
ന്യൂയോർക്ക് :- മലയാള സാഹിത്യം ഇന്ന് വളരെ ഗൗരവമായി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് പ്രവാസ ലോകത്താണെന്ന് പ്രശസ്ത സാഹിത്യകാരൻ ടി. ഡി രാമകൃഷണൻ അഭിപ്രായപ്പെട്ടു. മലയാള സാഹിത്യം ഇന്ന് കേരളത്തിൻ്റെ ഭുമിശാസ്ത്രപരമായ അതിരുകൾ ഭേദിച്ച് ഒരു ഗ്ളോബൽ സ്വഭാവം കൈവരിച്ചിരിക്കുന്നതിൽ സന്തോഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അബ്ദൂൾ പുന്നയൂർക്കുളത്തിൻ്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവൽ ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യാണ് നോവൽ ചർച്ച സംഘടിപ്പിച്ചത്.
ഒരു പ്രവാസയുടെ കുടുംബ- പ്രണയജീവിതവും അതിൽ അനുഭവിക്കേണ്ടി വരുന്ന സങ്കർഷങ്ങളെയും വളരെ സൂക്ഷ്മമായി നോവലിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതായി ടി. ഡി. രാമകൃഷ്ണണൻ അഭിപ്രായപ്പെട്ടു.

അമേരിക്കൻ ജീവിതം തനിക്ക് സമ്മാനിച്ച അനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയ നോവലാണിത്. ഇതിലെ ഓരോ അധ്യായവും മലയാളികളെ തങ്ങളുടെ കുടിയേറ്റ ജീവിതത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കുന്നതിനും ഓർമ്മകളെ പുതുക്കുന്നതിനും ഇടയാക്കും. അമേരിക്കൻ മലയാളിയുടെ വേദനയും സന്തോഷവും കുടുംബജീവിതവും ഒക്കെ ഇഴ ചേർത്ത് രൂപപ്പെടുത്തിയ ഈ നോവൽ വായനക്കാർക്ക് ഒരു നവ്യാനുഭവമായി മാറും.
ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ, വയലാർ അവാർഡും സാഹിത്യ അക്കാദമി അവാർഡു ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത മലയാള നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ ഈ നോവലിനെ വിലയിരുത്തി സംസാരിച്ചു. കൂടാതെ കേരളത്തിൽ നിന്നും ടി. മോഹൻ ബാബു, ന്യൂയോർക്കിൽ നിന്നും ലിൻഡ അലക്സാണ്ടർ, ഡാലസ്സിൽ നിന്നും മീനു എലിസബത്ത് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഈ നോവലിൻ്റെ എഴുത്തനുഭവം എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളം പങ്കുവെയ്ക്കുകയും വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ലാന സെക്രട്ടറി നിർമ്മല ജോസഫ് സ്വാഗതവും, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷാജു ജോൺ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവലിനെ അതികരിച്ചുള്ള ചർച്ചയും സംവാദവും 2026 നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 8 (CST) മണിക്ക് സൂം പ്ളാറ്റ് ഫോമിലാണ് നടന്നത്. അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യയിലെയും നിരവധി എഴുത്തുകാരും വായനക്കാരും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ചർച്ചയിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് സാമുവേൽ യോഹന്നാനിൽ (+1 214 435 0124) നിന്നും ലഭിക്കും.
വാർത്ത തയ്യാറാക്കിയത് - ബാജി ഓടംവേലി.