
കൊച്ചി: പ്രശസ്ത ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണെ അടുത്ത ജെയിംസ് ബോണ്ടായി (007) ഔദ്യോഗികമായി പ്രഖ്യാപിച്ച വാര്‍ത്ത ലോകമെമ്പാടും നിറഞ്ഞുനില്‍ക്കെ വേറിട്ട പരസ്യവുമായി കേരള ടൂറിസം. സിനിമാ ലോകത്തെ ഈ വലിയ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍, കേരളത്തിന്റെ തനത് ലഘുഭക്ഷണമായ ബോണ്ടയെ ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസം രസകരമായ പുതിയ പരസ്യ ചിത്രം പങ്കുവെച്ചത്.
പച്ച പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പരസ്യത്തില്‍ ചിത്രത്തിന് മധ്യത്തിലായി 'ദി നെയിം ഈസ് ബോണ്ട' (THE NAME IS BONDA) എന്ന് വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന് താഴെയായി രണ്ട് ബോണ്ടകളുടെ ചിത്രങ്ങളും തോക്കിന്റെ അടയാളമുള്ള '7' എന്ന അക്കവും ചേര്‍ത്താണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. ആവേശമുണര്‍ത്താന്‍ ലൈസന്‍സുള്ള ഒരു ലഘുഭക്ഷണം എന്ന കുറിപ്പോടെയാണ് കേരള ടൂറിസം പരസ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
കേരള ടൂറിസത്തിന്റെ ഈ പുതിയ പരസ്യത്തെ പ്രശംസിച്ച് ശശി തരൂരും രംഗത്തെത്തി. കേരള ടൂറിസത്തിന്റെ പരസ്യങ്ങള്‍ ദിനംപ്രതി കൂടുതല്‍ മികച്ചതായി മാറുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനായ ഈയാന്‍ ഫ്‌ലെമിംഗിനോടുള്ള ആദരസൂചകമായാണ് വൈകുന്നേരങ്ങളിലെ പ്രശസ്തമായ ലഘുഭക്ഷണമായ ബോണ്ടയെ കേരള
ടൂറിസം ഇതിലൂടെ പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒറ്റ ഇരുപ്പില്‍ ഇത്തരം ഏഴ് ബോണ്ടകള്‍ കഴിച്ചുതീര്‍ക്കുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേര്‍ത്തു.