Image

അമ്പതുവർഷത്തെ സാംസ്കാരിക സേവനനിറവിൽ കെ.സി.എ.എൻ.എ.; സുവർണജൂബിലിക്ക് വർണാഭമായ സമാപനം

വർഗീസ് കോരസൺ Published on 19 November, 2026
അമ്പതുവർഷത്തെ സാംസ്കാരിക സേവനനിറവിൽ കെ.സി.എ.എൻ.എ.; സുവർണജൂബിലിക്ക് വർണാഭമായ സമാപനം

ന്യൂയോർക്ക്: അരനൂറ്റാണ്ടിന്റെ സാംസ്കാരിക പ്രവർത്തനങ്ങളും സമൂഹസേവനവും അടയാളപ്പെടുത്തി കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ.) സുവർണജൂബിലി സമാപനാഘോഷം നടന്നു. നവംബർ 14 ശനിയാഴ്ച എൽമോണ്ടിലെ സെന്റ് വിൻസന്റ് ഡി പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ അംഗങ്ങളും കുടുംബങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. പൊതുസമ്മേളനം, കലാസാംസ്കാരിക പരിപാടികൾ, ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവ ആഘോഷത്തിന്റെ ഭാഗമായി.

അസോസിയേഷൻ പ്രസിഡന്റ് റെജി കുര്യൻറെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുസമ്മേളനം ന്യൂയോർക്ക് സ്റ്റേറ്റ് അസ്സെംബ്ലിമാൻ എഡ്‌വേഡ്‌ ബ്രൗൺസ്റ്റെയിൻ ഉത്‌ഘാടനം ചെയ്തു.നോർത്ത് ഹെമ്പ്സ്റ്റഡ് ടൌൺ ക്ലാർക്ക് രാഗിണി ശ്രീവാസ്തവ, നസ്സോ കൗണ്ടി ലെജിസ്ലേറ്റർ തോമസ് മക്‌കെവിറ്റ്, സ്റ്റേറ്റ് അസിസ്റ്റന്റ് കോംപെട്രോളർ ജോസഫ് ഗാലൻറ്റെ എന്നിവർ ആശംസകൾ നേർന്നു.അസോസിയേഷൻ സെക്രട്ടറി ബാഹുലേയൻ രാഘവൻ സ്വാഗതം ആശംസിച്ചു.

1976-ൽ സ്ഥാപിതമായ കെ.സി.എ.എൻ.എ., കഴിഞ്ഞ അമ്പതുവർഷമായി ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലും മലയാളികളുടെ സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഭാഷയും സാംസ്കാരിക പൈതൃകവും നിലനിർത്തുന്നതിനും വേദിയൊരുക്കിവരുന്നു. ആദ്യകാല പ്രവർത്തകരുടെ ദീർഘവീക്ഷണവും തുടർന്നുവന്ന നേതൃത്വങ്ങളുടെ സമർപ്പണവും സംഘടനയുടെ വളർച്ചയ്ക്ക് അടിത്തറയായി എന്ന് പ്രസിഡന്റ് റെജി കുര്യൻ പ്രസ്ഥാപിച്ചു.

ന്യൂയോർക്ക് നഗരപരിധിക്കുള്ളിലെ സംഘടനയുടെ സ്വന്തം ആസ്ഥാനം ഈ പ്രവർത്തനങ്ങളുടെ വലിയ കരുത്താണ്. ഒത്തുചേരലുകൾക്കും കലാസാംസ്കാരിക പരിപാടികൾക്കും സാമൂഹിക ഇടപെടലുകൾക്കും സ്ഥിരമായ ഇടം നൽകുന്ന ഈ കേന്ദ്രം, പ്രവാസികൾക്കും വരുംതലമുറകൾക്കും കേരളവുമായുള്ള ബന്ധം നിലനിർത്താനുള്ള വേദികൂടിയാണ്.

വൈകിട്ട് നാലിന് സൗഹൃദസംഗമത്തോടെയും ലഘുഭക്ഷണത്തോടെയും ആഘോഷപരിപാടികൾ ആരംഭിച്ചു. തുടർന്ന് ആഘോഷഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സംഘടനയുടെ മുൻ പ്രസിഡന്റുമാരെയും സമൂഹത്തിന് വ്യക്തിഗത സംഭാവനകൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.

അരനൂറ്റാണ്ടിന്റെ വളർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചവരുടെ സേവനങ്ങളെ അനുസ്മരിക്കാനും അംഗീകരിക്കാനുമുള്ള അവസരമായി ആദരിക്കൽ ചടങ്ങ് മാറി.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫോമ പ്രതിനിധി ബിജു ചാക്കോ, കോരസൺ വർഗീസ് എന്നിവർ ആശംസകൾ നേർന്നു.

സംഗീതവും നൃത്തവും നാടകീയ അവതരണങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ കേരളത്തിന്റെ സാഹിത്യ–സാംസ്കാരിക പൈതൃകം വേദിയിലെത്തിച്ചു. വള്ളത്തോൾ, കുമാരനാശാൻ, ചങ്ങമ്പുഴ തുടങ്ങിയ കവികളുടെയും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ നവോത്ഥാന നായകരുടെയും സ്മരണകൾ ഉണർത്തിയ അവതരണങ്ങൾ ആഘോഷത്തിന് പ്രത്യേക മിഴിവേകി. നൂപുര ഡാൻസ് സ്കൂളിന്റെയും നടനം ഡാൻസ് സ്കൂളിന്റെയും നൃത്താവതരണവും മറ്റു കലാപരിപാടികളും അരങ്ങേറി.

സുവനീർ എഡിറ്റർ മാത്യു ജോഷ്വയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ സുവർണജൂബിലി സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. സുവനീർ കവർ ഡിസൈൻ മത്സരത്തിൽ വിജയിച്ച ടെയനീ കുരിയൻ പുരസ്‌കാരം സ്വീകരിച്ചു. സംഘടനയുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് റെജികുര്യൻ നിർവഹിച്ചു. ശബരിനാഥ് നായരും ഷെറിൻ  എബ്രഹാമും, അലൻ അജിത്തും, ആൻ മേരി കുര്യനും ആയിരുന്നു അവതാരകർ.

പ്രസിഡന്റ് റെജി കുര്യൻ, സെക്രട്ടറി ബാഹുലേയൻ രാഘവൻ, ട്രഷറർ റിനോജ് കോരുത്ത്, വൈസ് പ്രസിഡന്റ് സോസമ്മ ആൻഡ്രൂസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, ജോയിന്റ് ട്രഷറർ ജൂബി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ജനറൽ കൺവീനർ അജിത് കൊച്ചുകുടിയിൽ, സുവനീർ കോർഡിനേറ്ററും എഡിറ്ററുമായ മാത്യു ജോഷ്വ, ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ ഫിലിപ്പ് മഠത്തിൽ, സാംസ്കാരിക പരിപാടികളുടെ കമ്മിറ്റി കോർഡിനേറ്റർ ശബരിനാഥ് നായർ, രാജു ഏബ്രഹാം, ഏബ്രഹാം പുത്തുശ്ശേരി എന്നിവരടങ്ങുന്ന ആറംഗ സുവർണജൂബിലി കോർഡിനേഷൻ സമിതി സംഘാടനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

ജനറൽ കൺവീനർ അജിത് കൊച്ചുകുടിയിൽ നന്ദി രേഖപ്പെടുത്തി. കൂട്ടായ്മയുടെ കരുത്തും കലാപ്രതിഭകളും സംഘാടനമികവും പ്രകടമാക്കിയ സുവർണജൂബിലി ആഘോഷം സ്നേഹവിരുന്നോടെ സമാപിച്ചു.

വാർത്ത നൽകുന്നത്:
വർഗീസ് കോരസൺ
പബ്ലിക് റിലേഷൻസ് ഓഫീസർ, കെ.സി.എ.എൻ.എ.

അമ്പതുവർഷത്തെ സാംസ്കാരിക സേവനനിറവിൽ കെ.സി.എ.എൻ.എ.; സുവർണജൂബിലിക്ക് വർണാഭമായ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക