Image

അമേരിക്കയിലെ കട്ടുറുമ്പ് (തമ്പി ആൻറണി)

Published on 20 November, 2026
അമേരിക്കയിലെ കട്ടുറുമ്പ് (തമ്പി ആൻറണി)

“ഇന്നുമുഴുവൻ മഴയാണ്. വെറുതെയാണെങ്കിലും ഒന്ന് അടുത്തിരുന്നെങ്കിൽ എന്ന് തോന്നി. ഒന്നിനുമല്ല,
വെറുതെയീ മോഹങ്ങൾ
എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാൻ മോഹം… ❤️
മനസ്സിൽ ഓ. എൻ. വി.യുടെ ആ പ്രണയഗാനത്തിന്റെ പ്രളയം! മഴയുടെ തണുപ്പിൽ പ്രണയവും കൂടി പെയ്തിറങ്ങിയപ്പോൾ ഒരു മൂഡ് കിട്ടാൻ രണ്ടെണ്ണം അടിച്ചു. അതിനുശേഷം ആന്റപ്പൻ തന്റെ കാമുകിമാർക്കായി ആ കവിത വാട്സാപ്പിൽ അയച്ചുകൊടുത്തു. ഒരാൾക്കല്ല, പലർക്കും! പക്ഷേ, സാങ്കേതികവിദ്യയുടെ മായാജാലം!
എങ്ങനെയോ ഒരു കോപ്പി ഭാര്യയ്ക്കും പോയ കാര്യം ആന്റപ്പൻ അറിഞ്ഞില്ല.
കുറച്ചുനേരം കഴിഞ്ഞപ്പോൾ കുളിച്ചൊരുങ്ങി, മുടിയിൽ മുല്ലപ്പൂവും ചൂടി, ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി ഭാര്യ മുന്നിൽ വന്നു.
ആന്റപ്പൻ ഞെട്ടി!
“എന്താ, ഇന്ന് വിശേഷിച്ച് ഈ സന്ധ്യാനേരത്ത് നല്ലപോലെ ഒരുങ്ങിയിട്ടുണ്ടല്ലോ?”
മുല്ലപ്പൂവിന്റെ സുഗന്ധം അവനെ ആദ്യരാത്രിയുടെ ഓർമ്മകളിലേക്ക് കൊണ്ടുപോയി. അവൾ കാലുകൊണ്ട് കളം വരയ്ക്കുമെന്നൊക്കെ പ്രതീക്ഷിച്ചു. പക്ഷേ, അതിന്റെ യാതൊരു ലക്ഷണവുമില്ല!
“ചേട്ടന്റെ കുറിപ്പ് കണ്ടു. ഒന്നടുത്തിരുന്നാൽ കൊള്ളാമെന്നു തോന്നി. അതിനുവേണ്ടി ഒരുങ്ങി വന്നതാ!”
അവൾ സ്നേഹപൂർവം അവന്റെ ചെവിയിൽ മന്ത്രിച്ചു.
ആന്റപ്പന്റെ ഉള്ളിൽ ഒരായിരം ഇടിമിന്നലുകൾ ഒന്നിച്ചു മിന്നി. പുറത്ത് മഴയും ഇടിയും. അകത്ത് ഹൃദയമിടിപ്പിന്റെ പെരുമ്പറ!
എങ്കിലും മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി ഭാര്യയെ അടുത്തിരുത്തി. അവൾ സ്നേഹപൂർവം കെട്ടിപ്പിടിക്കാനൊരുങ്ങി.
അപ്പോഴാണ് കോളിങ് ബെൽ മുഴങ്ങിയത്.
“ഈ നേരത്താരാണാവോ? ഈ അപശബ്ദം! മനുഷ്യന് സ്വസ്ഥമായിട്ടൊന്ന് ഇരിക്കാനും സമ്മതിക്കില്ല!”
“സ്വർഗ്ഗത്തിലെ കാട്ടുറുമ്പ്!” ആന്റപ്പൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.
“ഇതൊരു വെറും കട്ടുറുമ്പല്ല, കാട്ടുറുമ്പാണ്!” ഭാര്യയുടെ പരിഭവം.
“ആരായാലും ഇപ്പോൾ എനിക്ക് ദൈവദൂതനാണ്!”
ആന്റപ്പന്റെ ആത്മഗതം. അതവൾ കേട്ടില്ല. മഹാഭാഗ്യം!
എന്തായാലും രക്ഷപ്പെടാൻ കിട്ടിയ അവസരം പാഴാക്കാതെ ആന്റപ്പൻ വാതിൽ തുറക്കാനോടി.
വാതിൽ തുറന്നപ്പോൾ അതാ, കൂട്ടുകാരൻ അനൂപ്!
മുഖത്ത് ഒരു കള്ളച്ചിരി. കൈയിൽ ഒരു സിംഗിൾ മാൾട്ട് കുപ്പിയും!
“എന്താടാ അനൂപേ, ഈ സന്ധ്യാനേരത്ത്? ഒരു മുന്നറിയിപ്പുമില്ലാതെ?”
അനൂപ് അകത്തേക്ക് കയറുന്നതിനിടയിൽ പറഞ്ഞു:
“എടാ, നിന്റെ കുറിപ്പ് അവൾക്കു കിട്ടിയപ്പോൾ എന്നെ കാണിച്ചു. ആ പൊട്ടിക്കു കവിതയും സാഹിത്യം എന്നൊക്കെ പറഞ്ഞാൽ ചെകുത്താൻ കുരിശു കാണുന്നതുപോലെയാ.
അതുകൊണ്ടായിരിക്കും എന്നെ കാണിച്ചത്.“
”അതേതായാലും നന്നായി “ അന്തപ്പന് ആശ്വാസമായി. 
”ഞാനപ്പോഴേ അപ്പോഴേ ഒരു കുപ്പിയും എടുത്ത് ഇങ്ങോട്ട് പോന്നു!” അനൂപ് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.


അപകടമേഖല കഴിഞ്ഞല്ലോ എന്നോർത്തുകൊണ്ട്  ആന്റപ്പൻ അനൂപിനെ തുറിച്ചുനോക്കി.
“നല്ല ആൾക്കഹോളിക്കിന് പറ്റിയ വെതർ!” അനൂപ് പറഞ്ഞു.
“എടാ, നീയൊന്ന് പതുക്കെ സംസാരിക്ക്!”
“എന്താടാ? ഭാര്യ കേൾക്കരുതാത്ത എന്തെങ്കിലും ഞാൻ പറഞ്ഞോ?”
അപ്പോഴേക്കും ഭാര്യ അടുക്കളയിൽനിന്ന് പുറത്തുവന്നു.
അനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു:
“ചേച്ചീ, വിഷമിക്കേണ്ട. മഴയും തണുപ്പുമുള്ള ദിവസങ്ങളിൽ നാടിനെ ഓർമ്മിക്കാൻ കൂട്ടുകാർ ഒന്നിച്ചിരിക്കണം. അതൊരു പതിവാ! ഒരു സ്പിരിച്വാലിറ്റി!”
“അതല്ലേ കൈയിലിരിക്കുന്നത്! എന്നാൽ ഇനി നിങ്ങൾ രണ്ടുപേരും കൂടി തീർത്തോളൂ. ഞാൻ പോയേക്കാം!”
ആന്റപ്പൻ അനൂപിനെ ഒന്നു നോക്കി. അനൂപ് കുപ്പിയിലേക്കും!
“ദൈവമേ, ഒരു മെസ്സേജ് അയച്ചപ്പോൾ ഭാര്യയും വന്നു, കൂട്ടുകാരനും വന്നു. ഇനി ആരെങ്കിലും കൂടി വന്നാൽ ഈ വീട്ടിലൊരു പൊതുയോഗവും ഗാനമേളയും നടക്കും, അതുറപ്പാ!”
വീണ്ടും കോളിങ് ബെൽ!
മൂന്നുപേരും പരസ്പരം നോക്കി.
അനൂപ് സിംഗിൾ മാൾട്ട് മേശപ്പുറത്ത് വെച്ച് പറഞ്ഞു:
“എടാ, നിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായോ എന്നൊരു സംശയം! ഇനി ആരൊക്കെയാണ് വരുന്നതെന്ന് നോക്കാം. എന്തായാലും നമുക്കിന്ന് അടിച്ചുപൊളിക്കാം!”
ആന്റപ്പൻ പതുക്കെ ചോദിച്ചു:
“എടാ, ഇനി വേറെ കുറേ കാമുകിമാരും കൂടി വന്നാൽ നീ എന്തു ചെയ്യും?”
അനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു:
“അതിന് പേടിക്കാനെന്താടാ? കുപ്പിയുണ്ടല്ലോ! വന്നവരൊക്കെ കൂടി പങ്കിട്ടാൽ പോരേ? നമ്മുടെ സ്പിരിറ്റും കൂടി ചേരുമ്പോൾ സംഗതി സ്പിരിച്വൽ ആയിക്കോളും!
അതല്ലേ യഥാർത്ഥ സ്പിരിച്വാലിറ്റി, ആത്മീയത!”
അനൂപ് അന്തരീക്ഷത്തിലേക്ക് ഗ്ലാസ്സുയർത്തി.
“അപ്പോൾ ചിയേഴ്സ്!”
ഗുണപാഠം:
മഴയുള്ള ദിവസങ്ങളിൽ പ്രണയസന്ദേശങ്ങൾ അയയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ച് രണ്ടെണ്ണം അടിച്ചിട്ട് ഒരേ സന്ദേശം ഒന്നിലധികം പേർക്ക് അയയ്ക്കുമ്പോൾ!
ഡിജിറ്റൽ യുഗത്തിൽ പ്രണയത്തിന് സ്വകാര്യതയില്ല; ഒരു തെറ്റായ ക്ലിക്ക് മതി, ജീവിതം ഒരു കോഞ്ഞാട്ടയാകാൻ! 😂❤️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക