Image

ബിജെപിയിൽ പോയത് തെറ്റായിപ്പോയി; രാജിവച്ച് പദ്മജ വേണുഗോപാല്‍

Published on 19 November, 2026
ബിജെപിയിൽ പോയത് തെറ്റായിപ്പോയി;  രാജിവച്ച് പദ്മജ വേണുഗോപാല്‍

തൃശൂര്‍: മുൻ മുഖ്യമന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ പ​ദ്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസ് വിട്ടാണ് പദ്മജ ബിജെപിയിൽ ചേർന്നിരുന്നത്. രാജിക്കത്ത് ഇമെയിൽ വഴി കൈമാറി. ബിജെപിയിൽ ചേർന്നത് തെറ്റായിരുന്നുവെന്നും അത് തിരുത്തുന്നുവെന്നും പദ്മജ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്‍റുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നതാണ് പുറത്തു ​വരുന്ന വിവരം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാ​ണ് പദ്മജ. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിലോ ചര്‍ച്ചകളിലോ പ​ദ്മജയുടെ സാന്നിധ്യ​മി​ല്ല.

സ്ഥാനമാനം ലഭിക്കാത്തതിനാലല്ല പാര്‍ട്ടി വിട്ടതെന്ന് പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആശയങ്ങള്‍ അറിയാതെയാണ് അതിലേക്ക് എടുത്തുചാടിയതെന്നും അത് തെറ്റായിപ്പോയെന്നും അവര്‍ പറഞ്ഞു

രാജിക്കാര്യം ആദ്യം സംസാരിച്ചത് സഹോദരന്‍ കെ മുരളീധരനോടാണ്. ചേട്ടനെ തിരിച്ചുകിട്ടിയെന്നും അതാണ് വലിയ സന്തോഷമെന്നും ഇനി മറ്റൊന്നും വേണ്ടെന്നും പത്മജ പറഞ്ഞു. കോണ്‍ഗ്രസിലെ പദവി കണ്ടല്ല ബിജെപിയില്‍ നിന്ന് രാജിവച്ചത്. തെറ്റുപറ്റിയാല്‍ അത് ഉറക്കെ വിളിച്ചുപറയണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ കെ കരുണാകരനായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ നരേന്ദ്രമോദിയെയോ അമിത് ഷായെയോ നേരില്‍ കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്‍ ദേവന്‍ ബിജെപി വിട്ടിരുന്നു.

'കരുണാകര സ്മൃതി കുടീരത്തിൽ സംഘികളുടെ നഗരികാണിക്കൽ നടത്തിയ പാപക്കറ  കഴുകി വെടിപ്പാക്കട്ടെ : സംഘിതാവളങ്ങളിൽ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ്'

കൊച്ചി: അധികാര മോഹത്താൽ പാർട്ടി വിട്ട് മറ്റ് പാളയങ്ങളിൽ പോയി തിരിച്ചുവരുന്നവർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ് എന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം  നിലപാട് വ്യക്തമാക്കിയത്. 

പത്മജയെ തിരികെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫടക്കം രംഗത്തെത്തിയപ്പോഴാണ് വേറിട്ട ശബ്ദവുമായി ജിൻറോ കളം പിടിച്ചിട്ടുള്ളത്. അവരുടെ പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടതാണെന്നും, തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ അല്പം കാത്തുനിൽക്കട്ടെയെന്നും ജിന്റോ ജോൺ കുറിപ്പിൽ ആവശ്യപ്പെടുന്നു.

രണ്ടര വർഷം മുൻപ് കോൺഗ്രസിൽ സ്ത്രീകൾക്ക് കസേരയില്ലെന്നും അവഗണന സഹിക്കാൻ വയ്യെന്നും പറഞ്ഞാണ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതെന്ന് ജിന്റോ ജോൺ ഓർമ്മിപ്പിച്ചു. എന്നാൽ സാധാരണ പ്രവർത്തകർ തെരുവിൽ പോരാടി കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചപ്പോൾ ബിജെപിയിൽ അവഗണന തോന്നുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പരിഹസിച്ചു. പത്മജ പോയപ്പോൾ ഒരൊറ്റ പ്രവർത്തകനെയോ അനുഭാവിയെയോ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും, കെ. കരുണാകരൻ എന്ന എക്കാലത്തെയും ലീഡറുടെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് അവർ അപമാനിച്ചതെന്നും ജിന്റോ ആരോപിച്ചു.

ആര് വന്നാലും സ്വീകരിക്കാമെങ്കിലും അതിന് പ്രവർത്തകർക്കും പൊതുജനങ്ങൾക്കും മനസ്സിലാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം സർവ്വസൗകര്യങ്ങളും അനുഭവിച്ച ശേഷം കൂടുതൽ മെച്ചങ്ങൾക്കായി പാർട്ടിയെ ഇട്ടെറിഞ്ഞു പോയവർ ഇനിയും ഉപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അകന്ന സാധാരണ പ്രവർത്തകർക്ക് പോലും തിരികെ വരാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്നിരിക്കെ, പ്രവർത്തകരെ ആക്ഷേപിച്ചു പോയവർക്ക് എളുപ്പത്തിൽ കയറിവരാനുള്ള ഇടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണമെന്നും ജിന്റോ ആവശ്യപ്പെട്ടു.

ഡോ ജിൻറോ ജോണിൻറെ ഫേസ്ബുക്ക് കുറിപ്പ്

പത്മജ വേണുഗോപാൽ രണ്ടര വർഷം മുൻപ് 'വലത്തോട്ട്' നോക്കിയപ്പോൾ കോൺഗ്രസിൽ സ്ത്രീകൾക്ക് കസേര ഇല്ലായിരുന്നുവത്രേ! 'ഒരുപാട് അപമാനവും അവഗണനയും വേദനയും സഹിച്ചാണ്' അവർ പതിറ്റാണ്ടുകൾ കോൺഗ്രസിൽ നിന്നതത്രേ!! അങ്ങനെ 'അവഗണന സഹിച്ച്' മടുത്തപ്പോൾ അവരെ ബിജെപിയിലേക്ക് ആകർഷിച്ചത് മോദിജി ആണത്രേ!!!

രണ്ടര വർഷത്തിനുള്ളിൽ കുറേയധികം മഴയും വെയിലും മഞ്ഞും കൊണ്ട് സാധാരണ പ്രവർത്തകർ തെരുവിൽ പോരാടിയതിന്റെ ഫലമായി ഇന്ന് കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ പത്മജക്ക് വീണ്ടും ബിജെപിയിൽ 'അവഗണന' തോന്നുന്നത് സ്വാഭാവികമാണ്. പത്മജ കോൺഗ്രസ് വിട്ടുപോയതിനിപ്പുറം അവർ മത്സരിച്ചു പരാജയപ്പെട്ട തൃശ്ശൂർ ഉൾപ്പെടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. അന്നവർ പോയപ്പോൾ സ്വന്തമായൊരു കസേര കൊണ്ടുപോകേണ്ടി വന്നു എന്നാണ് ഇന്നത്തെ കേൾവി. അതുകൊണ്ട് ബിജെപിയിലും അവർക്ക് കടുത്ത അവഗണനയായിരുന്നു. കൂടെയാളില്ലാത്തവരോട് അവഗണന കാണിക്കാതിരിക്കാൻ കോൺഗ്രസ്സല്ലല്ലോ ബിജെപി. പത്മജക്ക് ഒരൊറ്റ പ്രവർത്തകരേയോ അനുഭാവിയേയോ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും അന്നവർ കൊണ്ടുപോയത് കെ കരുണാകരൻ എന്ന എക്കാലത്തേയും ലീഡറുടെ പൊളിറ്റിക്കൽ ലെഗസി ആയിരുന്നു. അച്ഛന്റെ മരണശേഷം അത്രയും അപമാനം ആ മനുഷ്യന് നൽകാൻ മാത്രം ഈ മകൾക്ക് കഴിഞ്ഞു!

കെടിഡിസി ചെയർപേഴ്സണായും ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകളിലെ നിരവധിവട്ട സ്ഥാനാർത്ഥിത്വവും കെപിസിസിയുടെ 'ഉത്തരവാദിത്തപ്പെട്ട' ഉന്നതസ്ഥാനങ്ങളുമെല്ലാം നൽകിയെങ്കിലും 'കടുത്ത അവഗണന' എന്ന് പറഞ്ഞ് പുറത്തുപോയി സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും ഹൈക്കമാൻഡിനേയും പാർട്ടിയെ മൊത്തത്തിലും ആവോളം ആക്ഷേപിച്ചത് മറക്കാറായിട്ടില്ല. മാത്രമല്ല, കടുത്ത ഇസ്ലാമോഫോബിയ പറഞ്ഞും പരമ്പരാഗത സംഘികളോട് പോലും കിടപിടിക്കുന്ന വെറുപ്പിന്റെ - വിദ്വേഷത്തിന്റെ രാഷ്ട്രീയം വിളമ്പിയും നിറഞ്ഞാടിയ രണ്ടര കൊല്ലത്തിന്റെ മുറിവുകൾ ഉണങ്ങാറായിട്ടില്ല.

അവർ തിരിച്ചു വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ് എന്നുള്ള ചോദ്യത്തിന് ഉത്തരവുമില്ല. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം തെരുവിൽ കോൺഗ്രസിനോടൊപ്പം അവരുണ്ടായിരുന്നോ? അവരെത്ര ഉണ്ടായിരുന്നു? അവരെത്ര സമരക്കേസുകളിൽ പ്രതിയായിട്ടുണ്ട്? എത്ര വെയിൽ കൊണ്ടിട്ടുണ്ട്, പ്രയാസപ്പെട്ടിട്ടുണ്ട്? ഒന്നുമില്ല. പത്ത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വലിയ ഭൂരിപക്ഷത്തിൽ വന്നപ്പോൾ കോൺഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണ്.അധികാര അലങ്കാരമില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാകാത്തവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങൾ നൽകി അവരെ ഇനിയും 'അവഗണന' നൽകി വിഷമിപ്പിക്കല്ലേ എന്ന അഭ്യർത്ഥനയുണ്ട് നേതൃത്വത്തോട്.

ഒടുങ്ങാത്ത അധികാരാഗ്രഹങ്ങൾ മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി 'പരിഗണനകൾ' കൊടുക്കാൻ മാത്രം സ്ഥാനങ്ങൾ ഈ പാർട്ടിയിൽ ഇല്ലെന്നും തിരിച്ചറിയണം. മഴ മാറുമ്പോൾ കുടമടക്കി വച്ച് ഇറങ്ങിപ്പോയ പോലെ, വെയില് മാറിയപ്പോൾ ചോലയിൽ നിന്ന് ഇറങ്ങി നടന്നപോലെ പരമാവധി അവസരങ്ങൾ ആസ്വദിച്ച ശേഷം ആക്ഷേപിച്ചു ഇറങ്ങി നടന്നവർക്ക് പരവതാനിയിട്ട് സ്വീകരിക്കും മുൻപ് ഒരു പൊതുനിലപാട് ഉണ്ടാകണം. കാരണം അവർക്ക് ഈ പാർട്ടി വെറുമൊരു കുടയും തണലും മാത്രമായിരുന്നു. ഞങ്ങൾക്ക് ആത്മാഭിമാന ബോധത്തിന്റെ പ്രതീകവും പ്രത്യയശാസ്ത്ര ബോധ്യവും. സാധാരണ കോൺഗ്രസ് പ്രവർത്തകരാരും സംഘികളുടെ ട്രെയിനിംഗിൽ പങ്കെടുക്കാൻ ഒരാളേയും പറഞ്ഞുവിട്ടിട്ടില്ല. ആശ്രിത ആനുകൂല്യത്തിൽ മാത്രം കിട്ടിയതൊന്നും പോരാഞ്ഞ് അധ്വാനമില്ലാതെ കിട്ടിയതിന്റെ ആ അധിക ദഹനക്കേടിൽ പാർട്ടി വിട്ട് സംഘിത്താവളങ്ങളിൽ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകർക്കുള്ള അവസാന ഇടമല്ല കോൺഗ്രസ്.

ആമാശയ പൂരണത്തിനായി കടുത്ത വർഗീയതയും വിദ്വേഷവും വെറുപ്പും പറയുന്നവരുടെ വഴിയമ്പലമായി കോൺഗ്രസ്സിനെ മാറ്റരുത്. കരുണാകരന്റെ സ്മൃതി കൂടിരത്തിൽ സംഘികളുടെ നഗരികാണിക്കൽ നടത്തിയതിന്റെ പാപക്കറ കഴുകി വെടിപ്പാക്കട്ടെ ആദ്യം. സംഘിക്കൂടാരത്തിൽ നിന്ന് അവധി വാങ്ങും മുൻപ് അഡ്മിഷൻ എടുക്കാനുള്ള ഭാഗ്യാനേഷികളുടെ ആശ്രയകേന്ദ്രമല്ല കോൺഗ്രസ്സെന്ന് നിലപാട് പറയണം. പാവപ്പെട്ട പ്രവർത്തകരുടെ വിയർപ്പിന്റെ ഉപ്പുംകൂട്ടി പരമാവധി ഉണ്ടുവളർന്നവർ തോന്നിയപോലെ ഇറങ്ങിനടന്ന് തിരികെയെത്തുമ്പോൾ ബന്ധുതർക്കം തീർത്തു കൊടുക്കാൻ ഇത് കുടുംബസ്വത്ത് വീതംവയ്ക്കലല്ല എന്ന് ഓർമ്മിപ്പിക്കണം. ഈ പാർട്ടിക്ക് വേണ്ടി തെരുവിൽ പോരാടി ജയിച്ച മനുഷ്യരുടെ ആത്മാഭിമാനത്തിന്റേയും രാഷ്ട്രീയാന്തസ്സിന്റേയും ഓഹരി കൊടുക്കും മുമ്പ് ഞങ്ങൾക്കും കൂടി ബോധ്യപ്പെടണം. പറ്റിത്തീനികൾ ബാക്കിവച്ച കോൺഗ്രസ്സിനെ കൊണ്ട് കുറേ മനുഷ്യർ രാപകലുകൾ പോരാടി നേടിയ വിജയത്തിന്റെ പങ്കുപറ്റാൻ വരുന്നവരുടെ മുൻചെയ്തികളെ മറക്കാനുള്ള സമയമെങ്കിലും തരൂ. ഉന്നത നേതാക്കളുടെ ഒറ്റവിളിയിൽ മറക്കേണ്ടതല്ല ഞങ്ങളെപ്പോലുള്ള സാധാരണ പ്രവർത്തകർക്കേറ്റ മുറിവിന്റെയാഴം.

ഏതെങ്കിലും പഞ്ചായത്തിലെ പ്രാദേശിക അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ പാർട്ടിയുമായി അകന്ന പ്രവർത്തകർക്ക് പോലും തിരികെ വരാൻ ഒരുപാട് കടമ്പകൾ കടക്കണമെന്നിരിക്കെ സകല അധികാര സൗകര്യങ്ങളും കിട്ടിയതിന്റെ എല്ലിനിടയിൽകുത്ത് കൊണ്ട് പാർട്ടിയെ, പണിയെടുക്കുന്ന പ്രവർത്തകരെ ആക്ഷേപിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയപ്പോയവർക്കുള്ള എളുപ്പയിടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണം. തത്ക്കാല ഭാഗ്യാനേഷികളായി ബിജെപി വിടുന്നവർ ഒരല്പ്സമയം പുറത്തു നിൽക്കട്ടെ, പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തട്ടെ. ചിലർക്കൊക്കെ ഒരു ഹിതപരിശോധന വേണ്ടതല്ലേ? അവസര വാദത്തിന്റെ നാണംകെട്ട മാതൃകകൾക്ക് ഒരു പരിധിയൊക്കെയില്ലേയെന്ന് മനുഷ്യർ ചോദിക്കുമ്പോൾ ഞങ്ങൾക്ക്, പ്രവർത്തകർക്ക് ഉത്തരവും വേണ്ടേ?

ബിജെപിയോട് ഇ-മെയിലെങ്കിലും അയച്ച് രാജി പറയാനുള്ള മര്യാദ കാണിച്ച അവരന്ന് കോൺഗ്രസ്സിനെ തെരുവിൽ നിർത്തിയത് എത്രമാത്രം അവജ്ഞയോടെയാണെന്ന് ഓർമ്മപ്പെടുത്തണം. ആര് വന്നാലും നമുക്ക് സ്വീകരിക്കാം. പക്ഷേ അതിനെല്ലാം പ്രവർത്തകർക്കും സാമാന്യജനത്തിനും മനസ്സിലാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം കൂടി വേണ്ടതല്ലേ. ഇനിയുള്ള കാലമെങ്കിലും വിശ്വസിക്കാൻ പറ്റുന്നത്ര പശ്ചാതാപമുള്ള ധൂർത്തപുത്രരെന്ന് ബോധ്യപ്പെടുത്തട്ടെ. അവരൊന്നല്പ്പം കാത്ത് നിൽക്കട്ടെ. ക്ലാരിറ്റി വരുത്തട്ടെ. ഇനിയും ഇട്ടെറിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കട്ടെ. കോൺഗ്രസിനെ അടുത്ത പരിചയമില്ലാത്തവർ സിപിഎമ്മിൽ നിന്നും ബിജെപിയിൽ നിന്നും ഇങ്ങോട്ട് വരുന്നതുപോലെയല്ല പതിറ്റാണ്ടുകളോളം സർവ്വസൗകര്യങ്ങളും പറ്റി ഇവിടെ നിന്നവർ കൂടുതൽ 'മെച്ചങ്ങൾക്കായി' ഇടയ്ക്ക് ഇട്ടെറിഞ്ഞ് പോയി അലഞ്ഞുതിരിഞ്ഞ് തിരിച്ചുവരുന്നത്. ആ പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതിൽ തുറന്നിട്ടിരിക്കേണ്ട ഗതികേടിൽ കോൺഗ്രസ്‌ എത്തിയിട്ടില്ല. ഇതുവരേയും കോൺഗ്രസ്സിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിട്ടിക്കാർ അതുകൊണ്ട് പൊടിക്കൊന്നടങ്ങണം. അവരെ ഒന്ന് പുറത്ത് നിൽക്കാനെങ്കിലും അനുവദിക്കൂ സ്വാഗത കമ്മറ്റിക്കാരേ... കോൺഗ്രസ്സിൽ കിട്ടാത്ത 'സ്വാതന്ത്ര്യം' ആവോളം അനുഭവിച്ച ശേഷം പോരേ ഈ സ്വാഗതവിളമ്പരങ്ങൾ?

Join WhatsApp News
Sudhir Panikkaveetil 2026-11-19 15:02:05
പലരും പാർട്ടിയിൽ ചേരുന്നത് സ്വാർത്ഥ താല്പര്യങ്ങൾക്കാണ്. അല്ലാതെ ജനസേവനത്തിനല്ല. ജനം ഇവരെയൊക്കെ അവഗണിക്കയാണ് വേണ്ടത് അല്ലാതെ അവരുടെ അപദാനങ്ങൾ പാടുകയല്ല.
എ സി ജോർജ് 2026-11-19 17:38:49
അങ്ങോടുമിങ്ങോട്ടും തരം മാതിരി സ്വാർത്ഥ ലാഭത്തിനായി അണ്ടർവെയർ മാതിരി പാർട്ടി മാറുന്നവരെ, ഇത്തരം നാറുന്നവരെ ഒരിക്കലും ഇനിയെങ്കിലും തിരിച്ചെടുക്കരുത് എടുക്കരുത്. ഇവിടെ വെയിലും മഴയും സഹിച്ച പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സാധാരണക്കാർ ഉണ്ട് അവർക്ക് ചാൻസ് കൊട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക