണ അദ്ദേഹത്തെ നേരിൽക്കണ്ടു. ചിത്രീകരിച്ചിരുന്ന ഭാഗങ്ങളും ബാക്കിയുള്ള കഥയുടെ നരേഷനും ചേർത്ത് ഒടുവിൽ അതൊരു ഷോർട്ട് ഫിലിമായി പുറത്തിറക്കി.

സിനിമയായി കാണണമെന്നു കൊതിച്ച എന്റെ കഥ അങ്ങനെ മറ്റൊരു രൂപത്തിൽ പ്രേക്ഷകരിലേക്കെത്തി. ആദ്യമായി ആ ഷോർട്ട് ഫിലിം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. നഷ്ടപ്പെട്ടുവെന്നു കരുതിയ സ്വപ്നത്തിന്റെ ഒരു ഭാഗമെങ്കിലും യാഥാർത്ഥ്യമായിരിക്കുന്നു.

"ഈ ജയിംസേട്ടൻ ഒരു കാര്യം വിചാരിച്ചാൽ അതു നടത്തിയിരിക്കും!"

ചേട്ടൻ എന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

ആ നിമിഷം എനിക്ക് ചേട്ടനോടുള്ള സ്നേഹവും കടപ്പാടും വാക്കുകൾക്കതീതമായിരുന്നു. ശരിയാണ്, ജയിംസേട്ടൻ കൂടെയില്ലായിരുന്നെങ്കിൽ ആ കഥ ഒരിക്കലും വെളിച്ചം കാണുമായിരുന്നില്ല.

"നമ്മൾ നേരത്തേ പരിചയപ്പെടേണ്ടതായിരുന്നു. എങ്കിൽ നിങ്ങൾ ഈ വെട്ടിൽ പോയി വീഴില്ലായിരുന്നു."

ചേട്ടൻ തമാശയായി പറഞ്ഞപ്പോൾ ഞാനും ചിരിച്ചു.

"എന്തു ചെയ്യാനാ, ജയിംസേട്ടാ? ഇപ്പോഴെങ്കിലും ദൈവം നമ്മളെ സുഹൃത്തുക്കളാക്കിയല്ലോ. അതിൽ സന്തോഷിക്കാം."

ചില സൗഹൃദങ്ങൾ അങ്ങനെയാണ്. കാലത്തിന്റെ ദൈർഘ്യമല്ല, ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പമാണ് അവയുടെ ആഴം നിശ്ചയിക്കുന്നത്. ഞങ്ങളെ തമ്മിൽ കൂട്ടിയിണക്കിയത് ദൈവം തന്നെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അടുത്ത മൂന്നുനാലു വർഷങ്ങൾ ഞങ്ങളുടെ സൗഹൃദത്തിന്റെ മനോഹരമായ കാലമായിരുന്നു.

ഞാനെഴുതിയ നിരവധി കഥാപാത്രങ്ങൾക്ക് ജയിംസേട്ടൻ ജീവൻ നൽകി. ചെറിയ വേഷങ്ങളാണെങ്കിലും അവയെല്ലാം അദ്ദേഹം ആത്മാർത്ഥതയോടെ അവതരിപ്പിച്ചു. അഭിനയത്തിലൂടെ അദ്ദേഹത്തിന് പല അംഗീകാരങ്ങളും ലഭിച്ചു. ഓരോ അംഗീകാരം ലഭിക്കുമ്പോഴും ജയിംസേട്ടന്റെ മുഖത്ത് വിരിയുന്ന സന്തോഷം കാണേണ്ടതു തന്നെയായിരുന്നു. വലിയൊരു പുരസ്കാരം ലഭിച്ച കുട്ടിയുടെ നിഷ്കളങ്കതയോടെ അദ്ദേഹം ആ സന്തോഷം പങ്കുവെക്കും. ഫെയ്സ്ബുക്കിലും ഓഫീസ് ഗ്രൂപ്പിലുമൊക്കെ ആ വാർത്ത പങ്കുവെച്ച് സുഹൃത്തുക്കളുടെ അഭിനന്ദനങ്ങളും ലൈക്കുകളും നോക്കിയിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ എനിക്കും സന്തോഷം തോന്നും.

അംഗീകാരങ്ങൾക്കുവേണ്ടി വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാത്ത, ചെറിയ സന്തോഷങ്ങളെപ്പോലും ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്ന ഒരു സാധാരണ മനുഷ്യൻ.അദ്ദേഹത്തിന്റെ അഭിനയ മികവിനേക്കാൾ എന്നെ ആകർഷിച്ചത് ആ മനസ്സായിരുന്നു. എന്റെ കഥകളിലെ കഥാപാത്രങ്ങളിലൂടെ ചേട്ടൻ വളരുമ്പോൾ, ആ സൗഹൃദത്തിലൂടെ ഞാനും പുതിയൊരു ആത്മവിശ്വാസം കണ്ടെത്തുകയായിരുന്നു.

ഒരു എഴുത്തുകാരന് തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരുപാട് അഭിനേതാക്കളെ ലഭിച്ചേക്കാം. എന്നാൽ തന്റെ സ്വപ്നങ്ങൾക്കുവേണ്ടി കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെ ലഭിക്കുക എന്നത് അത്ര സാധാരണമല്ല. ജയിംസേട്ടൻ എനിക്ക് അങ്ങനെയൊരു സുഹൃത്തായിരുന്നു.

ഇടയ്ക്കിടെ ഓഫീസിൽ അദ്ദേഹത്തെ കാണാതാകുമ്പോഴാണ് പതിവായി അലട്ടിയിരുന്ന ശ്വാസംമുട്ടലിന്റെ ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലാണെന്ന് അറിയുന്നത്. കാണാൻ ചെല്ലുമ്പോൾ വലിയ അസ്വസ്ഥതകൾക്കിടയിലും എന്നെ കാണുന്നതിലുള്ള സന്തോഷം ആ മുഖത്ത് തെളിഞ്ഞുനിൽക്കും.

"നിങ്ങൾ ഇത്രയും ദൂരം വന്നല്ലോ! അവന്മാരൊക്കെ വരാമെന്നു പറഞ്ഞിട്ട് കണ്ടില്ല."

ചില സുഹൃത്തുക്കളെ വിവരം അറിഞ്ഞിട്ടും കാണാൻ വരാത്തതിലുള്ള സങ്കടം പങ്കുവെക്കും. സ്വതവേ വെളുത്ത ആ മുഖം സങ്കടംകൊണ്ട് ചുവക്കുന്നതു കാണുമ്പോൾ എനിക്ക് വേദന തോന്നും. അപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയത് സ്വന്തം വേദനകളേക്കാൾ മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിനും സ്നേഹത്തിനും ചേട്ടൻ നൽകിയിരുന്ന വിലയായിരുന്നു.

ചേട്ടനോടും ആൻസമ്മയോടും മകനോടും യാത്രപറഞ്ഞ്  ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ  ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കും.

"എപ്പോഴും പ്രാർത്ഥിക്കണം. പള്ളിയിൽ പോകുമ്പോൾ നിങ്ങളുടെ ദൈവത്തോടും പറയണം."

അതു പറയുമ്പോൾ ആ മുഖത്ത് പ്രതീക്ഷയുടെ നേർത്തൊരു വെളിച്ചമുണ്ടാകും.

എത്രയും വേഗം അസുഖം മാറി ജയിംസേട്ടൻ തിരിച്ചുവരണമെന്ന്. ആശുപത്രിയിൽനിന്ന് വീട്ടിലേക്കു മടങ്ങുമ്പോഴെല്ലാം ചേട്ടൻ പറയാതെ തന്നെ ഞാൻ പ്രാർത്ഥിക്കുമായിരുന്നു , പഴയ പ്രസരിപ്പോടെ ഓഫീസിൽ തിരിച്ചെത്തുന്ന ജയിംസേട്ടൻ., തമാശകൾ പറഞ്ഞും ചിരിച്ചും വീണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവനാകുന്ന ജയിംസേട്ടൻ…എപ്പോഴും ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും അതിനായാണ്.

ഞങ്ങൾ രണ്ടുപേരും ജോലിയിൽനിന്ന് വിരമിച്ച ശേഷവും ആ സൗഹൃദം തുടർന്നു. ഔദ്യോഗിക ബന്ധങ്ങളുടെ അതിരുകൾക്കപ്പുറത്തേക്ക് വളർന്ന ഞങ്ങളുടെ അടുപ്പത്തെ നിലനിർത്തിയത് കലയോടുള്ള സ്നേഹവും പരസ്പരമുള്ള ആത്മാർഥതയുമായിരുന്നു.

കാലം ഞങ്ങളെ ഓഫീസിൽനിന്ന് അകറ്റിയെങ്കിലും ഹൃദയങ്ങൾ തമ്മിലുള്ള അകലം കൂട്ടിയില്ല. അതു കൊണ്ടുതന്നെ, ഇനിയുമൊരുപാട് കാലം ആ സൗഹൃദം തുടരുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, ജീവിതം ചിലപ്പോഴൊക്കെ നമ്മളോട് ആലോചിക്കാതെ ചില തീരുമാനങ്ങളെടുക്കും.

ഒരു ദിവസം ഓഫീസ് ഗ്രൂപ്പിൽ പുഞ്ചിരിച്ചു നിൽക്കുന്ന ജയിംസേട്ടന്റെ ചിത്രം.കണ്ടപ്പോൾ ഇടയ്ക്കിടെ കാണാറുള്ളതു പോലെ  വല്ല അവാർഡും കിട്ടിയ വാർത്തയാകുമെന്നാണ് ആദ്യം വിചാരിച്ചത്.

ആ ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ മരണവാർത്ത. വായിച്ചപ്പോൾ ഒരു നിമിഷം തരിച്ചിരുന്നു പോയി. ഞാൻ കുറച്ചുനേരം അതിലേക്കുതന്നെ നോക്കിയിരുന്നു. ഇല്ല, അത് വിശ്വസിക്കാൻ കഴിയില്ല. ഇത്രയും പെട്ടെന്ന് ജയിംസേട്ടൻ ഞങ്ങളെ വിട്ടുപോകുമോ? ഇനി ആ ചിരി കാണാൻ കഴിയില്ലേ? ഒരു കഥയിലെ കഥാപാത്രത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കാൻ, പുതിയൊരു വേഷത്തെക്കുറിച്ച് സന്തോഷം പങ്കുവെക്കാൻ, വെറുതെയൊരു തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ ഇനി ചേട്ടൻ ഉണ്ടാവില്ലേ?

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ.

കുട്ടനാടൻ പാടശേഖരങ്ങൾക്കിടയിലൂടെ ബസ് നീങ്ങുമ്പോഴും മനസ്സ് പഴയ ഓർമകളിൽനിന്ന് മുക്തമായില്ല. മഴ പെയ്യാൻ തുടങ്ങുന്ന ആ വൈകുന്നേരം കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽനിന്ന് പുറത്തിറങ്ങുമ്പോഴും അച്ചൻ പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

"ജയിംസ്കുട്ടി ഇത്രയും നാൾ നമ്മളെ സന്തോഷിപ്പിച്ചു. ഇനി ദൈവത്തെ സന്തോഷിപ്പിക്കാൻ യാത്രയാവുകയാണ്."

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ മനസ്സ് വീണ്ടും വിങ്ങി.

ജയിംസേട്ടൻ ഒരു ജീവിതകാലം മുഴുവൻ ചിരിച്ചും ചിരിപ്പിച്ചും നടന്ന മനുഷ്യനായിരുന്നു. സ്വന്തം വേദനകൾക്കിടയിലും മറ്റുള്ളവരുടെ സന്തോഷത്തിനായി സമയം കണ്ടെത്തിയ മനുഷ്യൻ. ഒരാളുടെ തകർന്നുപോയ സ്വപ്നത്തെ വീണ്ടും ചേർത്തുപിടിക്കാൻ സ്വന്തം സമയം ചെലവഴിച്ച മനുഷ്യൻ.

എന്റെ ഒരു കഥ സിനിമയാകണമെന്ന ആഗ്രഹത്തെ അദ്ദേഹം തന്റെകൂടി സ്വപ്നമാക്കി മാറ്റിയില്ലേ? എനിക്കു നഷ്ടപ്പെട്ടുവെന്നു തോന്നിയ പ്രതീക്ഷയുടെ കൈപിടിച്ച് എന്നെ വീണ്ടും മുന്നോട്ടു നടത്തിയത് ചേട്ടനായിരുന്നില്ലേ?

ഇന്ന് ആ മനുഷ്യൻ ഓർമയായിരിക്കുന്നു. എങ്കിലും, ചിലർ ജീവിതത്തിൽനിന്ന് മാഞ്ഞുപോകുമ്പോഴും അവരുടെ സ്നേഹം മായുന്നില്ല. അവർ പകർന്നു തന്ന ചിരിയും പ്രതീക്ഷയും സൗഹൃദവും നമ്മളിൽ ജീവിച്ചുകൊണ്ടിരിക്കും.

ജയിംസേട്ടാ, നിങ്ങൾ അഭിനയിച്ച കഥാപാത്രങ്ങൾക്കപ്പുറത്ത്, എന്റെ ജീവിതത്തിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്. എന്റെ ഒരു സ്വപ്നത്തിന് വീണ്ടും ജീവൻ നൽകിയ സുഹൃത്തെന്ന നിലയിൽ, പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ കൂടെ നിന്ന മനുഷ്യനെന്ന നിലയിൽ, ആ സ്ഥാനം എന്നും നിലനിൽക്കും. നിങ്ങളോടൊപ്പമുള്ള ആ മൂന്നുനാലു വർഷങ്ങൾ  ഒരിക്കലും മറക്കാനാവില്ല.

ഒരുപക്ഷേ, ഇനി ഞാൻ എഴുതുന്ന ഏതെങ്കിലും കഥയിലെ ഒരു കഥാപാത്രത്തിന് നിങ്ങളുടെ മുഖമായിരിക്കും. അതിലെ ചിരിയിൽ നിങ്ങളുടെ നിഷ്കളങ്കതയുണ്ടാകും. മറ്റൊരാളുടെ സ്വപ്നത്തിനുവേണ്ടി കൈപിടിച്ചുനടക്കുന്ന ആ കഥാപാത്രത്തിൽ നിങ്ങളുടെ ആത്മാർത്ഥതയുണ്ടാകും.        

ഒരു കഥയിലെ കഥാപാത്രമായി മാത്രമല്ല,  മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത പ്രിയപ്പെട്ട സുഹൃത്തായി.  യാത്രപറഞ്ഞു പോയെങ്കിലും  അവസാനിക്കാത്ത  സൗഹൃദമായി, ഓർമ്മകളുടെ വഴികളിലൂടെ ജയിംസ് ചേട്ടൻ എന്റെ മനസ്സിൽ നിന്ന് ചിരിച്ചു..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക