
ലിയോ പതിനാലാമൻ മാർപാപ്പയിൽ നിന്നു ഷെവലിയർ പദവി ഏറ്റുവാങ്ങിയ ആദ്യത്തെ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ പ്രഫസർ ഇഗ്‌നേഷ്യസ് ഗോൺസാൽവസിന്റെ ഇൻസ്റ്റലേഷൻ നവംബർ 22 ഞായറാഴ്ച്ച കൊച്ചി ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വരാപ്പുഴ ആർച്ബിഷപ് എമെറിറ്റസ് ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി.
സെന്റ് സിൽവെസ്റ്ററിന്റെ ഇക്വിസ്ട്രിയൻ ഓർഡറിൽ നൈറ്റ് ആയി ഇഗ്നേഷ്യസിനെ മാർപാപ്പ പ്രഖ്യാപിച്ചതായി ഓഗസ്റ്റ് 8നു വരാപ്പുഴ ആർച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിലായിരുന്നു പ്രഖ്യാപിച്ചത്.
മാർപാപ്പയിൽ നിന്നു നൈറ്റ് പദവി നേടുന്ന ആദ്യത്തെ ഇന്ത്യൻ മാധ്യമ പ്രവർത്തകനായ ഇഗ്നേഷ്യസിന്റെ 94 വയസുള്ള മാതാവ് എലിസബത്ത് നൂറുകണക്കിനു സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിനു സാക്ഷിയായി.

ഇൻസ്റ്റലേഷനു ശേഷം ആർച്ബിഷപ് ഫ്രാൻസിസ് കല്ലറക്കലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പുനലൂർ ബിഷപ് ഡോക്ടർ സിൽവസ്റ്റർ പൊന്നുംതാനം, വരാപ്പുഴ ഓക്സിലറി ബിഷപ് റൈറ്റ് റെവറന്റ് ഡോക്ടർ ആന്റണി വാലുങ്കൽ എന്നിവരും പങ്കാളികളായി.
അഞ്ചു പ്രൊവിൻഷ്യൽ സുപ്പീരിയർമാർ ഉൾപ്പെടെ അൻപതോളം വൈദികരും പങ്കെടുത്തു.
സൊസൈറ്റി ഓഫ് സെന്റ് പോൾ ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടൻ-അയർലൻഡ് പ്രൊവിൻസ് സുപ്പീരിയർ ഫാദർ ജോബി മാത്യു പ്രഭാഷണം നടത്തി.
അൾത്താരയിലേക്കു ആനയിച്ചാണ് മൂന്നു ബിഷപ്പുമാർ ചേർന്നു ഇഗ്നേഷ്യസിനെ ഷെവലിയറുടെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചത്. അതിനു ശേഷം പേപ്പൽ ആന്തം ആലപിച്ചു.
പിന്നീട് പാരിഷ് ഹാളിൽ നടന്ന പൊതുയോഗം ബിഷപ് പൊന്നുംതാനം ഉദ്‌ഘാടനം ചെയ്തു. ബിഷപ് വാലുങ്കൽ അധ്യക്ഷത വഹിച്ചു.
'മലയാള മനോരമ' പത്രാധിപ സമിതി അംഗമായിരുന്ന ഇഗ്‌നേഷ്യസ്, സ്ഥാപനം നടത്തുന്ന മാധ്യമ പരിശീലന കേന്ദ്രമായ മാസ്‌കോമിൽ പ്രഫസറും കോ-ഓർഡിനേറ്ററും ആയിരുന്നു. ലാറ്റിൻ സഭയുടെ 'ജീവനാദം' പത്രത്തിന്റെ ചീഫ് എഡിറ്ററായി 13 വർഷം പ്രവർത്തിച്ചു. ഷേക്കിന ടി വി യിൽ ചീഫ് ന്യൂസ് ഡയറക്റ്ററും ആയിരുന്നു.
സൈമൺ ഗോൺസാൽവാസിന്റെയും എലിസബത്ത് ജെക്കോബിയുടെയും പുത്രനായി മൂന്നാറിൽ ജനിച്ച ഇഗ്‌നേഷ്യസ് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.
Veteran journalist Ignatius Gonsalves receives Papal knighthood