
ഓങ്കാരമാരോ മുഴക്കുന്ന വേദിയില്‍,
ആത്മപ്രഭാങ്കുരമായി,
ആയുസ്സിന്‍ നീളമളക്കുന്ന ശക്തിക്ക്
ജീവസ്പന്ദങ്ങളാല്‍ നന്ദി....
സര്‍വചരാചരസ്വരരാഗധാര,
സംഗീതസാന്ദ്രമായ് നീളെ,
കാറ്റായ്, മഴയായിടിയായ്, നിലയ്ക്കാത്ത-
സാഗരഗര്‍ജ്ജനമായി,
അട്ടഹാസങ്ങളും കളകൂജനങ്ങളും
ചിരിയും കരച്ചിലുമായി,
മന്നിന്‍ മടിത്തട്ടിലെന്നുമതിന്‍പൊരുള്‍
നന്ദി, നിരന്തരം നന്ദി...
സര്‍ഗ്ഗസൗന്ദര്യത്തികവാര്‍ന്ന നാള്‍ മുതല്‍,
സ്‌നേഹാര്‍ദ്ര ബന്ധനമേകി,
സൗഭഗതീരമണയ്ക്കുവാനീവഴി-
കൈപിടിച്ചാനയിക്കുന്ന,
ജീവദശകളെയൂട്ടി വളര്‍ത്തുന്ന,
മാറോടുചേര്‍ത്തണയ്ക്കുന്ന,
താങ്ങും തണലുമായ് വീഴാതെ കാക്കുന്ന,
രക്തബന്ധങ്ങളെ, നന്ദി...
പഞ്ചേന്ദ്രിയം വരമാകുമീ ജീവിതം,
പാവനമായ നിയോഗം,
വായുവും വെള്ളവും മണ്ണും വെളിച്ചവും-
സസ്യജാലങ്ങളുമൊത്തു,
സ്വര്‍ഗ്ഗം ചമച്ചിടുന്നോരോ ഋതുവിലും,
ജീവിക്കവകാശമായി;
നാവിനാല്‍ നന്ദിയോതാന്‍ കഴിയുന്നവന്‍,
മാനവനല്ലാതെയാര്?
ചിന്തയാല്‍, വാക്കാല്‍, പ്രവൃത്തിയാലേവര്‍ക്കും-
കൈവന്ന നന്മകള്‍ക്കെല്ലാം,
നിത്യം കൃതജ്ഞത ചൊല്ലാതെയെങ്ങനെ-
ജന്മം കൃതാര്‍ത്ഥമായ്ത്തീരും?
വായുകുടീരത്തിലേതു കാലത്തിലും-
താവളം തേടുവോര്‍ക്കെല്ലാം-
ദുഃഖസുഖമയ യാത്രയിലെപ്പോഴും,
പ്രത്യാശനല്‍കുന്നതാരോ,
താന്തരായ്ത്തീരുമ്പോഴൊക്കെ നിഗൂഢമായ്,
സാന്ത്വനമേകുന്നതാരോ?
ശ്വാസനിശ്വാസമായുള്‍ത്തുടി കൊട്ടുമാ-
കാരുണ്യമൂര്‍ത്തിക്ക് നന്ദി...
നന്ദി.... നിരന്തരം നന്ദി...!