
വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിൽ ജൈനസമൂഹത്തിന്റെ വളർന്നുവരുന്ന രാഷ്ട്രീയ പ്രാതിനിധ്യം ഉയർത്തിക്കാട്ടി ക്യാപിറ്റോൾ ഹില്ലിൽ ദീപാവലി ആഘോഷം. ആറ് നിലവിലെ ജനപ്രതിനിധികളും ജൈനസമൂഹ നേതാക്കളും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ അടുത്ത കോൺഗ്രസിലേക്ക് രണ്ട് ജൈന അമേരിക്കക്കാർ തെരഞ്ഞെടുക്കപ്പെട്ടത് പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടി.
നവംബർ 17ന് വാഷിങ്ടണിലെ റേബേൺ ഹൗസ് ഓഫീസ് ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം ജൈന അമേരിക്കക്കാർ പങ്കെടുത്തു. നോർത്ത് അമേരിക്കയിലെ ജൈന സംഘടനകളുടെ ഫെഡറേഷൻ (JAINA) സംഘടിപ്പിച്ച ചടങ്ങ് ആദ്യ കോൺഗ്രസ് ജൈന ദീപാവലി ആഘോഷമായിരുന്നു.
ജൈനമതത്തിലെ 24-ാമത്തെ തീർത്ഥങ്കരനായ ഭഗവാൻ മഹാവീരന്റെ നിർവാണ കല്യാണകത്തെയും മോക്ഷപ്രാപ്തിയെയും അനുസ്മരിച്ചായിരുന്നു ആഘോഷം.
പ്രതിനിധികളായ ഗ്രേസ് മെങ്, ജൂഡി ചു, ശ്രീ തനേദാർ, ടോം സൊസി, സുഹാസ് സുബ്രഹ്മണ്യം, ജെയിംസ് വാക്‌ഷോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് ഏഷ്യൻ പസഫിക് അമേരിക്കൻ കോക്കസിന്റെ അധ്യക്ഷ ഗ്രേസ് മെങും മുൻ അധ്യക്ഷ ജൂഡി ചുവും ചടങ്ങിനെത്തിയത് ശ്രദ്ധേയമായി.
അരിസോണയിലെ ഒന്നാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അമീഷ് ഷായും ഫ്ലോറിഡയിലെ 22-ാം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പിയ ദണ്ഡിയയും ചടങ്ങിൽ പങ്കെടുത്തു. അടുത്ത കോൺഗ്രസിലെ അംഗങ്ങളായി ഇരുവരും എത്തുന്നത് അമേരിക്കൻ ജൈനസമൂഹത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിലെ നിർണായക മുന്നേറ്റമാണെന്ന് JAINA ചൂണ്ടിക്കാട്ടി.
വിർജീനിയ സ്റ്റേറ്റ് സെനറ്റർ കണ്ണൻ ശ്രീനിവാസൻ, വാഷിങ്ടൺ ഡിസി ഷാഡോ സെനറ്റർ അങ്കിത് ജെയിൻ, ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നാംഗ്യ സി. ഖമ്പ എന്നിവരും പങ്കെടുത്തു. സെനറ്റർ ക്രിസ് വാൻ ഹോളന്റെ സന്ദേശവും ചടങ്ങിൽ വായിച്ചു.
ദീപാവലി ആഘോഷത്തിനപ്പുറം അമേരിക്കയുടെ ദേശീയ ചരിത്രത്തിൽ ജൈന അമേരിക്കൻ സമൂഹത്തിനും അവരുടെ മൂല്യങ്ങൾക്കും സുപ്രധാന സ്ഥാനമുണ്ടെന്ന പ്രഖ്യാപനമായിരുന്നു ചടങ്ങെന്ന് JAINA പ്രസിഡന്റ് അതുൽ ഷാ പറഞ്ഞു. സേവനം, സംരംഭകത്വം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ ജൈന അമേരിക്കക്കാർ തലമുറകളായി നൽകിയ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.
പ്രാർത്ഥനകൾ, സാംസ്കാരിക പരിപാടികൾ, ദീപം തെളിക്കൽ എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. അഹിംസ, അനേകാന്തവാദം, സഹാനുഭൂതി, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയ ജൈനമത മൂല്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകി.
ജൈന ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ യുഎസ്എ ചെയർമാനും വിരമിച്ച യുഎസ് നേവി ക്യാപ്റ്റനുമായ ഡോ. സുശീൽ ജെയിൻ, യുവതലമുറയെ പൊതുസേവനത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും പ്രചോദിപ്പിക്കാൻ ഇത്തരം സംഗമങ്ങൾ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
1981ൽ സ്ഥാപിതമായ JAINA, അമേരിക്കയിലും കാനഡയിലുമായി 70ലധികം ജൈന കേന്ദ്രങ്ങളെയും ഏകദേശം രണ്ട് ലക്ഷം ജൈനരെയും പ്രതിനിധീകരിക്കുന്ന സംഘടനയാണെന്നാണ് അവകാശപ്പെടുന്നത്.