
ഫൊക്കാനയുടെ 2024 ലെ സുകുമാർ അഴീക്കോട് സാഹിത്യ പുരസ്ക്കാരം ലഭിച്ച കൃതിയാണ് ‘അഗ്നിച്ചീളുകൾ'. 'അനുഭവങ്ങളുടെ അരണി കടഞ്ഞ അഗ്നിയിൽ അനിവാര്യമായി സംഭവിക്കുന്ന ആശയ വിസ്ഫോടനങ്ങൾ' എന്ന ഉപശിർഷകത്തോടെയാണ് ഈ ലേഖനസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ശാസ്ത്ര, ചരിത്ര ദശാസന്ധികളിലേക്ക് മിഴി തുറന്ന് വ്യാപരിക്കുന്ന മികച്ച ലേഖനങ്ങളുടെ സമാഹാരമാണിത്. ഭാരതത്തിൻ്റെയും പ്രത്യേകാൽ കേരളത്തിൻ്റെയും താൻ അധിവസിക്കുന്ന അമേരിക്കയുടെയും ഭൂമികയിലൂടെയുള്ള എഴുത്തുകാരൻ്റെ സഞ്ചാരപദങ്ങളാണിത്.
യുദ്ധങ്ങളുടെയും യുദ്ധഭീഷണികളുടെയും കറുത്തിരുണ്ട ആകാശത്തുനിന്ന് അഭയാന്വേഷികളായ അരിപ്രാവിനെപ്പോലെ മനുഷ്യൻ്റെ മാറിലേക്ക് പറന്നിറങ്ങുന്ന ഭൂമിയെന്ന വർണ്ണ പക്ഷിക്കുവേണ്ടി പുതിയ കാലത്തിൻ്റെ ശിബി ചക്രവർത്തിമാരായി മനുഷ്യൻ മാറണമെന്ന എഴുത്തുകാരൻ്റെ ആഗ്രഹമാണ് ഈ വാക്കുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'അധീശ്വരത്തിലെ അർത്ഥരഹിത നിരാസങ്ങൾ' എന്ന ആദ്യലേഖനം തുടങ്ങിയിരിക്കുന്നത് ആട്ടിൻകുട്ടിയുടെയും ചെന്നായയുടെയും കഥ പറഞ്ഞാണ്. ആ കഥയിങ്ങനെയാണ്.
'ആരാണ് വെള്ളം കലക്കിയത് എന്ന ചെന്നായയുടെ ചോദ്യത്തിന് അർദ്ധപ്രാണനായിട്ടാണ് ആട്ടിൻകുട്ടി മറുപടി പറഞ്ഞത്.
"അടിയനല്ല"
ചെന്നായയുടെ ചോരക്കണ്ണുകളിൽ കത്തി നിന്ന അദമ്യമായ ആർത്തിയുടെ അർത്ഥമറിയാത്ത ആട്ടിൻകുട്ടി രക്ഷപെടാമെന്നാണ് കരുതിയത്.
"നീയല്ലെങ്കിൽ നിൻ്റെ അമ്മ. അതു മതി. അതു മാത്രം മതി നിന്നെ എനിക്ക് തിന്നാൻ"
ഇതൊരു വെറും കഥയല്ല, ഗഹനമായ ഒരു ലേഖനത്തിൻ്റെ തുടക്കമാണ്. ഈ തുടക്കം വായിച്ചാൽ ബാക്കി വായിക്കാതെ പോകാനാവില്ല. അധിനിവേശം യുദ്ധഭൂമിയിൽ മാത്രമല്ല, മനുഷ്യാവസ്ഥ മാറ്റുരയ്ക്കുന്ന ഏതൊരു വേദിയിലും ഈ കീഴ്പ്പെടുത്തൽ കാണുവാനാകും. അപരൻ്റെ അവകാശങ്ങളിൽ നിന്ന് അണുവിടയെങ്കിലും നിഷേധിക്കപ്പെടുന്നതും അവൻ്റെ നിലനിൽപ്പിനെ എത്ര നിസ്സാരമായിപ്പോലും ചോദ്യം ചെയ്യുന്നതും അവൻ്റെ മേലുള്ള അധിനിവേശമാണെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
'മഞ്ഞലോകത്തിൻ്റെ മായാലോകം' എന്ന ലേഖനത്തിൽ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ അടച്ചു പൂട്ടി വെച്ച 'മരിച്ചസമ്പത്ത് ' പുറത്തെടുക്കാനും ഉപയോഗിക്കാനും സാധിച്ചിരുന്നെങ്കിൽ പണ്ടേ ഇന്ത്യയൊരു സാമ്പത്തിക ശക്തിയായി വളർന്നു വികസിക്കുമായിരുന്നില്ലേ എന്ന് ലേഖകൻ ചോദിക്കുന്നുണ്ട്. മഞ്ഞലോഹത്തോട് അനാവശ്യമായ കമ്പം തോന്നുവാനായി സാഹചര്യമൊരുക്കിയ സമൂഹത്തെ മൊത്തമായി പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട്. കലയും ശാസ്ത്രവും സിനിമയും സർക്കാർ സംവിധാനങ്ങളും എല്ലാവരും കൂടി സമ്മാനിച്ചതാണ് സ്വർണ്ണക്കമ്പം എന്ന ഈ സാംസ്കാരിക അടിമത്വം. സ്വർണ്ണക്കുരിശും സ്വർണ്ണശൂലവുമായി മുന്നേറുന്ന മതങ്ങളെയും വിട്ടുകളഞ്ഞില്ല. സ്വർണ്ണം, മദ്യം, പുകയില എന്നിവയുടെയും അവയുടെ സഹവസ്തുക്കളുടെയും ഉപയോഗം പൂർണ്ണമായി വർജ്ജിക്കാൻ സാധിക്കുകയാണെങ്കിൽ 'ദാരിദ്ര്യം' എന്ന പ്രതിഭാസം ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്ന് ലേഖനം പറയുന്നു.
'എന്താണ് ജീവിതം എന്തിനാണ് ജീവിതം' ഒരു പ്രപഞ്ചം തന്നെ തുടിച്ചു നിൽക്കുന്ന ജീവിതം എന്ന മനോഹരമായ വാക്കിനേക്കുറിച്ചുള്ള ദാർശനിക ചിന്തയാണ് ഈ അധ്യായത്തിൽ. ഓരോ ജീവിക്കും അതറിയാതെ, അതിൻ്റെ അനുവാദമില്ലാതെ ലഭ്യമാകുന്ന അമൂല്യമായ ഒരു ഗിഫ്റ്റാണ് ജീവിതം എന്നു തൂടങ്ങി, ജീവൻ്റെയും ജീവിതത്തിൻ്റെയും സമസ്ത മേഖലകളെയും സ്പർശിച്ച്, ആത്മാക്കളുടെ സാധ്യതകളിലേക്കും ഒരെത്തിനോട്ടം നടത്തി ലേഖനം അതിമനോഹരമായി മുന്നേറിയിരിക്കുന്നു.
എന്താണ് ജീവിതം എന്തിനാണ് ജീവിതം എന്ന ദാർശനിക ചോദ്യത്തിന് എഴുത്തുകാരൻ്റെ സുഹൃത്തായിരുന്ന സാധാരണക്കാരനായ മുട്ടക്കാരൻ വർക്കിച്ചേട്ടൻ്റെ മുട്ടായുക്തിയിൽ പൊതിഞ്ഞ ഉത്തരമാണ് അടിവരയിടുന്നത്.

"വെറുതെയുള്ള ഒരു നഷ്ടക്കച്ചവടം. എന്തിനോ, ഏതിനോ വേണ്ടി. ഒരു പത്തു വർഷം, അതിൻ്റെ പാട് "
വർക്കിച്ചേട്ടൻ്റെ പത്തു വർഷത്തിൻ്റെ കണക്കും കഷ്ടപ്പാടിൻ്റെ മുട്ടായുക്തിയും എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. "ഓ..., പത്തു വർഷത്തെ പാടല്ലേയുള്ളൂ ?"
"എനിക്ക് പനി തരൂ, എല്ലാ രോഗങ്ങളും അതുകൊണ്ട് ഞാൻ സുഖപ്പെടുത്താം" എന്ന ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റിൻ്റെ വാക്കുകൾ 'എലിപ്പനിയും ഡെങ്കിപ്പനിയും പിന്നെ കുറെ പനികളും' എന്ന ലേഖനത്തിൻ്റെ കാതലായി ഉദ്ധരിച്ചിരിക്കുന്നു. പനി ഒരു മാരക രോഗമല്ല, പിന്നെയോ മറ്റു രോഗങ്ങൾ സുഖപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയാണ് എന്ന സത്യം അദ്ദേഹം ഈ വാക്കുകളിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയ കഫം പുറന്തള്ളാനാണ് പ്രാണൻ ജലദോഷം കൊണ്ടുവരുന്നത്. പ്രാണനോട് സഹകരിക്കുക, പഴങ്ങൾ കഴിച്ച് ലഘുപാനീയങ്ങൾ കുടിച്ച് വിശ്രമിക്കുക. ഒരാഴ്ച കൊണ്ട് പുറം തള്ളേണ്ടതിനെ പുറം തള്ളി ശരീരം ശുദ്ധമാകും എന്ന പ്രകൃതിചികിത്സാ മാർഗ്ഗവും മറ്റ് ആരോഗ്യ സംബന്ധിയായ വിഷയങ്ങളും ഹെൽത്ത് കെയർ മരുന്ന് മാഫിയായുടെ പകൽക്കൊള്ളയെക്കുറിച്ചുള്ള തുറന്നുകാട്ടലും ഈ ലേഖനത്തിൽ വിശദമായുണ്ട്.
മലയാള വേദിയുടെ അവാർഡ് ലഭിച്ച 'മഹാസമുദ്രതീരത്തെ മണൽത്തരികൾ' എന്ന ലേഖനവും 'ലാന' യുടെ പ്രത്യേക പുരസ്കാരം ലഭിച്ച 'സ്വപ്ന സൗധങ്ങൾ വീണടിയുമ്പോൾ' എന്ന ലേഖനവും ഈ പുസ്തകത്തിൽ വായിക്കാനാവും. ഭയത്തിൻ്റെ നിഴലിൽ ഒരു ലോകം, കൊടുങ്കാറ്റുകൾ ഇരമ്പുന്നു, പ്രഭാതമെവിടെ പ്രകാശമെവിടെ, ഭരണകൂട ഭീകരതയുടെ പ്രായോഗിക നേർസാക്ഷ്യങ്ങൾ, നന്മകൾ വിളയുന്ന ഭൂമി നമ്മുടെ നല്ല ഭൂമി, നമ്മുടെ നല്ല ഭാരതം, സഹ്യൻ്റെ താഴ്വരയിൽ സട കുടയുന്നു കേരളം, തുടങ്ങി വ്യത്യസ്തമായ വിഷയങ്ങൾ വിശകലനം ചെയ്യുന്ന ഈടുറ്റ ലേഖനങ്ങൾ വായിക്കാനാവും. ലേഖനങ്ങളുടെ ഭാഷ മനോഹരമായ പുഴ പോലെ ഒഴുകുന്നവയാണെന്ന് സാക്ഷ്യപ്പെടുത്താതിരിക്കാനാവില്ല,
ശാസ്ത്രീയം എന്ന പേരിൽ എഴുന്നെള്ളിച്ചുകൊണ്ടു വരുന്ന കെട്ടുകാഴ്ചകളിൽ മനം മയങ്ങി, നൈസർഗ്ഗിക സുരക്ഷിതത്വത്തിൻ്റെ പുറംതോട് പൊളിച്ചു കളഞ്ഞ് അപകടത്തിലാവുന്ന സാധാരണ മനുഷ്യന് വസ്തൂതകൾ തിരിച്ചറിയുവാൻ വേണ്ടി അവരോടൊപ്പം ചേർന്നുള്ള ഒരു ചർച്ചയുടെ ആമുഖമാണ് ഈ പുസ്തകത്തിലെ രണ്ടാം ഭാഗം.
'വലിയ ശാസ്ത്ര നിഗമനങ്ങളും ചില ചെറിയ സംശയങ്ങളും' എന്ന ലേഖനത്തിൽ ശാസ്ത്രനേട്ടങ്ങളുടെ തണലിൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മനുഷ്യവർഗ്ഗം ശാസ്ത്രത്തെ അംഗീകരിക്കേണ്ടതുണ്ട് ബഹുമാനിക്കേണ്ടതുണ്ട് എന്ന് സമ്മതിച്ചുകൊണ്ടു തന്നെ ഏതൊരു ശാസ്ത്രപ്രതിഭയും സാധാരണ മനുഷ്യരാണെന്ന് ഓർമ്മിപ്പിക്കുന്നു. ശാസ്ത്രം പുറത്തുവിട്ട നിഗമനങ്ങളിൽ ഒരു മനുഷ്യൻ്റെ, സാധാരണ നിരീക്ഷണത്തിന് നിരക്കാത്ത സംഗതികളാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. ചോറിൽ കല്ലുകടിച്ചാൽ ചോറിനെയോ കല്ലിനെയോ ശപിച്ചിരുന്നിട്ട് കാര്യമില്ല. കല്ല് ചോറിൽ വരാനുണ്ടായ സാഹചര്യങ്ങളും കാരണങ്ങളുമാണ് അന്വേഷിക്കേണ്ടത്, അതാണ് ഈ ലേഖനങ്ങൾ തേടുന്നതും.
'ആരാണ് ദൈവം, എന്താണ് ദൈവം' എന്ന ലേഖനത്തിൽ ദൈവത്തിൻ്റെ സംരക്ഷകർ എന്നവകാശപ്പെടുന്ന മതവക്താക്കളെയും ദൈവനിഷേധം ജീവിതവ്രതമാക്കിയ യുക്തിവാദികളെയും തിരുത്തിക്കുറിച്ചുകൊണ്ട് സത്യാന്വേഷിയായ ഒരു സാധാരണ മനുഷ്യൻ്റെ ദാർശനിക കണ്ടെത്തലുകളാണ് പിറവികൊണ്ടിരിക്കുന്നത്. ഒരേ ഒരു ദൈവം മാത്രമേയുള്ളുവെന്നും ആ ദൈവം സർവ്വപ്രപഞ്ചത്തിലുമായി നിറഞ്ഞു നിൽക്കുന്ന പ്രപഞ്ചാത്മാവ് എന്ന സജീവമായ ബോധാവസ്ഥ ആണെന്നും വിശദീകരിച്ചിരിക്കുന്നു.
നാം നക്ഷത്ര ധൂളികൾ, ദൈവകണം കണ്ടു പക്ഷേ ദൈവത്തെ കണ്ടില്ല, വഴി തെറ്റുന്ന ശാസ്ത്രം വഴി മുട്ടുന്ന ലോകം, ആനയെക്കണ്ട അന്ധന്മാരും അവരുടെ സ്വകാര്യ ബോധ്യങ്ങളും എന്നീ ലേഖനങ്ങളിലൂടെ ശാസ്ത്രസത്യങ്ങളോട് ഒരു സാധാരക്കാരനു ചോദിക്കാനുള്ളതൊക്കെ ചോദിച്ച് വായനക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
ജയൻ വർഗീസിൻ്റെ തന്നെ ആമുഖക്കുറിപ്പ് കൂടെ ചേർത്തിട്ടുണ്ട്. ഒന്നാം ഭാഗത്ത് 24 ലേഖനങ്ങളും രണ്ടാം ഭാഗത്ത് 6 ലേഖനങ്ങളുമായി ആകെ 30 വ്യത്യസ്ഥമായ ലേഖനങ്ങളുടെ ഈ സമാഹാരം 272 പേജുകളിലായി മംഗളോദയം ഗ്രീൻ ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 390 രൂപ.
ജയൻ വർഗീസ്
പതിനൊന്നാം വയസിൽ ആദ്യ കഥ പ്രസിദ്ധീകരിച്ചു കൊണ്ടാരംഭിച്ച സാഹിത്യ യാത്ര അനിവാര്യമായ നിയോഗം പോലെ ഇന്നും തുടരുന്നു. അശനി, അസ്ത്രം, ആലയം, കാഹളം, പ്രഭാതയാമം, ജ്യോതിർഗമയ / Towards The Light എന്നീ നാടകങ്ങളും സൂര്യജന്മം (കവിത), പാടുന്നു പാഴ്മുളം തണ്ടുപോലെ (ഓർമ്മക്കുറിപ്പുകൾ), അഗ്നിച്ചീളുകൾ (ലേഖനങ്ങൾ) തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി പ്രസിദ്ധീകരിക്കപ്പെട്ട പത്ത് പുസ്തകങ്ങളുടെ രചയിതാവാണ്.
1982 ൽ 'പ്രവാസം' എന്ന നാടകം ആകാശവാണിയുടെ ദേശീയ റേഡിയോ നാടകോത്സവത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട് ഹിന്ദിയടക്കം മിക്ക ഇന്ത്യൻ ഭാഷകളിലും പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി (1979 & 1982), സമസ്ത കേരള സാഹിത്യ പരിഷത്ത്, ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി, ആൾ ഇന്ത്യാ റേഡിയോ മുതലായ ഇന്ത്യൻ സ്ഥാപനങ്ങളുടെയും കൈരളി, മലയാള വേദി , ഫൊക്കാന, കേരളാ സെന്റർ മുതലായ അമേരിക്കൻ സ്ഥാപനങ്ങളുടെയും പതിനഞ്ചിലധികം സാഹിത്യ പുരസ്ക്കാരങ്ങൾ ജയൻ വർഗീസിന് ലഭിച്ചിട്ടുണ്ട്.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ യൂണിവേഴ്സിറ്റി ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ച ഏക കൃതിയുടെ രചയിതാവ് എന്ന നിലയിൽ (ജ്യോതിർഗമയ / Towards The Light published by CUNY / City University of New York) ഇതുവരെ ഒരു മലയാളിക്കും കൈവരിക്കാൻ കഴിയാത്ത വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്
അമേരിക്കയിലെയും ബ്രിട്ടനിലെയും ജർമ്മനിയിലെയും മലയാള മാധ്യമങ്ങളിൽ ഇന്നും സജീവ സാന്നിധ്യമാവുന്ന അദ്ദേഹത്തിന്റെ രചനകൾ മാനവികതയുടെയും മത നിരപേക്ഷകതയുടെയും സന്ദേശങ്ങൾ പ്രസരിപ്പിച്ചു കൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെയെക്കുറിച്ചുള്ള മനോഹര സ്വപ്നങ്ങളുടെ വാങ്മയ ചിത്രങ്ങളാണ്.
ഒരു സാധാരണ മനുഷ്യന്റെ എല്ലാ പരിമിതികളോടെയും പരാതികളില്ലാതെ ന്യൂയോർക്കിൽ ജീവിക്കുന്നു.
ഇമെയിൽ :- vkavalum@aol.com
Read More: https://www.emalayalee.com/writer/328